Flash News

6/recent/ticker-posts

കളമശ്ശേരി മെഡിക്കല്‍ കോളെജിലെ കൊലക്കളങ്ങൾ പുറത്തുപറഞ്ഞ ഡോക്ടര്‍ നജ്മക്കെതിരെ സംഘടിത സൈബർ ആക്രമണം; ‘എന്തും നേരിടാന്‍ തയ്യാറാണ്, ഡ്യൂട്ടിക്ക് കയറും’; വിങ്ങിപ്പൊട്ടി നജ്മ.

Views

കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ സംഭവിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥ തന്നയൊണെന്ന് ആവര്‍ത്തിച്ച് യുവ ഡോക്ടര്‍ നജ്മ. തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒറ്റപ്പെടലുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത് ഭയപ്പെട്ടാണ് കൂടെയുള്ള ആരും തുറന്നുപറച്ചിലുകള്‍ക്ക് തയ്യാറാവാത്തതെന്നും ഡോ നജ്മ ചാനലിനോട് പറഞ്ഞു.

‘എന്നെ ഒറ്റപ്പെടുത്തുന്നതുപോലെയുള്ള ഒറ്റപ്പെടുത്തലുകള്‍ എല്ലാവര്‍ക്കും അഭിമുഖീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. നാളത്തെ ഡ്യൂട്ടി ആലോചിച്ചാണ് എനിക്ക് കരച്ചില്‍ വരുന്നത്. നാളെ ഡ്യൂട്ടിയുണ്ട്. നാളെ ഡ്യൂട്ടിക്ക് പോവുന്നുമുണ്ട്. ഇതുവരെ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. എനിക്കറിയില്ല വേറെ എന്തെങ്കിലും സംഭവിക്കുമോ എന്ന്. എന്തുണ്ടായാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്’, നജ്മ പറഞ്ഞു.


 
ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോ നജ്മ വ്യക്തമാക്കി. ഇതിന് മുമ്പുവന്നിട്ടുള്ള പരാതികളെല്ലാം ആര്‍എംഒയോട് പറഞ്ഞിട്ടുണ്ട്. അതെല്ലാം അവര്‍ പരിഗണിച്ചിട്ടുണ്ടെന്നും നജ്മ പറഞ്ഞു. ഈ വിഷയത്തില്‍ പരാതിപ്പെട്ടിട്ടുള്ള തന്നോട് ഒരുവാക്കുപോലും അന്വേഷിക്കാതെയാണ് അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഡോ നജ്മ പറഞ്ഞു.


 
നല്ല കാര്യങ്ങളള്‍ സംഭവിക്കുമ്പോള്‍ ആഘോഷിക്കുന്നവര്‍ തെറ്റ് വരുമ്പോള്‍ അത് തുറന്നുപറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും ഡോ നജ്മ ചോദിച്ചു. അത് സംഭവിക്കാത്തതുകൊണ്ടല്ലേ തനിക്ക് നാളെയുണ്ടാകുന്ന നെഗറ്റീവ് അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്യേണ്ടിവരുന്നതെന്നും അവര്‍ ചോദിച്ചു. സഹപ്രവര്‍ത്തകരുടെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ഡ്യൂട്ടിക്ക് കയറണം എന്ന് സഹപ്രവര്‍ത്തകര്‍ തന്നോട് പറയുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 
‘ഒറ്റപ്പെടും എന്ന പൂര്‍ണ ബോധ്യം എനിക്കുണ്ട്. എന്ത് സംഭവിച്ചാലും അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്കെന്തിനാണ് ഗൂഢാലോചന? ജോലിയുടെ കൂടെ ഞാന്‍ പിജിക്ക് പഠിക്കുക കൂടിയായിരുന്നു. എല്ലാം പോയി. അടുത്ത വര്‍ഷം ഇനി ആദ്യം മുതല്‍ തുടങ്ങണം. മൂന്ന് മാസം കഴിഞ്ഞാല്‍ നീറ്റ് പരീക്ഷയാണ്. അതുംപോയി. ഞാന്‍ വീട്ടില്‍ പോയിട്ട് എത്ര നാളായെന്ന് അറിയുമോ? പഠിക്കാന്‍ വേണ്ടി ഇരുന്നതാണ് ഇവിടെ. എത്രയോ ലീവുകള്‍ കിട്ടിയിട്ടും വീട്ടില്‍ പോയില്ല. മൂന്നുമാസത്തിലധികമായി. അതെല്ലാം പോയില്ലേ… പക്ഷേ മനസമാധാനമുണ്ട് ഇപ്പോള്‍. ഇത്രനാളും ഉള്ളിലൊതുക്കിയ സമ്മര്‍ദ്ദങ്ങള്‍ ഇപ്പോഴില്ല. പക്ഷേ, എന്റെ ആശങ്ക നാളത്തെ ഡ്യൂട്ടിയാണ്. അത് വലിയ വെല്ലുവിളിയാണെനിക്ക്’, ഡോ നജ്മ പറഞ്ഞു


‘ഇതുവരെ ജോലി ചെയ്ത ആരെയും തള്ളിപ്പറയുകയല്ല. അവര്‍ ചെയ്ത കഠിനാധ്വാനങ്ങളെയെല്ലാം വിലമതിക്കുന്നു. അവരോട് ബഹുമാനമില്ലാത്തതുകൊണ്ടല്ല. പക്ഷേ, ഇനിയുമെനിക്ക് ഇത് സഹിക്കാന്‍ പറ്റുന്നില്ല. എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ ഞാന്‍ ചൂണ്ടിക്കാട്ടും. അതുകൊണ്ടായിരിക്കും എന്റെ കൂടെ ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ക്ക് വലിയ താല്‍പര്യമില്ല. നഴ്‌സുമാരോട് ചെയ്യാന്‍ ആവശ്യപ്പെടണമെന്ന് എന്നോട് പറഞ്ഞിട്ടുള്ളത് എന്റെ കൂടെയുള്ള ഡോക്ടര്‍മാര്‍ത്തന്നെയാണ്. അതിന് ശേഷമാണ് ഞാന്‍ ഓരോ കാര്യങ്ങളും എടുത്തുപറയാന്‍ തുടങ്ങിയത്’, ഡോ നജ്മ പറഞ്ഞു.


Post a Comment

0 Comments