Flash News

6/recent/ticker-posts

മഞ്ചേരി മെഡിക്കൽ കോളേജിലെ എന്റെ പതിനേഴു ദിനങ്ങൾ കോവിഡ് കാലത്തെ രോഗാവസ്ഥയെ കുറിച്ച് എല്ലാവരും അറിയണം

Views
മഞ്ചേരി മെഡിക്കൽ കോളേജിലെ എന്റെ പതിനേഴു  ദിനങ്ങൾ കോവിഡ് കാലത്തെ രോഗാവസ്ഥയെ കുറിച്ച് എല്ലാവരും അറിയണം 

എൻ്റെ പേര് വീരാൻ കുട്ടി.

സെപ്റ്റംബർ 20നാണ് ചുമ കാരണം ഞാൻ ഡോക്ടറെ കാണാൻ പോയത് മൗലാനയിൽ. ചെന്ന ഉടനെ കോവിഡ് ടെസ്റ്റ് നടത്തണമെന്നായി, പ്രത്യേക പനിയൊ മററു പ്രശ്നങ്ങൾ ഇല്ലാത്തത് കൊണ്ടു് പരിശോധനക്ക് സമ്മതിച്ചു. 2 മണിക്കൂർ കഴിഞ്ഞപ്പോൾ ഫലം പോസിറ്റീവ്. പിന്നെ വധശിക്ഷക്ക് വിധിച്ച പോലെയായിരുന്നു. എന്തായാലും ചെന്ന കാറിൽ തന്നെ സ്വയം മഞ്ചേരിക്ക് പോയി.

എമർജൻസിയിൽ അഡ്മിറ്റായി, രാത്രി 2 മണിക്ക് വാർഡിലേക്ക് മാറ്റി, രണ്ട് ദിവസം കാര്യമായ പരിചരണം ഒന്നും കിട്ടിയില്ല. സംഗതി ഞാൻ വഷളാകാൻ തുടങ്ങി, ചുമയും ശ്വാസംമുട്ടലും വളരെ കൂടി, ഓക്സിജൻ തന്ന് നഴ്സ് പോയി. പിറ്റെന്ന്  പലരെയും വിളിച്ചു വളരെ ഇടപെടൽ നടത്തിയതിൻ്റെ ഫലമായി വാർഡിൽ നിന്നും രണ്ടാം ദിവസം ICU വിലേക്ക്....

അവിടെയാണ് നമ്മുടെ കഥ തുടങ്ങുന്നത് . മുസ്ല്യാമാർ പറയും നാളെ മഹ്ശറ ലോകത്ത് ആരും തുണയുണ്ടാവില്ല എന്ന്, പക്ഷെ മരിക്കും മുമ്പ് തന്നെ ആ മഹ്‌ശറ നേരിൽ കണ്ടു....

21 പേർക്ക് രണ്ട് സിസ്റ്റർമാർ, രണ്ടു് തൂപ്പുകാരും. പ്രധാന ഡോക്ടർമാർ ആ വഴി തന്നെ വരില്ല വരുന്നത് ജൂനിയർ ഡോക്ടർമാർ മാത്രം.

ICU വിലെ രോഗിക്ക് മിനിമം രണ്ടാൾ വേണം കൂട്ടിന്, പക്ഷെ ഒരാളും ഇല്ല. വെള്ളം ആവശ്യമുണ്ടെങ്കിൽ - മരുന്ന് ആവശ്യമുണ്ടെങ്കിൽ. ഒന്ന് ബാത്ത് റൂമിൽ പോകാൻ - ഒന്ന് തടവികൊടുക്കാൻ - ഒന്ന് ആശ്വ ഷിപ്പിക്കാൻ - ഒന്ന് ദൈര്യം കൊടുക്കാൻ ഒരാളില്ലാതെ ഏകനായി മരണത്തെ മുഖാമുഖം കണ്ട് ഒരു കിടത്തം

എന്റെ മുമ്പിലൂടെയാണ് ഒരു അസൈനാർ ഹാജി, വളരെ കഷ്ടപ്പെട്ട് നടന്ന് ബാത്ത് റൂമിലേക്ക് പോയത്, അയാളുടെ അവസ്ഥയിൽ മകനെ വിളിച്ച് വരുത്തിയിരുന്നു. ബാത്ത് റൂമിൽ ഹാജി തളർന്ന് വീണു, താങ്ങി പിടിച്ച് കട്ടിലിൽ കൊണ്ട് വന്ന് കിടത്തി, 15 മിനുട്ട് - ഹാജി യാത്ര പറഞ്ഞു. പിന്നെ മകൻ അടുത്തേക്ക് ചെന്നില്ല , കണ്ണ് തുറിച്ച് വായ തുറന്ന് ഒരു കാൽ മടക്കി ഹാജി കിടന്നു. ഒരാളും ആ മയ്യത്തിന്റെ അടുത്തേക്ക് ചെന്നില്ല, മകനോട് കണ്ണ് അടച്ച് താടി കെട്ടി കൊടുക്കാൻ ഞാൻ പറഞ്ഞു, പക്ഷെ അവൻ ചെയ്തില്ല,  അതാണ് കോവിഡ്- 19. രണ്ടു മണിക്കൂർ കഴിഞ് റിസൽട്ട് വന്നു പോസിറ്റീവ്.

മൂത്രത്തിൽ കുളിച്ച്, ചിലപ്പോൾ അപ്പിയും ഉണ്ടാവാം. ഹാജിയെ അങ്ങിനെ പാക്ക് ചെയ്തു, പ്ലാസ്റ്റിക്കിലും തുണിയിലുമായി പിന്നീട് ഒരു പെട്ടിയിൽ ഇറക്കി സന്നദ്ധ പ്രവർത്തകർക്ക് കൈമാറി. അങ്ങിനെ മരിക്കുന്നവരുടെ കുടുംബങ്ങൾ അറിയുന്നത് തന്നെ മണിക്കൂറുകൾ കഴിഞ്ഞാണ്.

ആ മയ്യത്ത് ഒരു അനാഥ പ്രേതമായി. സന്നദ്ധ സംഘടനകൾ മയ്യത്തും കരവളപ്പിൽ ഒരു മൂലയിൽ JCB മാന്തി കബറാക്കി അതിൽ ഇറക്കി JCB തന്നെ മണ്ണിട്ട് മൂടും. വളർത്തി വലുതാക്കിയ മക്കൾക്ക്, കൂടെ കിടന്ന ഭാര്യക്ക്, സ്വന്തം സഹോദരങ്ങൾ, ഒപ്പം നാട്ടുകാർക്, ആർക്കും വേണ്ട.

അവസാനമായി ഒന്ന് കുളിപ്പിക്കാൻ, കഫം ചെയ്യാൻ, ഹെൽത്ത് വിഭാഗം അനുവദിക്കില്ല. ആരെയും അടുക്കാനും സമ്മതിക്കില്ല. ആശുപത്രി ബെഡിൽ വെച്ച് പൊതിയുന്ന മയ്യത്ത് അതോടെ മറയുന്നു.

എന്റെ ഉറ്റവർക്ക് അന്ത്യകർമ്മം ചെയ്യാൻ വഴിയുണ്ടൊ എന്ന് ഒരാളും അന്യേഷിക്കില്ല, നെജസോടെ കെട്ടിപൊതിഞ്ഞ മയ്യത്തിന് ലോറി കയറി ചത്ത പട്ടി കുട്ടിയുടെ വില പോലും ഇല്ല.

കുളിപ്പിക്കൽ - കഫം ചെയ്യൽ - ഒരു യാസീൻ - ഒരു പ്രാർത്ഥന - അവസാനം മൂന്ന് പിടി മണ്ണ് ഒന്നുമില്ല, വണ്ടികയറിയ പട്ടി കുട്ടിയുടെ വില പോലും ഇല്ല.

മക്കളെ സൂക്ഷിച്ചൊ ഇതാണ് ഈ രോഗം...

പിറ്റെന്ന് കാലത്ത് അതെ കട്ടിലിൽ ഒരു പ്രേമയെ കൊണ്ടുവന്ന് കിടത്തി, എല്ലാവരുടെ തലഭാഗത്തും പേരെഴുതി ഒട്ടിക്കും. പ്രേമ ദൈവത്തെയും അമ്മയെയും വിളിച്ച് കുറെ കരഞ്ഞു, ഒടുവിൽ വെള്ളം വെള്ളം എന്ന് പറഞ്ഞു. ഞാനും കോവിഡ് രോഗി അവളും കോവിഡ് രോഗി. എന്റെ പക്കലുള്ള കുപ്പിവെള്ളം വായിൽ ഒഴിച്ച് കൊടുത്തു, അര മണിക്കൂർ കഴിഞ്ഞ് സിസ്റ്റർ വന്ന് ട്രിപ്പ് കൊടുക്കാൻ നോക്കമ്പോൾ പ്രേമ പോയി കഴിഞ്ഞിരുന്നു.

എന്റെ ഇടത് ഭാഗത്ത് ഒന്നര മീറ്റർ അകലത്തിൽ ഒരു ഹസ്സൻകോയ കിടന്നിരുന്നു. മൂന്ന് മണിക്ക് മക്കൾ ഫോണിൽ വിളിച്ച് കുറെ ആശ്വസിപ്പിച്ചിരുന്നു. 5 മണിക്ക് ചായ കിട്ടി കുടിച്ചു ഞാൻ കിടന്ന് ഒന്ന് മയങ്ങി പോയി, 6 മണിക്ക് ഞാൻ ഉണരുമ്പോൾ എന്റെ സുഹൃത്തിനെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞിരുന്നു.

