Flash News

6/recent/ticker-posts

കുഞ്ഞാലിക്കുട്ടി പിന്മാറിയാല്‍ ലീഗിന്റെ രാജ്യസഭാ സീറ്റ് ആര്‍ക്ക്; പ്രതീക്ഷയോടെ യൂത്ത് ലീഗ്

Views


കോഴിക്കോട്: രാജ്യസഭാ സീറ്റില്‍ ആര് മല്‍സരിക്കണമെന്നതു സംബന്ധിച്ച് മുസ്ലിം ലീഗില്‍ ചര്‍ച്ച സജീവമായി. ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് സീറ്റില്‍ കണ്ണ് വച്ച് പലരും രംഗത്തെത്തിയത്. യുവാക്കള്‍ക്ക് പ്രാതിനിധ്യമുണ്ടാകണമെന്ന പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ നിലപാടിന് അംഗീകാരമുണ്ടായാല്‍ യൂത്ത്‌ലീഗ് നേതാക്കള്‍ക്ക് നറുക്ക് വീഴും.

മാറിനില്‍ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് മനംമാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് പോകുമെന്ന പ്രചാരണത്തിലെ അപകടസാധ്യത തിരിച്ചറിഞ്ഞാണ് സാദിഖലി തങ്ങള്‍കൂടി ഇടപെട്ട് പൊടുന്നനെ നിഷേധ പ്രസ്താവന നടത്തിയത്.

ലോക്‌സഭാ അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചതിലുള്ള ജനങ്ങളുടെ എതിര്‍പ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിച്ചെന്ന് മുന്നണിയില്‍തന്നെ വിലയിരുത്തലുണ്ടായതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇക്കുറിയും പ്രതികൂലമായാല്‍ ഇത്തരം ചര്‍ച്ചകള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കും എന്നതോടൊപ്പം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുമെന്നത് കൂടി കണക്കെലടുത്താണ് മാറിനില്‍ക്കുന്നതായി കുഞ്ഞാലിക്കിട്ടി പ്രഖ്യാപിച്ചത്.

അതോടൊപ്പം, മുതിര്‍ന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ ലോക്‌സഭയിലുണ്ടാകുമെന്നതിനാല്‍ അദ്ദേഹത്തെ അവഗണിക്കാനുമാകില്ല. പാര്‍ട്ടി ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ പേരും ചര്‍ച്ചയിലുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ സീറ്റ് പ്രതീക്ഷിച്ച സലാമിന് കെ.പി.എ. മജീദിന്റെ രംഗപ്രവേശമാണ് തടസ്സമായത്.

ചില പ്രവാസി വ്യവസായികളും സീറ്റിനായി ചരട് വലികള്‍ നടത്തുന്നുണ്ട്. എന്നാല്‍, യൂത്ത് ലീഗില്‍ നിന്നും അണികളില്‍ നിന്നും കടുത്ത എതിര്‍പ്പ് വരുമെന്നതിനാല്‍ പാര്‍ട്ടി നേതൃത്വം നിലവിലെ സാഹചര്യത്തില്‍ അതിന് പച്ചക്കൊടി കാണിക്കാന്‍ ഇടയില്ല



Post a Comment

0 Comments