Flash News

6/recent/ticker-posts

മെസ്സിക്കു മധുരപ്പതിനാറ്..

Views
മെസ്സിക്കു മധുരപ്പതിനാറ്

മാഡ്രിഡ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായി 16 സീസണുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ്‌ സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്‌. ഹംഗേറിയന്‍ ക്ലബ്‌ ഫെറന്‍ക്രാവോസിനെതിരേ നടന്ന മത്സരത്തില്‍ ഗോളടിച്ചതോടെയാണു മെസി റെക്കോഡിട്ടത്‌.
സ്വന്തം തട്ടകമായ ന്യൂക്യാമ്പിലായിരുന്നു ജി ഗ്രൂപ്പിലെ ആദ്യ മത്സരം. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണു മെസി റെക്കോഡ്‌ നേട്ടം കൈവരിച്ചത്‌. ലീഗില്‍ മെസിയുടെ ഗോള്‍ വേട്ട 116 ലെത്തി. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വിംഗറായിരുന്ന റയാന്‍ ഗിഗ്‌സും ചാമ്പ്യന്‍സ്‌ ലീഗില്‍ 16 സീസണുകളില്‍ ഗോളടിച്ച താരമാണ്‌. പക്ഷേ ഗിഗ്‌സിന്റെ നേട്ടം തുടര്‍ച്ചയായ സീസണുകളിലായിരുന്നില്ല.
2005 മുതലാണു മെസി ചാമ്പ്യന്‍സ്‌ ലീഗില്‍ ഗോളടി തുടങ്ങിയത്‌. ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഫെറന്‍ക്രാവോസിനെ 5-1 നാണു തോല്‍പ്പിച്ചത്‌. റൊണാള്‍ഡ്‌ കോയ്‌മാന്‍ കോച്ചായ ശേഷം ബാഴ്‌സ നേടുന്ന ആദ്യ ചാമ്പ്യന്‍സ്‌ ലീഗ്‌ ജയമാണിത്‌. കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട്‌ 8-2 നു തോറ്റതിന്റെ ക്ഷീണം മാറ്റാനുള്ള തീവ്ര ശ്രമത്തിലാണു ബാഴ്‌സ.
കളിയുടെ 27-ാം മിനിറ്റില്‍ മെസിയിലൂടെയാണ്‌ അവര്‍ ഗോളടി തുടങ്ങിയത്‌. പന്തുമായി മുന്നേറി ബോക്‌സിലെത്തിയ മെസിയെ കോവാസിച്ച്‌ ഇടങ്കാലിട്ടു വീഴ്‌ത്തി. ഫൗളിന്റെ ഫലമായി റഫറി പെനാല്‍റ്റി വിധിച്ചു. മെസിയുടെ സ്‌പോട്ട്‌ കിക്ക്‌ ഗോള്‍ കീപ്പര്‍ ഡെനസ്‌ ദിബൂസിന്റെ വശത്തേക്കു തന്നെയായിരുന്നെങ്കിലും തൊടാന്‍ പോലുമായില്ല. 42-ാം മിനിറ്റില്‍ അന്‍സു ഫാറ്റി ലീഡ്‌ ഇരട്ടിയാക്കി. 52-ാം മിനിറ്റില്‍ ഫിലിപ്പ്‌ കുടീഞ്ഞോയും വലകുലുക്കി. കളിയുടെ ഗതിക്കു വിപരീതമായി 70-ാം മിനിറ്റില്‍ ബാഴ്‌സയുടെ വലയില്‍ ഗോള്‍ വീണു. ബോക്‌സിലേക്കു കുതിച്ച എന്‍ഗുനെ ജെറാഡ്‌ പിഗ്വേ അപകടകരമായി ഫൗള്‍ ചെയ്‌തു വീഴ്‌ത്തി. പിഗ്വേയ്‌ക്ക് ചുവപ്പു കാര്‍ഡും ഫെറന്‍ക്രാവോസിന്‌ അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു. ഐവാന്‍ ഖാതാരിന്റെ സ്‌പോട്ട്‌ കിക്ക്‌ ഗോള്‍ കീപ്പര്‍ നെറ്റോയെ മറികടന്ന്‌ വലയില്‍. പത്തു പേരായി ചുരുങ്ങിയെങ്കിലും ബാഴ്‌സ ഗോളടി നിര്‍ത്തിയില്ല. 84-ാം മിനിറ്റില്‍ പെദ്രിയും 89-ാം മിനിറ്റില്‍ ഒസുമാനെ ഡെംബലെയും പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ യുവന്റസ്‌ 2-0 ത്തിന്‌ ഡൈനാമോ കീവിനെയും ക്ലബ്‌ ബ്രൂഗ്‌ 2-1 നു സെനിറ്റിനെയും തോല്‍പ്പിച്ചു.


Post a Comment

0 Comments