Flash News

6/recent/ticker-posts

എംസി കമറുദ്ദീനെതിരെ രണ്ട് കേസുകൾ കൂടി; ഇതോടെ കേസുകളുടെ എണ്ണം 89 ആയി.

Views

മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മാട്ടൂൽ സ്വദേശികളായ മൊയ്തു , അബ്ദുൾ കരീം എന്നിവരാണ് പരാതി നൽകിയത്. മൊയ്തുവിൽ നിന്ന് 17 ലക്ഷം രൂപയും അബ്‌ദുൾ കരീമിൽ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി. ഇതോടെ കമറുദ്ദീൻ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 89 ആയി.

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായി. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടർ ആയ കമറുദ്ദീന് കേസിൽ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. ഇത് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ കേസാണെന്നും സർക്കാർ വാദിച്ചു.

കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ എംസി കമറുദ്ദീൻ എംഎൽഎയെയും ചോദ്യം ചെയ്യും. ജ്വല്ലറി എംഡി ടികെ പൂകോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 87 വഞ്ചന കേസുകളിൽ ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയാണ് എംഡി പൂകോയ തങ്ങൾ. ശനിയാഴ്ച കാസർകോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. ചില സുപ്രധാന വിവരങ്ങൾ കിട്ടിയെന്നും തെളിവുകൾ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.


Post a Comment

0 Comments