അവിടന്ന് പോയി നിയന്ത്രണം, എത്ര നിയന്ത്രിച്ചിട്ടും പിടിച്ച് നിൽക്കാൻ സാധിക്കാതെ കുറെ കരഞ്ഞു, അല്ലാതെ എന്ത് ചെയ്യാൻ?

ഒരാളും ആശ്വസിപിക്കാനൊ സമാധാനപ്പെടുത്താനൊ ഇല്ല,, മരണങ്ങളെ മുഖാമുഖം കാണുന്നു. ഹൃദ്രോഗം, ഡയബറ്റിക്ക്,
ബി.പിയും ആവോളം ഉണ്ടു്, കൂടെ കോവിഡും. മടക്കമില്ല എന്ന് മനസ്സിൽ ഉറപ്പിച്ച സമയങ്ങൾ, ടെൻഷൻ കുടി അബോധാവസ്ഥയിലേക്ക് പോയി. ഒരു മണിക്കർ കഴിഞ്ഞ് ബോധം വരും നേരം മുഖത്ത് കുറെ മെഷിനറികൾ. വീട്ടിൽ വിളിച്ച് പറയാൻ നാവ് പൊങ്ങുന്നുമില്ല അന്ന് അങ്ങിനെ കടന്ന് പോയി.
എന്നെ എന്റെ കട്ടിലിൽ നിന്ന് ഉടനെ മാറ്റിതരണമെന്ന് പറഞ്ഞ് ഞാൻ ബഹളം വെച്ചു, ഒടുവിൽ മാറ്റി തന്നു. അത് ഒരു കുഞ്ഞീതു ഹാജിയുടെ കട്ടിലിനടുത്തേക്ക് 70 വയസ്സ് കാണും. ഉടുതുണി പോയിട്ട് ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് പോലും ഇല്ലാതെ മലത്തിലും മൂത്രത്തിലും ഹാജി കിടന്ന് ഉരുളുന്നു, ഞാൻ നഴ്സിനെ വിളിച്ച് മറച്ച് കൊടുക്കാൻ പറഞ്ഞു, അത് ചെയ്തു. ഭക്ഷണം, മരുന്ന് എന്തങ്കിലും ഒന്ന് കൊടുക്കാൻ ഒരാളില്ല. ക്ഷീണവും ഭക്ഷണമില്ലായ്മയും ഹാജിയെ വല്ലാതെ തളർത്തിയിരുന്നു. പിറ്റെന്ന് പുലർച്ചെ ഹാജിയാർ എവിടെ എന്ന് ചോദിച്ചു, ഹാജിയാർ പോയി എന്ന് പറഞ്ഞു.

ഏഴു ദിവസത്തെ ICU ജീവിതത്തിൽ എട്ടോളം പേർ അങ്ങിനെ ഇടത്തും വലത്തും ആയി പോയി.
എന്താണ് അവിടത്തെ കിടത്തം, ആരോട് പറയാൻ?  സ്വയം സഹിച്ച് മരണം വരുന്നുണ്ടൊ എന്ന കാത്ത് കിടപ്പ്, ആ കിടത്തം ഒന്ന് ആലോചിച്ച് നോക്ക്......

വീട്ടിൽ നിന്നും ഇറങ്ങുന്ന നേരം അവരെ ഒക്കെ കണ്ടു, പിന്നെ ആര് കാണാൻ? കോവിഡ് രോഗി മരിച്ചു, ഒരാളും തിരിഞ്ഞ് നോക്കാനില്ലാതെ, കണ്ണീർ പൊഴിക്കാൻ ഒരാളില്ലാതെ, ഉപ്പാനെ, ഉമ്മാനെ, കൂടെപിറപ്പിനെ ഒന്ന് കാണണം എന്ന് പറയാനും ആളില്ലാതെ.  നിമിഷ സമയത്തിനകം പ്ലാസ്റ്റക്ക് കീശയിലും പിന്നിട് പെട്ടിയിലുമായി പോകുന്നത് കണ്ടു് കിടക്കുന്നവന്റെ അവസ്ഥ.

ഏതായാലും അനവധി ആളുകളുടെ പ്രാർത്ഥന എന്നെ എന്റെ വീട്ടിൽ എത്തിച്ചു. ശാരീരിക അവസ്ഥ മോശമാണെങ്കിലും മക്കളുടെ ഇടയിലുണ്ടു്.

എല്ലാവരോടും ഒന്നെ പറയാനുള്ളൂ ഈ രോഗം അശ്രദ്ധ കൊണ്ടു് ആരും വാങ്ങി വെക്കരുത് സൂക്ഷിക്കുക.

ശീലത്ത് വീരാൻ കുട്ടി


Post a Comment

0 Comments