Flash News

6/recent/ticker-posts

ചാമക്കയം പുഴയോര പാർക്ക് വീണ്ടും ഇരുട്ടിൽ: സാമൂഹ്യ വിരുദ്ധർക്കും ലഹരി മാഫിയക്കും ഇവിടെ സസുഖം വാഴാം...

Views
പാണക്കാട് : ചാമക്കയം പുഴയോര പാർക്ക് വീണ്ടും ഇരുട്ടിൽ. ഒരു മാസത്തോളമായി പാർക്കിലെ വിളക്കുകൾ അണഞ്ഞിട്ട്. വയറിങ്ങിലെ അപാകത മൂലം സുരക്ഷാഭിത്തിയുടെ ഗ്രില്ലിൽ ഷോക്കുണ്ടായതിനാൽ ഇവിടേക്കുള്ള കണക്ഷൻ കെ എസ് ഇ ബി വിഛേദിച്ചതാണ് വിളക്ക് അണയാൻ ഇടയാക്കിയത്. പാർക്കിലെ ലൈറ്റുകൾ അറ്റകുറ്റ പണി നടത്തി ഉദ്ഘാടനം നടത്തിയിട്ട് ഒരു വർഷം കൂടിയായിട്ടില്ല. ഗ്രില്ലിൽ ഷോക്കടിക്കുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കെ എസ് ഇ ബി വൈദ്യുതി ബന്ധം വിഛേദിച്ചത്.
       വർഷങ്ങളായി അണഞ്ഞ് കിടക്കുന്ന തെരുവ് വിളക്കുകൾ നിലവിലെ ഭരണ സമിതിയെത്തിയതിന് ശേഷം 5 ലക്ഷം രൂപ തനത് ഫണ്ട് വകയിരുത്തിയാണ് നന്നാക്കിയത്. പ്രവൃത്തി ടെൻഡർ എടുത്ത സ്വകാര്യ ഏജൻസിക്ക് പുതിയ ലൈറ്റുകൾ സ്ഥാപിക്കാനും വയറിങ്ങ് അടക്കമുളളവ നടത്താനുമാണ് 5 ലക്ഷം നൽകിയത്.
     എന്നാൽ വയറിങ്ങ് പുതുതായി നടത്തിയില്ലെന്നും പഴയ വയറിങ്ങ് നിലനിർത്തി ചില്ലറ അറ്റകുറ്റപണികൾ നടത്തുകയും പഴയ ലൈറ്റുകൾ മാറ്റി പുതിയ 100 വാട്ട്സിന്റെ 40 ലൈറ്റുകൾ സ്ഥാപിച്ചെന്നുമാണ് പറയപ്പെടുന്നത്. പ്രവർത്തി നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
           ഇപ്പോൾ തകരാറ് സംഭവിച്ച ലൈറ്റിന്റെ ടൈമറിലെ ഉപകരണങ്ങളുടെ ഗ്യാരണ്ടി കഴിഞ്ഞതിനാൽ ഇവ നന്നാക്കി നൽകാനാവില്ലെന്ന് പറഞ്ഞ് ഏജൻസി കയ്യൊഴിയുകയാണ്.
     വയറിങ്ങും ടൈമറും നന്നാക്കിയാൽ ലൈറ്റ് പുന:സ്ഥാപിക്കാവുന്നതേയുള്ളൂ.
       വൈദ്യുതി ഷോക്ക് വരുന്നത് ഒഴിവാക്കി വയറിങ്ങ് നന്നാക്കി നൽകിയാൽ വൈദ്യുതി പുന:സ്ഥാപിച്ച് തരാമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്. ഒട്ടേറെ പേർ പ്രഭാത-സായാഹ്ന നടത്തത്തിനെത്തുന്ന പാർക്കാണിത്.
ഇരുട്ടായതിനാൽ സാമൂഹ്യവിരുദ്ധരുടെയും, ലഹരി മാഫിയകളുടെയും താവളമാണ് ഇപ്പോൾ ഈ പാർക്ക്‌.


Post a Comment

0 Comments