Flash News

6/recent/ticker-posts

സിദ്ധിഖ് കാപ്പന്‍ നിരപരാധി; മോചനത്തിനു മുഖ്യമന്ത്രി ഇടപെടണമെന്നും ഭാര്യ..

Views
സിദ്ധിഖ് കാപ്പന്‍ നിരപരാധി; മോചനത്തിനു മുഖ്യമന്ത്രി ഇടപെടണമെന്നും ഭാര്യ
 
ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ മോചനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത് സിദ്ധിഖ്. അദ്ദേഹത്തെ വിട്ടയ്ക്കാനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനുവദിക്കാനും സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും ശബ്ദമുയര്‍ത്തണമെന്നും റൈഹാനത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്‌ടോബര്‍ അഞ്ചിനാണു മധുര ടോൾപ്ലാസയിൽവച്ച് സിദ്ധിഖിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് യുഎപിഎ ചുമത്തിയിരുന്നു. മധുര മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. ഹാഥ്റസില്‍ കലാപത്തിന് ശ്രമിച്ചെന്ന മറ്റൊരു കേസ് കൂടി സിദ്ദിഖ് കാപ്പനെതിരെയുണ്ട്. ഹാഥ്റസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഈ കേസിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

സിദ്ധിഖിന്റെ കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണു യുപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു റെഹാനത്ത് ആരോപിച്ചു. ജാമ്യഹര്‍ജി നല്‍കുന്നതിന് അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങാനോ സംസാരിക്കാനോ അഭിഭാഷകന് അവസരം ലഭിച്ചിട്ടില്ല. സിദ്ധിഖിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്നു മക്കളുണ്ട്. വയസായ ഉമ്മയുണ്ട്. അദ്ദേഹത്തിന്റെ അസുഖത്തിന്റെ സ്ഥിതി എന്താണ് തങ്ങള്‍ക്കറിയില്ലെന്നും റൈഹാനത്ത് പറഞ്ഞു.

സിദ്ധിഖ് എല്ലാ കാര്യങ്ങളിലും നിക്ഷ്പക്ഷമായി ഇടപെടുന്ന ആളാണ്. അദ്ദേഹം നൂറു ശതമാനം നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ട്. യുപി പൊലീസ് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നറിയില്ല. തന്റെ ഭര്‍ത്താവിന് നീതി കിട്ടണം. മാധ്യമപ്രവര്‍ത്തനം തെറ്റാണെന്ന രീതിയിലേക്കു കാര്യങ്ങള്‍ കൊണ്ടുപോകരുത്. മാധ്യമപ്രവര്‍ത്തകരെ കക്ഷിരാഷ്ട്രീയമോ വര്‍ഗീയമോ ആയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ബലിയാടാക്കുന്നത് അനീതിയാണെന്നും റൈഹാനത്ത് പറഞ്ഞു.


രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ ചെന്നുകണ്ട് നിവേദനം കൊടുത്തിരുന്നു. അദ്ദേഹം വേണ്ടപോലെ ചെയ്യാമെന്നു പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി ഇടപെടുമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞതുപോലെ എന്തെങ്കിലും ചെയ്തതായി കേട്ടിട്ടില്ലെന്നും റൈഹാനത്ത് പറഞ്ഞു.

സിദ്ധിഖ് കാപ്പന്റെ മോചനത്തിനായി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ ശബ്ദമുയരണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്‍കരം സോണിയ ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments