Flash News

6/recent/ticker-posts

റഹീമിന് വധശിക്ഷയിൽനിന്ന് മോചനം, 34 കോടിയുടെ ചെക്ക് റിയാദ് കോടതിയിൽ എത്തി

Views

റിയാദ് : വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനം റിയാദ് കോടതിയിലെത്തി. റിയാദ് ഗവർണറേറ്റിൽനിന്നുള്ള 34 കോടി രൂപയുടെ(15 മില്യൺ റിയാൽ) ചെക്കാണ് റിയാദിലെ കോടതിയിൽ എത്തിയത്. പെരുന്നാൾ അവധിയിലാണ് കോടതി. അവധി കഴിഞ്ഞ് കോടതി പ്രവർത്തനം തുടങ്ങിയാൽ ഇരുകക്ഷികൾക്കും ഹാജരാകാനുള്ള നോട്ടീസ് അയക്കും. തിയതിയും സമയവും അറിയിച്ചുള്ള നോട്ടീസാണ് കോടതിയിൽനിന്ന് നൽകുക. ഇരുവിഭാഗവും കോടതിയിൽ എത്തി, ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവെക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും. ഈ മാസം അവസാനത്തോടെ റഹീമിനെ മോചിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചയക്കും. ജയിലിൽനിന്ന് നേരിട്ട് നാട്ടിലേക്കായിരിക്കും അയക്കുക.

വധശിക്ഷ എന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറുന്നുവെന്ന് വാദിഭാഗം കോടതിയില്‍ പറയുന്നതോടെ മോചന നടപടികള്‍ തുടങ്ങും. വധശിക്ഷ എന്ന കുടുംബത്തിന്റെ ആവശ്യത്തില്‍നിന്ന് മോചനദ്രവ്യത്തിലേക്ക് വഴി തുറന്ന വാദിഭാഗം അഭിഭാഷകന് നിശ്ചയിച്ച ഏഴര ലക്ഷം നേരത്തെ കൈമാറിയിരുന്നു.

അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്.വധശിക്ഷയിലെ സ്വകാര്യ അവകാശം പിന്‍വലിച്ച് അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്. റഹീം മോചനത്തിലെ ഏറ്റവും സുപ്രധാന നടപടിയായിരുന്നു ഇത്.

നാട്ടില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് 15 മില്യന്‍ റിയാല്‍ ഇന്ത്യന്‍ എംബസിയുടെ എകൗണ്ടിലെത്തിയത്. തുടര്‍ന്ന് ആരുടെ പേരിലാണ് ചെക്ക് കൈമാറേണ്ടത് എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസ്, മരിച്ച സൗദി പൗരന്റെ അനന്തരാവകാശികള്‍ എന്നിങ്ങനെ നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ഒടുവില്‍ ചീഫ് ജസ്റ്റിസിന്റെ പേരിലേക്ക് ചെക്ക് തയ്യാറാക്കുകയായിരുന്നു. ആ ചെക്കാണ് ഇപ്പോൾ കോടതിയിൽ എത്തിയത്.

2006 നവംബര്‍ 28നാണ് സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്‌റി കൊല്ലപ്പെടുന്നത്. ഡിസംബറില്‍ അബ്ദുറഹീമിനെ മലസ് ജയിലിലേക്ക് മാറ്റി. 201-ൽ നിയമപോരാട്ടം തുടങ്ങി. 2011 ഫെബ്രുവരി രണ്ടാം തിയതി റിയാദ് ജനറല്‍ കോടതി റഹിമിന് വധശിക്ഷ വിധിച്ചു. റഹീം നിയമസഹായസമിതി എംബസിയുമായി സഹകരിച്ച് വിധിക്കെതിരെ അപ്പീല്‍ പോയി. 2017 നവംബര്‍ ഒന്നിന് അബ്ദുറഹീമിന്റെ അപ്പീല്‍ സ്വീകരിച്ച് അനുകൂല വിധി വന്നു. അതിന്റെയടിസ്ഥാനത്തില്‍ ജനറല്‍ കോടതിയുടെ ഭൂരിപക്ഷ ബെഞ്ച് വധശിക്ഷ റദ്ദ് ചെയ്തു. ഈ വിധിക്കെതിരെ വാദിഭാഗം റിയാദ് ക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ പോയതിന്റെ ഫലമായി റിയാദ് ക്രമിനല്‍ കോടതി പ്രസ്തുത വിധി സ്റ്റേ ചെയ്തു.

വാദി ഭാഗത്തിന്റെ അപ്പീല്‍ പരിഗണിച്ച് 2019 ഒക്ടോബര്‍ 31ന് അബ്ദുറഹീമിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയിലെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി വന്നു. അതിനെതിരെ റഹീം നിയമസഹായ സമിതിയും എംബസിയും റിയാദ് അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. 2020 ജനുവരി 21ന് അപ്പീലില്‍ വിചാരണ തുടങ്ങുകയും 2021 നവംബര്‍ പതിനേഴിന് കോടതി അപ്പീല്‍ തള്ളുകയും വധശിക്ഷ ശരിവെച്ച് റഹീമിന് എതിരായി വിധി പ്രസ്താവിക്കുകയും ചെയ്തു.

2022 ഓഗസ്റ്റ് 4 ന് പ്രസ്തുത വിധിക്കെതിരെ റഹീം നിയമ സഹായ സമിതി അഭിഭാഷകര്‍ മുഖേന സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതി അപ്പീല്‍ തള്ളുകയായിരുന്നു. 2022 നവംബര്‍ 15ന് സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ച് ഉത്തരവായി. മിസ്ഫര്‍ അല്‍ഹാജിരി, ഉസാമ അബ്ദുല്ലത്തീഫ് അല്‍അന്‍ബര്‍, അലി അല്‍ലിഹീദാന്‍ എന്നിവരായിരുന്നു പ്രതിഭാഗത്തിന്റെ അഭിഭാഷകര്‍.


Post a Comment

0 Comments