Flash News

6/recent/ticker-posts

ഇവർ നാടിനു പ്രകാശം പരത്തുന്ന മനുഷ്യ ജന്മങ്ങൾ

Views


       വേങ്ങര പോപ്പുലർ ന്യൂസ്
       റിപ്പോർട്ടർ:- NSNM .PALANI

വിശാലമായ ആകാശത്തിന് കീഴെ വസിക്കുന്ന ജീവനുകളെ കുറിച്ച് പലരും വർണ്ണിക്കാറുണ്ട്. അത്തരം വർണ്ണനകളിൽ എഴുതപ്പെടാത്ത ചില ജീവനുകളെ കുറിച്ച് നാം അറിയേണ്ടതുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ദിവസം മുഴുവൻ ജോലിക്കായി ഉണർന്നിരിക്കുന്ന ഒരു കൂട്ടം അദ്ഭുത ജൻമങ്ങളുണ്ട്. അതെ, നമ്മുടെ കണ്ണുകൾക്ക് വെളിച്ചം പകരുന്ന 
" ലൈൻമാൻമാർ "
     'ലൈൻമാൻ' എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞ ഒരു രൂപമുണ്ട്, മുഷിഞ്ഞ കാക്കി ഷർട്ടും പാൻറും മഞ്ഞ 'ചട്ടിത്തൊപ്പിയും!'ഒരു യാത്ര ചെയ്താൽ ഈ വേഷം കാണാതിരിക്കുന്നത് 
ചുരുക്കം.നമുക്കറിയാം,മഴക്കാലം തുടങ്ങാറാകുമ്പോൾ നമ്മുടെ ചുറ്റുവട്ടങ്ങളിൽ വന്ന് മരച്ചില്ലകളും പടർന്നുപിടിച്ച വള്ളിച്ചെടികളും മറ്റും വെട്ടിമാറ്റുന്ന കാക്കിക്കുള്ളിലെ വിയർത്തൊലിക്കുന്ന ഇരുണ്ട ജീവനുകളെ ...ഈ സന്ദർഭത്തിലേക്ക് നമുക്കൊന്ന് ഊളിയിട്ട് നോക്കാം.രാവിലെ നമ്മൾ ഉണർന്ന് പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സമയം, അല്ലെങ്കിൽ  പത്രം വായിക്കുമ്പോൾ, അല്ലെങ്കിൽ ടിവി കണ്ടിരിക്കുമ്പോൾ,അല്ലെങ്കിൽ ജോലിക്ക് പോകാൻ ഡ്രസ്സ് തേച്ച് മിനുക്കുമ്പോളോ മറ്റോ കറണ്ട് പോയെന്ന് കരുതാം.സ്വാഭാവികമായും നമുക്ക് കലികയറും, അതാണല്ലോ പതിവ്.ഉടനെ നമ്മൾ ചെയ്യുന്നത് കെ. എസ്. ഇ. ബി യിലേക്ക് വിളിക്കും. 'ഇന്നാലിന്ന സ്ഥലത്ത് കറണ്ടില്ല പെട്ടെന്ന് നോക്കണമെന്ന് ' നമ്മൾ അല്പം അഹങ്കാരത്തോടെ പറയുമ്പോൾ  മറുതലക്കൽ നിന്ന് പറയും "ഇന്ന് അഞ്ചു മണിക്ക് കറണ്ട് വരികയുള്ളൂ...ഇന്നലെ മെസ്സേജ് വിട്ടതാണല്ലോ " എന്ന്.എന്നാൽ അഭിമാനികളായ നമ്മൾ വിട്ടുകൊടുക്കാൻ തയ്യാറാകില്ല.അവരെ കണക്കിന് ചീത്ത വിളിക്കും.അപ്പോഴും നമ്മുടെ ഫോണുകളിൽ കറണ്ട് പോകുമെന്ന മെസ്സേജ്  അവഗണനയോടെ കിടക്കുന്നുണ്ടാകും.പിന്നീട് നമ്മൾ പുറത്തേക്ക് നോക്കുമ്പോൾ കാണാൻ കഴിയുന്ന ഒരു കാഴ്ചയുണ്ട്.