Flash News

6/recent/ticker-posts

സ്ലാബിന്‌ മുകളിൽനിന്ന്‌ ‘കൂളായി’ കാർ പുറത്തിറക്കിയ ആ ഡ്രൈവർ ഇവിടെയുണ്ട്

Views

കൽപ്പറ്റ> തോട്ടിലേക്ക് നീട്ടി വാർത്ത ഇടുങ്ങിയ സ്ലാബിന് മുകളിൽ നിർത്തിയിട്ട കാർ സാഹസികമായി പുറത്തെടുത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഡ്രൈവർ ഇവിടെയുണ്ട്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപകടം സംഭവിക്കാവുന്നിടത്തുനിന്നും ‘കൂളായി’ കാർ പുറത്തെടുത്ത വിദഗ്ധനെ തപ്പുകയായിരുന്നു രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങൾ. പേര്യ ആലാറ്റിൽ പ്ലാപറമ്പിൽ ബിജുവാണ് ആ സാഹസിക ഡ്രൈവർ.

മാഹി റെയിൽവേ സ്റ്റേഷന് സമീപം ഗീത ക്വാർട്ടേഴ്സിന്റെ മുമ്പിൽ തോട്ടിലേക്ക് നീട്ടി വാർത്ത സ്ലാബിന് മുകളിൽ നിർത്തിയിട്ട ഇന്നോവ കാർ ബിജു റോഡിലേക്ക് തിരിച്ചെടുക്കുന്ന വീഡിയോയാണ് വൈറലായത്. ശ്വാസമടക്കിപ്പിടിച്ചേ ഇത് കാണാനാവൂ. വാടസ് ആപ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം വഴി ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. മുമ്പോട്ടോ, പിറകോട്ടോ അൽപ്പം മാറിയാൽ തോട്ടിലേക്ക് മറിയും. കാറിന്റെ ടയറുകൾ പകുതിയോളം സ്ലാബിന് പുറത്താക്കിയാണ് തിരിച്ചെടുത്തത്. മാഹിയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയുകയാണ് ബിജു.


സുഹൃത്ത് വർക്ഷോപ്പിൽ നൽകാനായി ഏൽപിച്ചതായിരുന്നു കാർ. ബിജുതന്നെയാണ് സ്ലാബിന് മുകളിൽ കാർ കയറ്റിയിട്ടത്. തിരിച്ചെടുക്കുമ്പോൾ ഭാര്യ സ്മിത വീഡിയോ എടുത്ത് സഹോദരി സ്വപ്നക്ക് അയച്ചുകൊടുത്തു. ഇവർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചതോടെയാണ് വൈറലായത്. പഠനകാലത്തുതന്നെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുമായിരുന്നെന്ന് ബിജു പറഞ്ഞു. ബസ് ഓടിക്കാനാണ് ആദ്യം പഠിച്ചത്. വീടിന് സമീപം നിർത്തിയിടുന്ന ബസ്സുകൾ കഴുകാൻ സഹായിക്കുമായിരുന്നു. ഇതിനിടയിൽ ബസ് ഓടിക്കാനും പഠിച്ചു.

പഠനശേഷം പലസ്ഥാപനങ്ങളിലും ഡ്രൈവറായി ജോലിചെയ്തു. കണ്ണൂർ മിൽമ ഡയറിയിൽ ടാങ്കർ ലോറിയിൽ ഡ്രൈവറായിരുന്നു. എറണാകുളം യുഎഫ്ഒ ട്രാവൽസിലും ബസ് ഡ്രൈവറായിരുന്നു. വൈറലായതിന് ശേഷമാണ് വീഡിയോ ഭാര്യ പകർത്തിയ വിവരം താൻ അറിഞ്ഞതെന്നും ബിജു പറഞ്ഞു. പിതാവ് തോമസ് ബസ് ഡ്രൈവറായിരുന്നു.


Post a Comment

0 Comments