Flash News

6/recent/ticker-posts

സുരേഷ് ഗോപി പാരയാവുമോ? സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് പേടി; തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ശോഭ സുരേന്ദ്രൻ

Views
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്നതിന്റെ ആഹ്ലാദത്തിനിടയിലും ബിജെപിയിൽ ഉൾപ്പാർട്ടി പോര് മൂർഛിക്കുന്നു. 
എംപി സ്ഥാനത്തിനൊപ്പം മന്ത്രിപദവി കൂടി കരസ്ഥമാക്കുന്നതോടെ ഇത്രയും കാലം പാർട്ടിക്ക് വേണ്ടി വെള്ളംകോരിയ തങ്ങൾ വെറും കറിവേപ്പില ആയി മാറുമോ എന്ന ഭയത്തിലാണ് സംസ്ഥാന നേതാക്കൾ. മറുവശത്ത് തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ചിലർ കളിച്ചു എന്ന ആരോപണവുമായി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

ആലപ്പുഴയിൽ ശോഭ സുരേന്ദ്രനെ തോൽപിക്കാൻ ഒരു മുതിർന്ന നേതാവും സംസ്ഥാന ഭാരവാഹിയും ശ്രമിച്ചെന്ന ആരോപണം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തിയപ്പോൾ പര്യടനത്തിൽ നിന്ന് ആലപ്പുഴ ഒഴിവാക്കാൻ ചിലർ കരുക്കൾ നീക്കിയെന്നാണ് ശോഭയുടെ പരാതി. പ്രചാരണ രംഗത്ത് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന് അവർ പരാതി നൽകിയതായി വിവരമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിൻ്റെ തൊട്ടടുത്ത ദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ശോഭ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടടുത്ത മണ്ഡലത്തിൽ മൽസരിച്ച വി മുരളീധരനെ ഉന്നമിട്ടാണ് ശോഭയുടെ ആരോപണം.

പത്തനംതിട്ടയിൽ അനിൽ ആന്ററണിയെ ജില്ലാ നേതൃത്വം അവഗണിച്ചതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഫല പ്രഖ്യാപനദിവസം സ്ഥലത്തുണ്ടായിട്ടും ബിജെപി ഓഫിസിലേക്ക് അനിൽ എത്തിയിയിരുന്നില്ല. ഫലം വന്നതിനു ശേഷം പി.സി. ജോർജ് അനിലിനെതിരെ രൂക്ഷവിമർശനം നടത്തിയതും ആഭ്യന്തര തർക്കം മൂർഛിക്കാനിടയാക്കിയിട്ടുണ്ട്.

മാവേലിക്കരയിൽ ബിഡിജെഎസ് സ്ഥാനാർഥി
വോട്ടുവിഹിതം 2.25% വർധിപ്പിച്ചെങ്കിലും
തൊട്ടടുത്ത മണ്ഡലങ്ങളിൽ എൻഡിഎ
ഉണ്ടാക്കിയ നേട്ടത്തിന്
ഒപ്പമെത്തിയില്ലെന്നാണു പരാതി. കോട്ടയത്ത്
ബിജെപി ശക്തികേന്ദ്രമായ ഏറ്റുമാനൂരിൽ
ബിഡിജെഎസ് സ്ഥാനാർഥിക്ക് വേണ്ട വോട്ട്
കിട്ടിയില്ലെന്നാണു മറ്റൊരു പരാതി. പാലക്കാട്
പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാഞ്ഞതും
ചർച്ചയായി. തിരുവനന്തപുരത്ത് ബിജെപി
മുന്നേറിയെങ്കിലും വട്ടിയൂർക്കാവ് അടക്കമുള്ള
മേഖലകളിലെ വോട്ട് ചോർന്നതും
ചർച്ചയായിട്ടുണ്ട്.
കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ സംസ്ഥാനത്തെ പാർട്ടിയിൽ സുരേഷ് ഗോപിയുടെ സ്വാധീനം വർധിക്കും. ഇത് തങ്ങൾക്ക് പാരയാവുമോ എന്നാണ് നേതൃത്വത്തിൽ ചിലരുടെ ഭയം. കെ സുരേന്ദ്രനെ രാജ്യസഭയിലേക്ക് മൽസരിപ്പിക്കാൻ നീക്കമുള്ളതായി വിവരമുണ്ട്. പക്ഷേ ഇതിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടുകൊടുക്കാൻ സുരേന്ദ്രൻ തയ്യാറല്ല. അതേ സമയം, രാജ്യസഭാ സീറ്റ് സുരേന്ദ്രന് നൽകുകയാണെങ്കിൽ സംസ്ഥാന പ്രസിഡന്റ് പദവി തനിക്ക് കിട്ടണമെന്നാണ് ശോഭയുടെ നിലപാട്. എന്നാൽ, ശോഭയ്ക്ക് മറ്റ് ഉന്നത പദവികൾ എന്തെങ്കിലും നൽകി ഒതുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കാൻ മണ്ഡലത്തിൽ മൽസരിച്ചു തോറ്റ രാജീവ് ചന്ദ്രശേഖർ തീരൂമാനിച്ചിട്ടുണ്ട്. സുരേഷ് ഗോപി മോഡൽ പ്രവർത്തനത്തിലൂടെ അടുത്ത തവണ മണ്ഡലം പിടിക്കാനാണ് നീക്കം. രാജീവ് ചന്ദ്രശേഖറിനെ പോലുള്ള ഒരു വ്യവസായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതും മറ്റു നേതാക്കൾ ആശങ്കയോടെയാണ് കാണുന്നത്.



Post a Comment

0 Comments