രണ്ടോ മൂന്നോ ലൈൻമാൻമാർ നമ്മുടെ പറമ്പുകളിൽ കറണ്ട് കമ്പികളിൽ തട്ടി നിൽക്കുന്നതും തട്ടാറായി നിൽക്കുന്നതുമായ നമ്മൾ വച്ചുപിടിപ്പിച്ച മരങ്ങളുടെ ചില്ലകൾ ഏണി വച്ച് കയറി വെട്ടി മാറ്റുന്നു.എത്തിപ്പെടാത്ത ഉയരങ്ങളിലേക്ക് വലിഞ്ഞു കയറി അവർ അവരുടെ ജോലി നിർവ്വഹിക്കുന്നു.ഈ രംഗം കാണുമ്പോൾ നമ്മുടെ നെഞ്ചൊന്നു പിടയ്ക്കും.കാരണം, കഷ്ടപ്പെട്ട് വെച്ചുപിടിപ്പിച്ച മുരിങ്ങമരം തളിർത്ത് പന്തലിച്ചത് വെട്ടിമാറ്റി കളയുന്നത് കാണുമ്പോൾചിലരിൽ നിന്നെങ്കിലും അമർഷത്തിന്റെ ശരവർഷം ഈ പാവം തൊഴിലാളികൾക്കു നേരെ ഉണ്ടാകും.ഇവിടെ നാം അല്ലേ തെറ്റുകാർ...സാമാന്യ ബോധം ഉണ്ടെങ്കിൽ കറണ്ട് കമ്പികൾക്ക് താഴെ മരങ്ങൾ വെച്ചുപിടിപ്പിക്കാതിരിക്കണം.അല്ലെങ്കിൽ അവയെ വളർന്ന് പന്തലിക്കും മുമ്പ് വെട്ടണം.നമ്മുടെ ജീവനെ .സംരക്ഷിക്കാനാണ് രാവിലെ വയറുനിറച്ച് ആഹാരം പോലും കഴിക്കാതെ അവർ ജോലിക്ക് ഇറങ്ങുന്നത്. എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ നാടുകളിൽ നാം കേൾക്കുന്നത്.മുരിങ്ങയില ഓടിക്കാനും മറ്റുമായി തുനിഞ്ഞിറങ്ങിയ എത്ര എത്ര ജീവനുകളാണ് പൊലിഞ്ഞു പോയത്.. ഇങ്ങനെ ധൃതിപിടിച്ച ജോലിക്കിടയിൽ എപ്പോഴെങ്കിലും കത്തിയാളുന്ന വിശപ്പിനെ പേരിന് ശമിപ്പിക്കും.വൈകീട്ട് ജോലി നിർത്തി ആശ്വാസത്തോടെ കൈ കാൽ നീട്ടി നിവർത്തി ഒന്ന് കിടക്കാമെന്ന് കരുതുമ്പോൾ ആയിരിക്കും അവരെ ഫോൺ ചിലക്കുന്നത്. "ഇന്നാലിന്ന സ്ഥലത്ത് ഒരു വാഹനം പോസ്റ്റിലിടിച്ചിരിക്കുന്നു അതിനാൽ കറണ്ട് കമ്പികൾ പൊട്ടി തൂങ്ങി നിൽക്കുകയാണ് പെട്ടെന്ന് അങ്ങോട്ട് ചെല്ലണം" എന്ന സന്ദേശമായിരിക്കും കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാവുക.ഒരു നെടുവീർപ്പോടെ അവരുടെ ഹൃദയത്തിലെ 
' ലൈൻമാൻ 'എന്ന പ്രകാശ പുരുഷൻ ഉണരുന്നു.അവർ സംഭവസ്ഥലത്തേക്കു പുറപ്പെടുന്നു.തളർച്ചയുടെ ക്ഷീണം പോലും വകവെക്കാതെ അവർ അവരുടെ ദൗത്യത്തിനായി തുനിയുമ്പോൾ  പലരുടെയും മുറുമുറുപ്പ് കേൾക്കാൻ ഇടയാകും.അപകട സ്ഥലങ്ങളിലേക്ക് എത്താൻ വൈകി എന്ന കാരണത്താൽ മിക്ക ലൈൻമാൻമാരും മുട്ടൻ തെറി കേട്ടവരായിരിക്കും.