Flash News

6/recent/ticker-posts

അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ക്കും കൊവിഡ് ബാധിച്ചേക്കാം; കേന്ദ്ര സമിതി

Views
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗവും കാണ്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറുമായ മണീന്ദ്ര അഗര്‍വാള്‍ പറയുന്നു. 

ഇത് കൊവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 7.55 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജനസംഖ്യയുടെ 14 ശതമാനം പേര്‍ രോഗബാധിതരായെന്നാണ് സെറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ സെറോളജിക്കല്‍ സര്‍വേ കൃത്യമായിരിക്കണമെന്നില്ലെന്ന് മണീന്ദ്ര അഗര്‍വാള്‍  റോയ്‌ട്ടേഴ്‌സിനോട് പറയുന്നു. സെപ്റ്റംബര്‍ മധ്യത്തിലുണ്ടായ മൂര്‍ധന്യാവസ്ഥയ്ക്ക് ശേഷം നിലവില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും അടങ്ങുന്ന കമ്മിറ്റി ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് ഗണിതശാസ്ത്ര മാതൃകയെ ആശ്രയിച്ചുളളതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തുന്ന ഒരു പുതിയ മാതൃകയാണ് കമ്മിറ്റി സ്വീകരിച്ചത്. 

രോഗബാധയുണ്ടായവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി അവര്‍ തിരിച്ചു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധാരണവും ഉള്‍പ്പടെയുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒറ്റമാസം കൊണ്ടുതന്നെ 2.6.ദശലക്ഷം വര്‍ധിക്കാന്‍ ഇടയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, ദുര്‍ഗാപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


Post a Comment

0 Comments