Flash News

6/recent/ticker-posts

നൂറു ദിവസം നൂറ് പദ്ധതികള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി; ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും

Views

തിരുവനന്തപുരം: നൂറു ദിവസത്തെ പ്രത്യേക കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകൾ വിതരണംചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നും പലിശയുടെ കാര്യത്തിൽ ഇളവ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണസമ്മാനമായി നൂറുദിവസം നൂറ് പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, അത് സമയബന്ധിതമായി നടപ്പാക്കും എന്ന ഉറപ്പുകൂടിയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാന പ്രഖ്യാപനങ്ങൾ

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറ് രൂപ വീതം വർധിപ്പിക്കും. പെൻഷൻ മാസം തോറും വിതരണം ചെയ്യും.
നൂറു ദിവസത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും
ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയർത്തും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
നൂറു ദിവസങ്ങളിൽ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും
സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ സ്കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കും. 250 പുതിയ സ്കൂൾകെട്ടിടങ്ങളുടെ പണി ആരംഭിക്കും.
എൽപി സ്കൂളുകൾ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.
അഞ്ചു ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂർത്തികരിക്കും.
11400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ തുറക്കും
കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും
കോളേജ് ഹയർ സെക്കൻഡറി മേഖലകളിൽ ആയിരം പുതിയ തസ്തികകൾ സൃഷ്ടിക്കും
15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും
5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും
189 പൊതുമരാമത്ത് റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കും
158 കിമി കെഎസ്ടിപി റോഡുകൾ, 21 പാലങ്ങൾ എന്നിവയും ഉത്ഘാടനം ചെയ്യും
41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും
ഒന്നരലക്ഷം പേർക്ക് കുടിവെള്ള കണക്ഷൺ
പത്ത് സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും
ശബരിമലയിൽ 23 കോടിയുടെ മൂന്ന് പദ്ധതികൾ
15 പോലീസ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യും. 15 സൈബർ സ്റ്റേഷനുകളും തുടങ്ങും
കയറുൽപാദനത്തിൽ 50 ശതമാനം വർധന കൈവരിക്കും
മത്സ്യഫെഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കും
നിലയ്ക്കലിൽ കുടിവെള്ള പദ്ധതി ആരംഭിക്കും


Post a Comment

0 Comments