ഇത്തരം സന്ദർഭങ്ങളിൽ ആൾക്കൂട്ടത്തിൽ പലരും പേരിനും പ്രശസ്തിക്കും വേണ്ടി വായിലെ എല്ലില്ലാത്ത ഇറച്ചിക്കഷ്ണത്തെ അഴിച്ചുവിടും.അവരങ്ങനെ പെയ്തു കൊണ്ടേയിരിക്കും  വായിലെ നാക്കിന് നികുതി കെട്ടേണ്ടതില്ലല്ലോ.എല്ലാം കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ അവർ കർത്തവ്യം നിറവേറ്റുന്നു.എല്ലാം കെട്ടടങ്ങി രാത്രി ഒന്ന് കിടക്കാൻ നേരം അല്ലെങ്കിൽ  ഉറക്കത്തിലേക്കു വഴുതിയപ്പോഴേക്കും അവിടെ മരം വീണു ലൈൻ പൊട്ടി, ഇവിടെ ഫ്യൂസ് പോയി,അവിടെ വണ്ടി പോസ്റ്റിലിടിച്ചു തുടങ്ങിയ വാർത്തകൾ ഓരോ ലൈൻമാന്റെയും നെഞ്ചിനേൽക്കുന്ന പ്രഹരമാണ്.ഇവിടെ ഇപ്പോൾ നമ്മൾ പറഞ്ഞതായ കാര്യങ്ങളെല്ലാം അവരിൽ നിസ്സാര പ്രശ്നങ്ങളാണ്. ഇതിനപ്പുറം അവരുടെ ജീവിതത്തിൽ മറ്റൊരു കഥ കൂടിയുണ്ട്.
         സാമ്പത്തിക പ്രയാസം കാരണമാണ് പലരും ഇത്തരം ജോലികൾ തിരഞ്ഞെടുക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം ഈ രംഗത്തേക്ക് വന്നവർ വളരെ ചുരുക്കമായിരിക്കും.ഞായറാഴ്ച ദിവസങ്ങളിലും അതുപോലെ പൊതു അവധികളിലും നമ്മൾ കുടുംബത്തോടൊത്ത് പലയിടങ്ങളിലും കറങ്ങാൻ പോകുമ്പോൾ സ്വന്തം അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൂടെയിരുന്ന് കുശലം പറയാനും കല്യാണ സൽക്കാരങ്ങളിലും പാർക്കുകളിലും ബീച്ചുകളിലും പോകാൻ കൊതിക്കുന്ന ലൈൻമാൻ എന്ന് പേരിട്ട മനുഷ്യ രൂപങ്ങൾ റോഡരികിൽ ഏണികൾ വെച്ചുകെട്ടി യും അല്ലെങ്കിൽ പോസ്റ്റിൽ വലിഞ്ഞു കയറിയും നമ്മുടെ കൺകളിൽ പ്രകാശം പരത്താനായി അവർ ഇരു കമ്പികൾ ചേർത്തു കെട്ടുന്നു.നാം അറിയാത്ത നമ്മെ അറിയിക്കാത്ത ഹൃദയം പൊട്ടുന്ന ഒരു നൂറ് കഥകളുണ്ട് അവർക്ക് പറയാൻ . ലൈൻമാൻ ഒരിക്കലും ഒരു അത്ഭുത മനുഷ്യൻ അല്ല. അവരും നമ്മെപ്പോലെ ഉണ്ണാനും ഉറങ്ങാനും ഉല്ലസിക്കാനും ആഗ്രഹിക്കുന്ന മനുഷ്യജന്മങ്ങൾ തന്നെയാണ്.ജോലികൾ തീർന്ന് വീട്ടിലെത്തുന്ന അവർക്ക് പലപ്പോഴും കുടുംബങ്ങളിൽനിന്നും അതിലേറെ പ്രശ്നങ്ങൾ സഹിക്കേണ്ടിവരുന്നവരുണ്ടാകാം.
