Flash News

6/recent/ticker-posts

ലാ നിനയും ഐഒഡിയും ഒന്നിച്ച്; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രളയം

Views


തിരുവനന്തപുരം: ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത്തവണ കേരളത്തെ പ്രളയം വിഴുങ്ങിയേക്കും. ആഗസ്ത് മാസത്തോടെ പെരുമഴയ്ക്ക് കാരണമാവുന്ന ഇരട്ട പ്രഹരമാണ് സംസ്ഥാനത്തുണ്ടാവുകയെന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നു. ’ലാ നിന’ പ്രതിഭാസത്തിനൊപ്പം ‘പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെ പോള്‍’ (ഐ.ഒ.ഡി) പ്രതിഭാസം കൂടി ആഗസ്ത് മാസത്തില്‍ കേരളത്തിലെത്തും. ഇത്തരം പ്രതിഭാസങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമഴയും ചെറുമേഘവിസ്‌ഫോടനങ്ങളും സൃഷ്ടിക്കുമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

കാലവര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ എത്തുന്ന ഈ അപൂര്‍വ്വ പ്രതിഭാസം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസ്വീകരിച്ചില്ലെങ്കില്‍ വീണ്ടുമൊരു പ്രളയത്തിലേക്ക് കേരളം എടുത്തെറിയപ്പെടും. വേനല്‍ മഴ ഒന്ന് ശക്തമായപ്പോഴേക്കും കേരളത്തിലെ പല നഗരങ്ങളും മുങ്ങുന്ന സാഹചര്യമാണ് നിലവില്‍.

ഒരു നൂറ്റാണ്ടിനിടയിലെ ചൂട് കൂടിയ വര്‍ഷമാണ് കടന്നു പോയത്. അതിന് കാരണമായ ‘എല്‍ നിനോ’ പ്രതിഭാസം ഏപ്രിലോടെ പിന്‍വാങ്ങി പകരം മഴക്ക് അനുകൂലാവസ്ഥ സൃഷ്ടിക്കുന്ന ലാ നിന ആഗസ്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെയാണ് പോസിറ്റീവ് ഐ.ഒ.ഡിയുടെ സൂചന. 2019ലും ഐ.ഒ.ഡി കേരളത്തില്‍ സംഭവിച്ചിരുന്നു. അന്നാണ് കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കിയ ലഘുമേഘവിസ്‌ഫോടനമുണ്ടായത്. അന്ന് ലാ നിന പ്രതിഭാസമുണ്ടായിരുന്നില്ല. ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങള്‍ ഒരുമിച്ച് വരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരതരമാക്കും.

അശാസ്ത്രീയ നിര്‍മാണങ്ങളും കൈയേറ്റവുംമൂലം നിലവില്‍ സംസ്ഥാനത്ത് അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍പോലും തലസ്ഥാന ജില്ലയടക്കം മുങ്ങുന്ന സ്ഥിതിയാണ്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ കാലത്ത് ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ പ്രവചനം.

എന്താണ് പോസിറ്റീവ് ഐ.ഒ.ഡി

‘എല്‍ നിനോ’യുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മഹസുദ്രത്തിലുണ്ടാകുന്ന പ്രതിഭാസമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡെ പോള്‍. മൂന്നുതരമാണ് ഐ.ഒ.ഡി. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍. പോസിറ്റീവ് ഐ.ഒ.ഡി അറബിക്കടലിന്റെ ചൂട് അസാധാരമായി കൂട്ടും. ഇതുമൂലം മൂലം അമിതമായി ഉ്ല്‍പ്പാദിപ്പിക്കപ്പെടുന്ന നീരാവി അന്തരീക്ഷത്തിലുയര്‍ന്ന് കുമുലോ നിംബസ് എന്ന മഴ മേഘങ്ങള്‍ക്ക് രൂപം നല്‍കും. സാധാരണഗതിയില്‍ കുമുലോ നിംബസിന്റെ വിസ്തൃതി രണ്ട് മുതല്‍ രണ്ടര കിലോമീറ്റര്‍ വരെയാണെങ്കില്‍ ഐ.ഒ.ഡിയുടെ ഫലമായി അത് ഏഴ് കിലോമീറ്റര്‍ വരെ വര്‍ധിക്കും. നിനച്ചിരിക്കാതെ മഴ കോരിച്ചൊരിയാന്‍ ഇത് കാരണമാവും. ഉരുള്‍ പൊട്ടല്‍, മിന്നില്‍ പ്രളയം തുടങ്ങിയവയാവും ഇതിന്റെ പ്രത്യാഘാതങ്ങള്‍.



Post a Comment

0 Comments