Flash News

6/recent/ticker-posts

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്.ബി.ഒ, ഡബ്ല്യു.ബി എന്നിവ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍.

Views
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്.ബി.ഒ, ഡബ്ല്യു.ബി എന്നിവ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍. ഇന്ത്യയ്ക്ക് പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ ഇരു ചാനലുകളും ഡിസംബര്‍ 15 ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കും.

എന്നാല്‍ വാര്‍ണര്‍ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ 'കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും' 'പോഗോ'യും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്.ബി.ഒ ഇതോടെ അവസാനിപ്പിക്കുന്നത് ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എം.ഡി സിദ്ധാര്‍ഥ് ജയിന്‍ വ്യക്തമാക്കി.

'പേ-ടിവി വ്യവസായ സാഹചര്യങ്ങളും മാര്‍ക്കറ്റ് ഡൈനാമിക്‌സിലും ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചു. കൊവിഡ്-19 മഹാമാരി കൂടുതല്‍ മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തി. എച്ച്.ബി.ഒ, ഡബ്ല്യു.ബി ചാനലുകളെ വീട്ടകങ്ങളിലേക്ക് സ്വീകരിച്ച ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും ആരാധകര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഈ ബ്രാന്‍ഡുകളെ പ്രിയപ്പെട്ടതാക്കാന്‍ വളരെ ആവേശത്തോടെ പ്രവര്‍ത്തിച്ച ഞങ്ങളുടെ എല്ലാ ജീവനക്കാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.' സിദ്ധാര്‍ഥ് ജയിന്‍ പറഞ്ഞു.

കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ത്താ ചാനലായ സി.എന്‍.എന്‍ ഇന്റര്‍നാഷണലിന്റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.


Post a Comment

0 Comments