Flash News

6/recent/ticker-posts

തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കിടെ താഴെയിറക്കി

Views
ചെന്നൈ: എയർ ഇന്ത്യ വിമാനം സാങ്കേതിക തകര‌ാർമൂലം അടിയന്തരമായി താഴെയിറക്കി. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് താഴെയിറക്കിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
കഴിഞ്ഞദിവസം സാങ്കേതിക തകരാർ കാരണം രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ യാത്ര റദ്ദാക്കിയിരുന്നു. ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന വിമാനത്തിന്റെ എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. 175 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇതേദിവസം തന്നെ പൂനെയിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോവുകയായിരുന്ന എഐ 858 വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ ലഗേജ് ട്രാക്ടറിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. 180ഓളം യാത്രക്കാരും ജീവനക്കാരുമാണ് അപകടസമയം വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചത്. അപകടത്തിൽ വിമാനത്തിന്റെ മുൻവശത്തിനും ലാൻഡിംഗ് ഗിയറിനും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് പിന്നീട് ഡൽഹിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുള്ളതായി ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചിട്ടില്ല.യാത്രക്കാരുടെ ലഗേജും മറ്റ് സാധനങ്ങളും വിമാനത്താവളത്തിൽ നിന്നും വിമാനത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ടഗ് ട്രാക്‌ടറുകൾ. അവശ്യഘട്ടങ്ങളിൽ വിമാനങ്ങളെ റൺവേയിലേക്ക് വലിച്ചുകൊണ്ടുവരാനും ടഗ് ട്രാക്‌ടറുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വിമാനത്തെ ട്രാക്കിലേക്ക് വലിച്ചുകൊണ്ട് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ഡി ജി സി എ പറഞ്ഞു.


Post a Comment

0 Comments