Flash News

6/recent/ticker-posts

കോഴിക്കോട്ടുനിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ്: രണ്ടു കമ്പനികള്‍ തയാർ

Views

കോഴിക്കോട്: കേരളത്തിനും ഗൾഫ് നാടുകൾക്കും ഇടയിൽ യാത്രാ കപ്പൽ സർവിസ് നടത്തുന്നതിന് രണ്ടു കമ്പനികൾ തയാർ. കേരള മാരിടൈം ബോർഡുമായി ഒന്നാംഘട്ട ചർച്ച നടത്തിയ ഈ കമ്പനികൾ ഉടനെ വിശദമായ പദ്ധതി രേഖ സമർപ്പിക്കുമെന്ന് ബോർഡ് ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.

കേരളത്തിൽ നിന്നുള്ള രണ്ടെണ്ണമടക്കം നാലു കമ്പനികൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ രണ്ടു കമ്പനികൾ പിൻമാറി. കോഴിക്കോട് ജബൽ വെഞ്ചേഴ്സുമായും ഒരു തമിഴ്‌നാട് കമ്പനിയുമായും ചർച്ച നടന്നു. വലിയ കപ്പലുകൾ വാടകയ്ക്ക് എടുത്ത് സർവിസ് നടത്താൻ തയാറാണെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കും.

യാത്രാ കപ്പൽ സർവിസുമായി ബന്ധപ്പെട്ട് ഗൾഫ് മലയാളികൾക്കിടയിൽ ഓൺലൈൻ സർവേ മാരിടൈം ബോർഡ് നടത്തിയിരുന്നു. ടിക്കറ്റ് നിരക്ക് 20,000 രൂപയിൽ താഴെയാകണമെന്നതടക്കമുള്ള നിർദേശങ്ങളും ഇതിൽ ലഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് വിദേശ നാടുകളിലേക്ക്
നിലവിൽ യാത്രാ കപ്പൽ സർവിസ് ഇല്ല. ദുബൈയിലേക്ക് കേരളത്തിൽ നിന്ന് 1550 നോട്ടിക്കൽ മൈൽ ദൂരമുണ്ട്. മൂന്നു ദിവസത്തിലേറെ എടുക്കുന്ന യാത്രക്ക് വലിയ ആഡംബര കപ്പലുകളേ ഉപയോഗിക്കാനാവൂ.

വിനോദവും സാഹസികതയും ഒപ്പം സാധാരണ യാത്രയും ലക്ഷ്യം വെക്കുന്ന പദ്ധതിക്കാണ് മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചത്. മൂന്നിലേറെ ദിവസം എടുക്കുന്ന യാത്രയായതിനാൽ വിനോദ വിശ്രമ സൗകര്യം അനിവാര്യമാണെന്ന നിലയിലാണ് ഇങ്ങനെ ചെയ്‌തത്‌. ആഡംബരം ആവശ്യമുള്ളവർക്ക് അതിന് അവസരം നൽകുകയും വെറും യാത്ര ഉദ്ദേശിക്കുന്നവർക്ക് അത് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ടിക്കറ്റും ഈ നിലയിൽ പല തട്ടിലാകും. സാധാരണ ഗൾഫ് യാത്രക്കാർക്ക് ആശ്രയിക്കാവുന്ന കപ്പൽ ആയിരിക്കുമ്പോൾ തന്നെ കേരളത്തിലേക്ക് സമ്പന്ന ടൂറിസ്റ്റുകളെ എത്തിക്കുന്ന പദ്ധതിയുമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.


Post a Comment

0 Comments