Flash News

6/recent/ticker-posts

സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല." എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മന്ത്രി കെ.ടി. ജലീല്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

Views

ഇ.ഡിക്കു മുന്നില്‍ മന്ത്രി ജലീല്‍ , 6 മണിക്കൂര്‍; 12 ചോദ്യം

കൊച്ചി : യു.എ.ഇയില്‍നിന്നു മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതു കസ്‌റ്റംസ്‌ നികുതി അടയ്‌ക്കാതെയെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തല്‍. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതു കോണ്‍സുലേറ്റാണെന്നും തനിക്കു നേരിട്ടു ബന്ധമില്ലെന്നും മന്ത്രി കെ.ടി. ജലീല്‍ മൊഴി നല്‍കി.
ഇന്നലെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലാണ്‌ ഇ.ഡി. ഉദ്യോഗസ്‌ഥര്‍ മന്ത്രിയുടെ മൊഴിയെടുത്തത്‌. എഴുതിത്തയാറാക്കിയ 12 ചോദ്യങ്ങള്‍ക്കു വിശദീകരണം തേടിയുള്ള നടപടികള്‍ ആറുമണിക്കൂര്‍ നീണ്ടു. പ്രാഥമികഘട്ട ചോദ്യംചെയ്യല്‍ മാത്രമാണ്‌ നടന്നതെന്നാണു വിവരം. യു.എ.ഇ. കോണ്‍സുല്‍ ജനറലുമായും സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുമുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത്‌ തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചറിഞ്ഞത്‌. മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ ഇനിയും വിളിച്ചുവരുത്തും.
നയതന്ത്ര ബാഗിലുള്ള സാധനങ്ങളുടെ പട്ടികയടക്കമുള്ള കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ട്‌ പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിക്കത്ത്‌ സഹിതം കസ്‌റ്റംസിനു നല്‍കിയാലേ വിട്ടുകിട്ടൂ എന്നാണു വ്യവസ്‌ഥ. നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ അനുമതിയില്ല. അതിനു നികുതിയിളവു നല്‍കാന്‍ സംസ്‌ഥാനത്തിനു കഴിയുകയുമില്ല. എന്നിട്ടും ബാഗുകള്‍ എങ്ങനെ വിമാനത്താവളത്തില്‍നിന്ന്‌ പുറത്തേക്കു കൊണ്ടുപോയി എന്നതിലും ജലീലിനോടു വിശദീകരണം തേടി. ചില ചോദ്യങ്ങള്‍ക്ക്‌ അന്വേഷിച്ചു മറുപടി നല്‍കാമെന്നു മന്ത്രി അറിയിച്ചു. സാമ്പത്തികവിഷയത്തിലുള്ള ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. സ്വപ്‌ന സുരേഷുമായുള്ള ബന്ധം യു.എ.ഇ. കോണ്‍സുലേറ്റ്‌ പി.ആര്‍.ഒ. എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
മാര്‍ച്ച്‌ നാലിനാണു യു.എ.ഇ. കോണ്‍സുല്‍ ജനറലിന്റെ പേരില്‍ ഡിപ്ലോമാറ്റിക്‌ കാര്‍ഗോയെന്നു രേഖപ്പെടുത്തി, മതഗ്രന്ഥമെന്ന പേരില്‍ 4479 കി.ഗ്രാം ഭാരമുള്ള കാര്‍ഗോ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്‌. കോണ്‍സുലേറ്റാണ്‌ ഡ്യൂട്ടി അടയ്‌ക്കേണ്ടത്‌. ജൂണ്‍ 18-ന്‌ കോണ്‍സുലേറ്റിന്റെ വാഹനങ്ങളില്‍ പായ്‌ക്കറ്റുകള്‍ മന്ത്രി ജലീല്‍ ചെയര്‍മാനായ സി-ആപ്‌റ്റിന്റെ ഓഫീസിലെത്തിച്ചു. അവിടെനിന്ന്‌ സി-ആപ്‌റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയി. അതില്‍നിന്നു വിതരണം ചെയ്‌ത മതഗ്രന്ഥങ്ങള്‍ തിരിച്ചെത്തിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. സി-ആപ്‌റ്റിന്റെ ഒരു വാഹനം കര്‍ണാടകയിലേക്കു പോയെന്ന വാദം അദ്ദേഹം നിഷേധിച്ചു.ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ കസ്‌റ്റംസിനും എന്‍.ഐ.എയ്‌ക്കും കൈമാറും. നികുതി വെട്ടിപ്പ്‌ പരിശോധിച്ചു നടപടിയെടുക്കേണ്ടതു കസ്‌റ്റംസാണ്‌. മതഗ്രന്ഥത്തിനു പുറമേ മറ്റെന്തെങ്കിലും കൊണ്ടുവന്നിരുന്നോ എന്ന്‌ കസ്‌റ്റംസ്‌ അന്വേഷിച്ചിരുന്നു. കസ്‌റ്റംസും എന്‍.ഐ.എയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ അടിസ്‌ഥാനത്തില്‍ കേസെടുക്കാനാണ്‌ ഇ.ഡി. ഉദ്ദേശിക്കുന്നത്‌. എന്‍.ഐ.എയും ജലീലിനെ ചോദ്യംചെയ്യും. രാഷ്‌ട്രീയപ്രേരിതമെന്ന വിമര്‍ശനം ഒഴിവാക്കാനാണ്‌ ആദ്യ ഊഴം ഇ.ഡിക്കു നല്‍കിയത്‌.

മന്ത്രി എത്തിയത്‌ സ്വകാര്യവാഹനത്തില്‍
കൊച്ചി: ചോദ്യംചെയ്യലിനു ഹാജരാകാന്‍ മന്ത്രി കെ.ടി. ജലീല്‍ എത്തിയതു സ്വകാര്യവാഹനത്തില്‍. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായി എന്‍.എസ്‌. അനസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടശേഷം അവിടെനിന്നു സ്വകാര്യവാഹനത്തില്‍ ചോദ്യംചെയ്ല്‍ കേന്ദ്രയത്തിലേക്കു പോകുകയായിരുന്നുവെന്നാണ്‌ വിവരം.
ഇന്നലെ രാവിലെയാണ്‌ കൊച്ചി യൂണിറ്റിലെ ചില ഉദ്യോഗസ്‌ഥരെത്തി മന്ത്രിയെ ചോദ്യംചെയ്‌തത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ മന്ത്രി കെ.ടി. ജലീല്‍ ആലുവയിലുണ്ടായിരുന്നു. ഇന്നലെ രാവിലെ ആലുവയില്‍നിന്ന്‌ അരൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം പിന്നീടു സ്വകാര്യ വാഹനത്തില്‍ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്കു പോയി. ആലുവയില്‍വച്ചാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്‌ഥര്‍ മാധ്യമങ്ങള്‍ അറിയാതെ മന്ത്രിയെ ചെന്നു കണ്ടതെന്നാണ്‌ സൂചന.

"സത്യമേ ജയിക്കൂ, സത്യം മാത്രം"

തിരുവനന്തപുരം: "സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല." എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മന്ത്രി കെ.ടി. ജലീല്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.




Post a Comment

0 Comments