Flash News

6/recent/ticker-posts

നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവം; കുഞ്ഞിന്‍റെ അമ്മയുടെ സത്യഗ്രഹസമരം തുടരുന്നു

Views

ആലുവയില്‍ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് കുഞ്ഞിന്‍റെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. ആശുപത്രി അധികൃതരുടെ അനാസ്ഥ മറച്ചുവെക്കാനാണ് അധികൃതരുടെ ശ്രമമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അമ്മ നന്ദിനി.
ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കൊല്ലം സ്വദേശികളായ നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് കഴിഞ്ഞ ആഗസ്തിലാണ് മരിച്ചത്. നാണയം വിഴുങ്ങിയതിന് പിന്നാലെ അവശനിലയിലായ കുഞ്ഞുമായി സർക്കാർ ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് വന്നതിനാൽ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുഞ്ഞിന്‍റെ അമ്മ നേരത്തേ ആരോപിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെ കുഞ്ഞിന്‍റെ വയറ്റില്‍ നിന്ന് നാണയങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആന്തരികാവയവ രാസപരിശോധനഫലം. കുഞ്ഞിന് നേരത്തേ ശ്വാസതടസ്സത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറയുന്നു.
ഇതോടെയാണ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മറച്ചുവെക്കാനാണ് ശ്രമമെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തതവരുത്താതെ ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അമ്മ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹികസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


Post a Comment

0 Comments