Flash News

6/recent/ticker-posts

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു.

Views

 കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകളിലാണ് അറസ്റ്റ്. ഇന്ന് ആറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങള്‍ക്കകം തന്നെ ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.
ശിവശങ്കര്‍ ചികിത്സയിലുള്ള തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. ആശുപത്രിയിലെത്തി സമന്‍സ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി നടപടിയുണ്ടായത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അറസ്റ്റിന് തടസ്സമില്ലെന്നും അറിയിച്ചിരുന്നു. സ്വപ്ന സുരേഷ് മുഖം മാത്രമാണെന്നും, സ്വപ്നയെ മുന്‍ നിര്‍ത്തി സ്വര്‍ണക്കടത്ത് നടത്തിയത് എം ശിവശങ്കറാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, കസ്റ്റംസും അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്.


സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്നാണ് ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. 

30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ കുരുക്കിലാക്കിയത്. കള്ളപ്പണം വെളുപ്പിക്കലിനു പുറമെ, ബിനാമി ഇടപാടും ചുമത്തിയ കുറ്റത്തില്‍ ഉള്‍പ്പെടുന്നു. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. 

സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികള്‍ക്ക് താമസിക്കാന്‍ ശിവശങ്കര്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള അടുപ്പത്തിന്റെ ആഴം ഇതിലൂടെ വ്യക്തമായി.ഈ കാര്യങ്ങളത്രയും അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. 



Post a Comment

0 Comments