Flash News

6/recent/ticker-posts

ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചന നല്‍കി അമിത് ഷാ

Views

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാനുസൃതമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഷാ പറഞ്ഞു.

ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 
‘ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക’, അമിത് ഷാ പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ ആവശ്യം ന്യായമാണെന്ന് ന്യൂസ് 18 ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

അതേസമയം ദേശീയതലത്തില്‍ വലിയ വാര്‍ത്തയായ ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ അമിത് ഷാ ന്യായീകരിച്ചു.

ഹാത്രാസ് സംഭവം വഷളാകാന്‍ കാരണം പൊലീസിന്റെ വീഴ്ചയാണെന്നും യോഗി സര്‍ക്കാരിന്റെ തെറ്റല്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ യോഗി നിയോഗിച്ചെന്നും ഇത് ശരിയായ കാര്യമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

‘ഒരേസമയത്താണ് രാജസ്ഥാനിലും ഹാത്രാസിലും ബലാത്സംഗം നടക്കുന്നത്. എന്നാല്‍ ഹാത്രാസ് മാത്രമാണ് ചര്‍ച്ചയാകുന്നത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് എന്തിനാണ്’, അമിത് ഷാ ചോദിച്ചു.


സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകാന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 സെപ്തംബര്‍ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.


Post a Comment

0 Comments