Flash News

6/recent/ticker-posts

ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണം, തദ്ദേശ തെരഞ്ഞെടുപ്പ് താൽകാലികമായി മാറ്റിവെയ്ക്കണം-സർവകക്ഷിയോഗം

Views


കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോടഭ്യർത്ഥിക്കാൻ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ താൽക്കാലികമായി അൽപം മാറ്റിവെക്കാനും എന്നാൽ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യർത്ഥിക്കാനും ധാരണയായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിന്നാലാം കേരള നിയമസഭയുടെ കാലാവധി2021മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കാനുള്ള സാധ്യതയാണുള്ളത്.2011ലും2016ലും ഏപ്രിലിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതുവെച്ച് കണക്കാക്കിയാൽ2021മാർച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരാനാണ് സാധ്യത. 2020നവംബറിൽ കുട്ടനാട്,ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ പകുതിയോടെ നടന്നാൽ മൂന്ന് പൂർണ്ണ മാസങ്ങൾ (ഡിസംബർ,ജനുവരി,ഫെബ്രുവരി) മാത്രമേ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാനായി ലഭിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ചെലവും മറ്റ് ബാധ്യതകളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ സമയം തുലോം തുച്ഛമാണ്. മൂന്നു മൂന്നര മാസത്തേക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാ അംഗത്തിന് കാര്യമായ ഒരു പ്രവർത്തനവും കാഴ്ചവയ്ക്കാൻ സമയമുണ്ടാകില്ല. ജനപ്രാതിനിധ്യ നിയമം1951ൻറെ വകുപ്പ്151എ പറയുന്നത്,ഒഴിവുണ്ടായി ആറുമാസത്തിനുള്ളിൽ നികത്തണം എന്നാണ്. കുട്ടനാട് മണ്ഡലത്തിൽ ബഹുമാനപ്പെട്ട തോമസ് ചാണ്ടിയുടെ മരണംമൂലം ഒഴിവുണ്ടായത്2019ഡിസംബർ20നാണ്. ചവറ മണ്ഡലത്തിൽ ഒഴിവുണ്ടായത്2020മാർച്ച് എട്ടിനും. കുട്ടനാട് മണ്ഡലത്തിൽ ഒഴിവുണ്ടായി ആറുമാസം കഴിഞ്ഞിരിക്കുന്നു. ഇതിനോടൊപ്പം കോവിഡ്19ൻറെ വ്യാപനം നമ്മെ അലട്ടുന്ന വലിയ പ്രശ്‌നമായി തുടരുന്നു. സർക്കാർ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കേവലം മൂന്നുമാസം മാത്രം പ്രവർത്തിക്കാൻ കഴിയുന്ന നിയമസഭാംഗത്തെ തെരഞ്ഞെടുക്കാൻ ഈ പ്രത്യേക ഘട്ടത്തിൽ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന വിഷയമാണ് സർവ്വകക്ഷി യോഗത്തിൽ ചർച്ചയ്ക്ക് വെച്ചത്. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തേണ്ട ആവശ്യമില്ല എന്നും ഏതാണ്ട് ആറുമാസത്തിനിടയിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഐകകണ്‌ഠ്യേന ആവശ്യപ്പെടുന്നത് ഉചിതമാകും എന്ന അഭിപ്രായം യോഗത്തിൽ അവതരിപ്പിച്ചു. കാലാവധിയിലെ പരിമിതി മുതൽ കോവിഡ് സാഹചര്യം വരെ യുക്തിസഹമായ കാര്യങ്ങൾ ഈ ആവശ്യത്തിന് അടിസ്ഥാനമാണ്. ഇതുകണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോർപ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക്2020നവംബറിൽ പുതിയ ഭരണസമിതികൾ അധികാരമേൽക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. ഇവയുടെ കാലാവധിയാകട്ടെ അടുത്ത അഞ്ചുവർഷ കാലയളവാണ്. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ല. രണ്ടും തമ്മിൽ കാതലായ വ്യത്യാസം ഉണ്ട്. അഞ്ചുവർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാ ചുമതല നിറവേറ്റുന്നതും മൂന്നുമാസത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക എന്നതും താരതമ്യമുള്ളതല്ല. 2020ജൂലൈ മാസത്തിൽ ദിവസേനയുള്ള പുതിയ കോവിഡ്കേസുകളുടെ ശരാശരി618ആയിരുന്നെങ്കിൽ ആഗസ്റ്റ് മാസത്തിൽ ഇത്1672ആയി ഉയർന്നു. സെപ്റ്റംബർ9വരെ2281ആയി. ഇന്നലെ3349പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം മുഖ്യ പ്രശ്‌നമായി നിലനിൽക്കുകയാണ്. നമ്മുടെ മുന്നിലെ വലിയ വെല്ലുവിളിയാണത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും കോവിഡ് സാഹചര്യം ബാധകമല്ലേ എന്ന സംശയം ചിലർക്കുണ്ടാവും. അത് ന്യായവുമാണ്. എന്നാൽ, മാറ്റിവയ്ക്കാനാവാത്ത ഭരണഘടനാ ബാധ്യതയാണ് തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പ്. എങ്കിലും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇതിൻറെ തീയതിയിൽ അൽപ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ് എന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ അനുച്ഛേദം243ഇ, 243യു എന്നിവ പ്രകാരമുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള ബാധ്യത. അതിനാൽ,തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടുപോകുന്നത് അസാധ്യമായിരിക്കും. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പലകക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രയാസവും അവർ ചൂണ്ടിക്കാണിച്ചു. അത് അംഗീകരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് താൽക്കാലികമായി മറ്റിവെക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പുകമീഷനെ അറിയിക്കാൻ ധാരണയായത്. എന്നാൽ അനന്തമായി തെരഞ്ഞെടുപ്പ് നീക്കിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. യോഗത്തിൽ വന്ന പൊതു അഭിപ്രായവും അതാണ്. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻറെ ആണിക്കല്ലാണ്. എന്നാൽ,പ്രവർത്തിക്കാൻ സാധ്യമായ സമയം ലഭിക്കാത്ത കാലാവധിക്കായി,വിശേഷിച്ച് മൂന്നു മൂന്നരമാസക്കാലത്തേക്കായി ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കലാവും. അതിനപ്പുറം ജനപ്രാതിനിധ്യത്തിൻറെ അന്തഃസ്സത്തയ്ക്ക് നിരക്കാത്തതുമാവും. ഇതെല്ലാം പരിഗണിച്ചുള്ള അഭിപ്രായ സമന്വയമാണ് സർവ്വകക്ഷി യോഗത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി അറിയിച്ചു.



Post a Comment

0 Comments