Flash News

6/recent/ticker-posts

ലോകമലയാളിക്ക് അഭിമാനിക്കാം നാടിനെയോര്‍ത്ത്; വിദ്യാഭ്യാസരംഗത്ത് വന്‍കുതിപ്പുമായി കേരളം

Views
തൃശൂര്‍: പൊതുവിദ്യാഭ്യാസ മേഖലയില്‍ ആദ്യ സമ്പൂര്‍ണ ഡിജിറ്റില്‍ സംസ്ഥാനമെന്ന നേട്ടം കേരളത്തിന്. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈടെക് സ്‌കൂളുകളുടെ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ രാവിലെ 11 ന് സാമുഹ്യ മാധ്യമ അക്കൗണ്ടിലെ ലൈവ് വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണരൂപം 

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളില്‍ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിന്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാര്‍ട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്.

ആദ്യഘട്ടത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്‌സിന്റെ നേതൃത്വത്തില്‍  8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഒപ്പം ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.

പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചു എന്നു മാത്രമല്ല അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ എത്തി. സമൂഹത്തിലെ സാധാരണക്കാര്‍ക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുക എന്ന സര്‍ക്കാരിന്റെ നിലപാടിന്റെ ഫലമാണ് ഈ മാറ്റം. വിദ്യാഭ്യാസ വകുപ്പിനും കൈറ്റിനും കിഫ്ബിക്കും ഒപ്പം ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നമ്മുടെ പൊതു സമൂഹം, കുട്ടികള്‍, എല്ലാവരുടേയും പരിശ്രമത്തിലാണ് നമ്മള്‍ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. നമ്മുടെ സ്‌കൂളുകള്‍ നമ്മുടെ അഭിമാനമായി മാറട്ടെ.


Post a Comment

0 Comments