Flash News

6/recent/ticker-posts

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്.

Views
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്.

നവംബര്‍ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞതായാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, മന്ത്രിയോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാല്‍, ഇത് എത്രയാണെന്നോ, എപ്പോള്‍ നടപ്പിലാക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത്.

ഈ സന്ദേശം ഇപ്പോള്‍ രക്ഷിതാക്കളെയാണ് കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത്. വിവാഹം ഉറപ്പിച്ചുവെച്ച 18 വയസ്സ് തികഞ്ഞ എന്നാല്‍, 21ന് താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളാണ് ആശങ്കയിലായത്. പ്രായം ഉയര്‍ത്തിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇവരെ അലട്ടുന്നത്. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ഉം പുരുഷന്മാരുടേത് 21 ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സാമൂഹ്യപ്രവര്‍ത്തക ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.

മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

നമ്മുടെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും' -എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. 75 രൂപയുടെ നാണയം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര്യദിന പ്രഭാഷണത്തിലും പ്രധാനമന്ത്രി ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു.


Post a Comment

1 Comments

  1. സംഗതി "വ്യാജസന്ദേശ് " ആണെന്നും പറഞ്ഞു നമ്മൾ വൃദ്ധന്മാർക്കും വൃദ്ധകൾക്കും സമാധാനിക്കാം. നമ്മുടെയൊക്കെ കാര്യം 13 വയസ്സിലും 11 വയസ്സിലും ഒക്കെ കഴിഞ്കിട്ടിയല്ലോ . 18 വയസ്സുവരെ കാത്തിരുന്നു കാത്തിരുന്നു ഇന്ന് നടക്കും , നാളെനടക്കും , വിധിപോലെവരും , നല്ലകാലത്തു ഗുണംവരും എന്നൊക്കെ നോമ്പും നോറ്റിരിക്കുന്ന അഭിനവ പതിനെട്ടുകാരികളുടെ മനസ്സിൽ തീ കോരിയിടുന്നതിൽ ഈ "വ്യാജസന്ദേശ്" വഹിക്കുന്ന പങ്കു ചില്ലറവല്ലതും ആണോ സാർ ?.

    ReplyDelete