Flash News

6/recent/ticker-posts

മന്ത്രി കെ. ടി. ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എൻഐഎ ഓഫിസിലെത്തി. സിപിഎം നേതാവിന്റെ സ്വകാര്യവാഹനത്തിലാണ് ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയത്‌

Views

പുലർച്ചെ ആറുമണിയോടെയാണ് ആലുവ മുൻ‍ എംഎൽഎ എ.എം. യൂസഫിന്റെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കാറിൽ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻഐഎ വിളിപ്പിച്ചിരിക്കുന്നത്.


മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ പുലർച്ചെ സമയം എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രി അതിരാവിലെ ഓഫിസിനുള്ളിൽ കടന്നിരിക്കുന്നത്.

ഇന്ന് ഉന്നതരിൽ ഒരാളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിനായി ദേശീയ ഏജൻസികളിൽ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊച്ചിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് അഭിഭാഷകൻ ഉൾപ്പടെയുളളവർ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസിൽ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ആരെ, എപ്പോൾ ചോദ്യം ചെയ്യാനാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇതിനിടെയാണ് ഇന്നു പുലർച്ചെ മന്ത്രി കെ.ടി. ജലീൽ എൻഐഎ ഓഫിസിൽ എത്തിയിരിക്കുന്നത്.

ഇന്നലെ എൻഐഎ അന്വേഷണ സംഘം ഇഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തിയിരുന്നു. ഇത് ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് എന്നാണ് വ്യക്തമാകുന്നത്.

മന്ത്രി എൻഐഎ ഓഫിസിൽ എത്തിയതിനു പിന്നാലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ഇവിടെ എത്തി മന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

സ്വപ്‌നാ സുരേഷനും, യുഎഇ കോൺസുലേറ്റ് ജനറലുമായി ബന്ധമെന്താണ് എന്നാണ് അന്വേഷണ ഏജൻസി പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ റംസാൻ കിറ്റ് വിതരണ സമയത്ത് സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ മൂന്ന് പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്റെ മൊഴി. 16 തവണയാണ് കോളുകൾ എങ്കിലും, വാട്‌സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല.

ഇതാദ്യമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്.


Post a Comment

0 Comments