Flash News

6/recent/ticker-posts

ബ്രസീലിനെ സമനിലയില്‍ തളച്ച് കൊളംബിയ; ഇനി നോക്കൗട്ട് സ്‌റ്റേജ്

Views


കാലിഫോര്‍ണിയ: ആവേശപ്പോരില്‍ മഞ്ഞപ്പടയെ സമനിലയില്‍ തളച്ച് കൊളംബിയ. കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബ്രസീല്‍ കൊളംബിയ മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. 12-ാം മിനിറ്റില്‍ റഫീന്യയുടെ ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെതിരേ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡാനിയല്‍ മുനോസ് ആണ് മറുപടി ഗോള്‍ നല്‍കിയത്. ഇതോടെ മൂന്ന് കളികളില്‍ നിന്ന് ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചു പോയന്റുള്ള ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി.

കഴിഞ്ഞ മത്സരത്തില്‍ മഞ്ഞക്കാര്‍ഡുകണ്ട വിനീഷ്യസ് ജൂനിയറും ലൂക്കാസ് പക്വേറ്റയും ആദ്യപതിനൊന്നില്‍ ഉള്‍പ്പെട്ടേക്കില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നിര്‍ണായക മല്‍സരമായതിനാല്‍ കോച്ച് ഡോറിവല്‍ ജൂനിയര്‍ ഇരുവരെയും കളത്തിലിറക്കി. എന്നാല്‍ കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ മഞ്ഞക്കാര്‍ഡ് കണ്ട വിനീഷ്യസിന് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമാകും. മുന്നേറ്റ നിരയിലെ തുരുപ്പ് ചീട്ടായ വിനീഷ്യസിന്റെ അഭാവം ടീമിന് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കും്.

കളിയുടെ തുടക്കം മുതല്‍ തന്നെ ബ്രസീല്‍ ആക്രമിച്ചു കളിച്ചു. ആദ്യ മിനിറ്റില്‍ തന്നെ ബോക്സിലേക്കു വന്ന റഫീന്യയുടെ ക്രോസിനൊപ്പമെത്താന്‍ പക്ഷേ ബ്രസീല്‍ താരങ്ങള്‍ക്കാര്‍ക്കും സാധിച്ചില്ല. തൊട്ടടുത്ത മിനിറ്റുകളില്‍ റോഡ്രിഗോയും വീനീഷ്യസുമെല്ലാം കൊളംബിയന്‍ ബോക്സിലേക്ക് പന്തുമായെത്തിയെങ്കിലും ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസ് ഉറച്ചുനിന്നു.

തുടക്കത്തിലെ ബ്രസീല്‍ ആക്രമണങ്ങളില്‍ പകച്ചുപോയ കൊളംബിയ വൈകാതെ തന്നെ താളംകണ്ടെത്തി. ഏഴാം മിനിറ്റില്‍ കൊളംബിയയുടെ ആദ്യ ആക്രമണമെത്തി. പന്തുമായി മുന്നേറിയ മച്ചാഡോയില്‍ നിന്ന് ജെയിംസ് റോഡ്രിഗസിലേക്കു പന്തെത്തി. എന്നാല്‍ താരത്തെ വിനീഷ്യസ് ഫൗള്‍ ചെയ്തു. ഈ ഫൗളിനാണ് വിനീഷ്യസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. പിന്നാലെ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.

12-ാം മിനിറ്റില്‍ ബ്രസീല്‍ മുന്നിലെത്തി. മികച്ചൊരു ഫ്രീകിക്കിലൂടെ റഫീന്യ പന്ത് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ ഷോട്ട് ഗോളി വാര്‍ഗാസിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. ഗോള്‍വീണതോടെ കൊളംബിയന്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 19-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്ന് സാഞ്ചസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ താരം ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.

എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഡാനിയല്‍ മുനോസിലൂടെ കൊളംബിയ ഒപ്പംപിടിച്ചു. ജോണ്‍ കോര്‍ഡോബ നല്‍കിയ പന്ത് മുനോസ് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലുടനീളം ബ്രസീല്‍ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റഫീന്യയും റോഡ്രിഗോയും വിനീഷ്യസും മികച്ച മുന്നേറ്റങ്ങള്‍ പലതും നടത്തിയിട്ടും ഫലമുണ്ടായില്ല. കളിയുടെ അവാസന സെക്കന്റില്‍ ബ്രസീലിന് കോര്‍ണര്‍ ലഭിച്ചെങ്കിലും കിക്കെടുക്കും മുമ്പ് റഫറി വിസിലൂതി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്ക ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പാരഗ്വായെ കീഴടക്കി. ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇതോടെ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി.

ആദ്യ ക്വാര്‍ട്ടര്‍ വെള്ളിയാഴ്ച്ച
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ജൂലൈ 5ന് തുടക്കമാവും. വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം 6.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ ഇക്വഡോറിനെ നേരിടും. ശനിയാഴ്ച്ച(രാവിലെ 6.30) വെനസ്വേലയും കാനഡയും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍.

ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തിയ കൊളംബിയയും ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പാനമയും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ മല്‍സരം ഞായറാഴ്ച്ച പുലര്‍ച്ചെ 3.30നാണ്. അന്ന് തന്നെ രാവിലെ 6.30ന് നടക്കുന്ന അവസാന ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ബ്രസീലും ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വേയും തമ്മില്‍ ഏറ്റുമുട്ടും.Post a Comment

0 Comments