Flash News

6/recent/ticker-posts

ഒമാനില്‍ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണം; നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും

Views
മസ്‌ക്കത്ത്: ഒമാനില്‍ വീണ്ടും രാത്രികാല യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്‌ടോബര്‍ 11 മുതല്‍ ഒക്‌ടോബര്‍ 24 വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. 

പൊതുസ്ഥലങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ നടപടി. ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്. 

ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ സ്ഥാപനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കുടുംബപരമായതടക്കം എല്ലാവിധ ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണം. 

നിയമ ലംഘകര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.


Post a Comment

0 Comments