Flash News

6/recent/ticker-posts

ബാബറി മസ്ജിദ് വിധി നാളെ; എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും കോടതിയിലെത്തില്ല

Views

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പ്രസ്താവിക്കും. കേസിലെ പ്രതികളും മുതിര്‍ന്ന ബിജെപി നേതാക്കളുമായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ നാളെ കോടതിയില്‍ വിധി കേള്‍ക്കാനെത്തില്ല. 

വിധി പറയുന്ന ദിവസം എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെത്ത് ഇത് സാധ്യമാകില്ല. 92 വയസുള്ള എല്‍.കെ.അദ്വാനിയും, 86 വയസുള്ള മുരളി മനോഹര്‍ ജോഷിയും ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടിയിട്ടുണ്ട്. കോവിഡ് ബാധിച്ച ഉമ ഭാരതി നിലവില്‍ ആശുപത്രിയിലാണ്. കല്യാണ്‍ സിങ് അടുത്തിടെയാണ് കോവിഡ് മുക്തനായത്. കേസിലെ മറ്റൊരു പ്രധാന പ്രതി രാമക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാല്‍ദാസാണ്. 

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. കുറ്റക്കാരിയാണെന്ന് വിധിച്ചാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കില്ലെന്നാണ് ഉമാ ഭാരതി അടുത്തിടെ പറഞ്ഞത്.

സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2017-ലാണ് കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ തുടങ്ങിയത്. 2019-ല്‍ വിധി പ്രസ്താവിക്കേണ്ടതായിരുന്നെങ്കിലും പലകാരണങ്ങളാല്‍ വൈകുകയായിരുന്നു. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാറാണ് വിധി പറയുക.


Post a Comment

0 Comments