           ഇനി നമുക്ക് ചില വ്യക്തികളിലൂടെ ലൈൻമാൻ എന്ന തേങ്ങുന്ന ഹൃദയങ്ങളെ മനസ്സിലാക്കാം.അച്ഛനും അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന പ്രദീപിന്റെ കുടുംബംബുദ്ധിമുട്ടും പ്രയാസവും ആരെയുമറിയിക്കാതെ ജീവിതം നയിക്കുകയാണ്.ഭാര്യയുടെ പ്രസവനാൾ അടുത്തെത്തി . തന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പരിശോധനക്ക് വരാത്തതിൽ പരാതി പറയുമ്പോൾ അടുത്ത പോക്കിൽ കൂടെവരാമെന്ന സ്ഥിരം പല്ലവിയാണ് അവന് പറയാനുണ്ടായിരുന്നത്.അന്ന് പ്രദീപ് ജോലിക്ക് ഇറങ്ങിയപ്പോൾ ഇന്ന് വരാൻ വൈകുമെന്നും പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ഉണ്ടെന്നും പറഞ്ഞു.ജോലി തുടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ടുപോയ വിവരമെത്തി.മറ്റാരെയെങ്കിലും പകരം കിട്ടിയാൽ ഉടനെ എത്താം എന്ന് അവൻ ഉറപ്പു നൽകി. പ്രിയപ്പെട്ട ഭാര്യ വേദനകൊണ്ട് ലേബർ റൂമിൽ കിടന്നു പുളയുമ്പോൾ അവനാകട്ടെ രണ്ട് ഏണികൾ ചേർത്ത് കെട്ടി  അതിന് മുകളിൽ കയറി നിന്ന് ജോലിയോടുള്ള ആത്മാർത്ഥത പുലർത്തുന്നു. പക്ഷേ,നിമിഷ നേരം കൊണ്ട് എല്ലാം മാറ്റിമറിച്ചു. എങ്ങനെയോ പ്രദീപിന് ഷോക്കേറ്റു. പിറക്കാൻപോകുന്ന കുഞ്ഞിനെ കാണാതെ പ്രദീപ് അന്ത്യ ശ്വാസം വലിച്ചു.സ്വന്തം ജീവൻ നൽകികൊണ്ട് ഇത്തരക്കാർ നമ്മുടെ കണ്ണുകളിൽ ഇരുട്ട് നീക്കി പ്രകാശം ചൊരിയുന്നത് സ്മരിക്കപ്പെടേണ്ട വിഷയം തന്നെയാണ്.അന്ത്യശ്വാസം വലിക്കുന്ന പിതാവിന് കൂട്ടിരിക്കാൻ കഴിയാതെ പിതാവിന്റെ മരണം കേൾക്കേണ്ടി വന്ന ഓർമ്മകളാണ് സലീമിന് പറയാനുള്ളത്.സ്വന്തം കുഞ്ഞിന്റെ നൂൽകെട്ട് ചടങ്ങിനിടയിൽ പെട്ടെന്ന് ജോലിക്ക് പോകേണ്ടിവരികയും ചലനമറ്റ ശരീരമായ് തിരിച്ചു കൊണ്ടുവരപ്പെട്ടത് ഫിലിപ്പിന്റെ ജീവിതകഥയാണ്.അങ്ങനെ പലർക്കും ഉറ്റവരെ ഇഷ്ടാനിഷ്ടങ്ങൾ നിറവേറ്റാൻ കഴിയാത്ത കണ്ണീർ കഥകൾ പറയാനുണ്ട് ,ഉറ്റവരെ ഊട്ടാനും ഉറക്കാനും സ്വന്തം ജീവൻ കറണ്ടിന് ഭുജിക്കാൻ നൽകിയത് എഴുതപ്പെടാത്ത ചരിത്രത്താളുകളാണ്.
        അതെ, മുഷിഞ്ഞ കാക്കിക്കുള്ളിൽ വെന്തു നീറുന്ന പ്രകാശം പരത്തുന്ന ജീവരൂപങ്ങളാണ് 'ലൈൻമാൻമാർ !'പരിഭവങ്ങളില്ലാത്ത പരാതികളില്ലാത്ത പ്രകാശം പരത്തുന്ന മനുഷ്യജന്മങ്ങൾ '.
     


Post a Comment

1 Comments