Flash News

6/recent/ticker-posts

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; പ്രവർത്തകർക്കു നേരെ ലാത്തിച്ചാർജ്

Views

 ഉത്തർ പ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ഉണ്ടായി.

മരിച്ച പെൺകുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാൽ അവിടേക്ക് ആൾക്കൂട്ടമായി പോകാൻ സാധിക്കില്ല എന്നും പൊലീസ് പറഞ്ഞു. കൂടെയുള്ള പ്രവർത്തകരോട് തിരിച്ചു പോകാൻ പറയുമെന്നും തനിച്ച് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുൽ വ്യക്തമാക്കി. തനിച്ച് പോകുന്നത് എങ്ങനെ നിരോധനാജ്ഞയുടെ ലംഘനമാകുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. 

ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞിരുന്നു. ഇതോടെ ഇരുവരും നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ നേതാക്കള്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലൂടെ നടന്നു തുടങ്ങി.

പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും പോലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആർക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്.‌

‌ദളിതരെ അടിച്ചമർത്താനുള്ള യുപി സർക്കാരിന്റെ ലജ്ജാകരമായ നീക്കമാണിതെന്നും ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും ഹത്രാസിലേക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

ഈ മാസം 14ന് നാലുപേർ ചേർന്ന് കൂട്ടബലാൽസംഗത്തിനിരയാക്കിയ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം പുലർച്ചെ 2.30ന് യുപി പൊലീസ് ബലംപ്രയോഗിച്ചു സംസ്കരിച്ചിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച ശേഷമായിരുന്നു പൊലീസ് നടപടി. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു.


Post a Comment

0 Comments