Flash News

6/recent/ticker-posts

അപകടത്തിൽപെട്ട യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ ട്രിപ്പ് മുടക്കി രക്ഷാപ്രവർത്തനം; ഒപ്പം യാത്രക്കാരും.

Views



കൊണ്ടോട്ടി: സ്വകാര്യ ബസുകളുടെ അമിത വേഗത്തെക്കുറിച്ചുള്ള പരാതികൾ കേട്ടു ശീലിച്ചവർക്ക് മുസല്യാരങ്ങാടിയിൽ നിന്നുള്ളത് വ്യത്യസ്ത വാർത്തയാണ്. 2 ദിവസം മുൻപാണ് സംഭവം. പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കു പോകുന്ന സന ബസിലെ ജീവനക്കാർ മുസല്യാരങ്ങാടിയിൽ അപകടത്തിൽപെട്ട യുവാക്കളെ ട്രിപ്പ് മുടക്കിയാണ് ആശുപത്രിയിലെത്തിച്ചത്. യാത്ര മുടങ്ങിയെങ്കിലും ബസ് ജീവനക്കാർക്കൊപ്പം യാത്രക്കാരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ഇതേക്കുറിച്ച് യാത്രക്കാരും നാട്ടുകാരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതോടെ ഡ്രൈവർ മണ്ണാർക്കാട് ചിറക്കൽപടി കെ.പി.ജാഫർ സാദിഖും കണ്ടക്ടർ കൊണ്ടോട്ടി കോടങ്ങാട് സ്വദേശി റഫീഖും താരങ്ങളായി.

സംഭവത്തെക്കുറിച്ചു ഡ്രൈവർ ജാഫർ സാദിഖ് പറയുന്നതിങ്ങനെ: ‘വൈകിട്ട് 5.50. മുസല്യാരങ്ങാടി കഴിഞ്ഞപ്പോൾ ഗതാഗതക്കുരുക്ക്. 2 യുവാക്കൾ റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്നു. ഒരാൾ പിടയുന്നുണ്ട്. ആരും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതായി കണ്ടില്ല. പല വാഹനങ്ങൾക്കും കൈകാണിക്കുന്നുണ്ട്. ആരും നിർത്തുന്നില്ല. കാണാത്തതുപോലെ മുന്നോട്ടുപോകാൻ സാധിച്ചില്ല. ടൂൾ ബോക്സിനു മുകളിലെ കുഷ്യൻ‍ അഴിച്ചെടുത്താണു പരുക്കേറ്റവരെ ബസിൽ കിടത്തിയത്.  ദേശീയപാതയിൽനിന്ന് ആശുപത്രിയിലേക്കുള്ള വീതി കുറ‍ഞ്ഞ റോഡിലേക്കു പ്രവേശിച്ചപ്പോൾ മരച്ചില്ലയിൽ തട്ടി ഒരു വശത്തെ കണ്ണാടി തകർന്നു.  

തിരിച്ചിറങ്ങുമ്പോൾ ആ മരച്ചില്ലകൾ ബസിൽ തട്ടാതിരിക്കാൻ ആശുപത്രി ജീവനക്കാരും നാട്ടുകാരും സഹായിച്ചു. അഭിനന്ദനമറിയിച്ചാണ് അവർ യാത്രയാക്കിയത്. സമയം വൈകിയതോടെ ട്രിപ്പ് നഷ്ടമായി. കാലിയടിച്ചാണു പിന്നെ കോഴിക്കോട്ടേക്കു മടങ്ങിയതെങ്കിലും ആ യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിൽ ആശ്വസിക്കുന്നു.’’ സന ബസിന്റെ മാനേജർ കൂടിയാണു ജാഫർ സാദിഖ്.


Post a Comment

0 Comments