Flash News

6/recent/ticker-posts

എന്റെ ഭക്ഷണം എന്റെ പ്ലേറ്റില്‍: പോളിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടറുടെ കത്ത്

Views


ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയിലെ പോളിംഗ്   ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ  കത്ത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്ലേറ്റും ഗ്ലാസും സ്പൂണും കരുതണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേശം. ഹരിത മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവ സംയുക്തമായി നടത്തുന്ന ‘ എന്റെ ഭക്ഷണം എന്റെ പ്ലേറ്റില്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ  നിര്‍ദേശം.

ഏറിയാല്‍ 250 ഗ്രാം ഭാരം വരുന്ന ഈ പാത്രങ്ങള്‍ കൈയില്‍ കരുതുമ്പോള്‍ രണ്ടു ദിവസം കൊണ്ടുണ്ടാകുന്ന ടണ്‍ കണക്കിന് ഡിസ്‌പോസിബിള്‍ മാലിന്യത്തില്‍ തങ്ങളുടെ പങ്ക് കുറക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്ന് ജില്ലാ കലക്ടര്‍ കത്തില്‍ സൂചിപ്പിച്ചു. ഉല്‍പാദനത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അണുവിമുക്തമാക്കാത്ത പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ പരിശുദ്ധമെന്ന് കരുതി നാം ഉപയോഗിക്കുന്നത് തെറ്റായ ധാരണ കൊണ്ടാണ്. സോപ്പിട്ടു കഴുകിയ സ്റ്റീല്‍ പാത്രങ്ങളുടെ സുരക്ഷിതത്വം മറ്റൊന്നിനും നല്‍കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപയോഗിച്ച മാസ്‌ക്, ഗ്ലൗസുകള്‍ എന്നിവ പ്രത്യേക കവറുകളില്‍ നിക്ഷേപിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.


Post a Comment

0 Comments