Flash News

6/recent/ticker-posts

മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ തീവ്രവാദി മുദ്ര; യു.പി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

Views
ന്യൂഡല്‍ഹി: ഹാത്രാസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കുമെതിരെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം.

മാധ്യമ പ്രവര്‍ത്തകനെതിരായ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബെഹനാന്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

പ്രമുഖ അഭിഭാഷകരായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും യു.പി പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. വസ്തുതകള്‍ പുറത്തു കൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യത്തില്‍നിന്ന് ഇത്തരം അടിച്ചമര്‍ത്തലുകള്‍ മാധ്യമ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകനെ പൊലീസ് ജയിലിലാക്കിയതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് കെ.എം. ഖാദര്‍ മൊയ്തീന്‍, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, കെ. നവാസ് കനി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിദ്ദീഖ് കാപ്പന്‍ അടക്കം പിടികൂടിയ നാലുപേര്‍. അഭിഭാഷകര്‍ക്ക് കാണാന്‍ അനുമതി ലഭിച്ചില്ല. ഇതിനിടെ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി ഈ മാസം 12ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.


Post a Comment

0 Comments