Flash News

6/recent/ticker-posts

സിദ്ദീഖ് കാപ്പന്റെ മോചനം; അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

Views
സിദ്ദീഖ് കാപ്പന്റെ മോചനം; അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. അലഹബാദ് കോടതിയില്‍ നിന്നും ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍ ഇടപെടാമെന്ന ഉറപ്പോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി സെക്രട്ടറി കൂടിയായ സിദ്ധീഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ അനുമതി നല്‍കിയ കോടതി, കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി; തുടര്‍ന്ന് കോടതി രണ്ടാഴ്ച അവധിക്ക് പോകുന്നതിനാല്‍ ഇത് ഫലത്തില്‍ നാലാഴ്ചയായിരിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സിദ്ദീഖിനായി സുപ്രീം കോടതിയില്‍ ഹാജരായത്.

സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ ശേഷമാണ് ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തതെന്ന വാദമായിരുന്നു കപില്‍ സിബല്‍ ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും പരാതിക്കാരന് ജാമ്യം അനുവദിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്റെ മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍ ഉറപ്പാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് കോടതിയെ സമീപിച്ചിട്ടുള്ളതെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ്‌ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. 'നിങ്ങള്‍ക്ക് നീതി ലഭിക്കും, ഇല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഉണ്ടല്ലോ', അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഹര്‍ജിയില്‍ ഭേദഗതി വരുത്തി ഉടന്‍ അലഹബാദ്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിലെ അഡ്വ. ഓണ്‍ റിക്കോര്‍ഡായ അഡ്വ. വില്‍സ് മാത്യു വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ വളരെ വ്യക്തമായ ഉത്തരവാണ് ചീഫ് ജസ്റ്റിസ് നല്‍കിയാതെന്നും അഡ്വ. വില്‍സ് മാത്യു ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും നടപടി സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള വാദങ്ങളാണ് കെയുഡബ്ല്യൂജെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജോലി ചെയ്യാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സിദ്ദീഖ് മാധ്യമപ്രവര്‍ത്തകനാണ് എന്ന് തെളിയിക്കുന്ന അഴിമുഖത്തില്‍ നിന്നുള്ള സാക്ഷ്യപത്രം അടക്കം ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. നേരത്തെ തേജസ്‌, തത്സമയം തുടങ്ങിയ ദിനപത്രങ്ങളില്‍ ജോലി ചെയ്തിട്ടുള്ള സിദ്ദീഖ് അഴിമുഖത്തിനു വേണ്ടി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

സിദ്ധീഖ് കാപ്പനെ മോചിപ്പിക്കാൻ മുസ്ലിം ലീഗ് ദൽഹി ജന്തർമന്ദർ മാർച്ച് നടത്തി  ഖുർറം അനീസ് ഉമർ, സികെ സുബൈർ, അഡ്വ. ഫൈസൽ ബാബു, മൗലാനാ നിസാർ അഹ്മദ് എന്നിവരെ കാണാം.


Post a Comment

0 Comments