Flash News

6/recent/ticker-posts

നാട്ടുകാർ അവനെ കുരങ്ങനെന്ന് വിളിക്കുന്നു ; പുല്ലും പഴങ്ങളും ഇഷ്ടഭക്ഷണങ്ങൾ, ആഴ്ചയിൽ 230 കിലോമീറ്ററിലേറെ സഞ്ചാരം - അടുത്തറിയാം ഈ ഇരുപത്തിയൊന്നുകാരനെ..

Views

 

കാട്ടിൽ മൃഗങ്ങൾക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടാകാൻ വഴിയില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ, ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന 21 -കാരനായ സാൻസിമാൻ എല്ലി അത്തരത്തിലൊരാളാണ്. 



എല്ലിയുടെ അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഉണ്ടായതാണ് അവൻ. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ അവൻ ദൈവത്തിന്റെ അനുഗ്രഹമാണ് എന്നവർ വിശ്വസിക്കുന്നു. അതേസമയം ഒരു സാധാരണ മനുഷ്യന്റേതു പോലെയല്ല അവന്റെ പെരുമാറ്റം എന്നത് ആ അമ്മയെ ഒരുപാട് വിഷമിപ്പിക്കുന്നു.  

പഠിക്കാൻ ബുദ്ധിമുട്ടുകളുള്ള എല്ലി സ്കൂളിൽ പോയിട്ടില്ല. അവന് മറ്റ് ഗ്രാമവാസികളെ ഭയമാണ്. റുവാണ്ടയിലെ തന്റെ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് അവന്റെ താമസം. അമ്മ ഉണ്ടാക്കുന്ന ഭക്ഷണമൊന്നും അവനിഷ്ടമല്ല. പകരം വനത്തിലുള്ള പഴങ്ങളും വാഴപ്പഴവും മറ്റും കഴിക്കാനാണ് അവന് താല്പര്യം. 


ചിലപ്പോൾ പുല്ലും അവൻ ഭക്ഷണമാക്കാറുണ്ട്. അവന് മൈക്രോസെഫാലി എന്ന രോഗാവസ്ഥയുമുണ്ട്. ആ രോഗമുള്ള ഒരു കുഞ്ഞിന്റെ തല പ്രതീക്ഷിച്ചതിലും വളരെ ചെറുതായിരിക്കും. ജനിച്ചപ്പോൾ അവന്റെ തലയ്ക്ക് ഒരു ടെന്നീസ് ബോളിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ എന്നവന്റെ അമ്മ പറയുന്നു. അവന്റെ അസാധാരണമായ രൂപവും, ജീവിതരീതിയും കാരണം ക്രൂരരായ നാട്ടുകാർ അവനെ കുരങ്ങനെന്ന് വിളിച്ച് കളിയാക്കുന്നു.


നാട്ടുകാരുടെ പരിഹാസവും, അവഗണയും സഹിക്കാൻ വയ്യാതെ വരുമ്പോൾ അവൻ കാടുകയറും. അവന്റെ മുഖസവിശേഷതകൾ പറഞ്ഞും, പ്രവൃത്തികൾ പറഞ്ഞും നാട്ടുകാർ അവനെ നിരന്തരം വിമർശിക്കുമെന്ന് അമ്മ പറയുന്നു. നാട്ടുകാരുടെ നിരന്തരമായ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ, മണിക്കൂറുകളോളം കാട്ടിലൂടെ കാൽനടയായി അവൻ സഞ്ചരിക്കും. ഇതുമൂലം വേഗത്തിൽ ഓടാനും മരത്തിൽ അള്ളിപ്പിടിച്ച് കയറാനും അവൻ പഠിച്ചു. 

ചിലപ്പോൾ ആഴ്ചയിൽ 230 കിലോമീറ്റർ ദൂരം വരെ അവൻ സഞ്ചരിക്കും. അവനെ വീട്ടിലേയ്ക്ക് കൊണ്ടുവരാൻ അമ്മ പാടുപെടുന്നു. ചിലപ്പോൾ ഓടിപ്പോകാതിരിക്കാൻ അമ്മ അവനെ കയറുകൊണ്ട് കെട്ടിയിടുന്നു. അവന് സംസാരിക്കാനോ, സ്വന്തമായി ഒന്നും ചെയ്യാനോ സാധിക്കില്ല. മറിച്ച് നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാൻ മാത്രമേ സാധിക്കൂ. എല്ലിയുടെ അമ്മ ഈ വർഷങ്ങളിലെല്ലാം മകനെ സ്നേഹപൂർവ്വം പരിപാലിച്ചു. എന്നാൽ, ഇന്ന് അവരുടെ സാഹചര്യങ്ങൾ മോശമാണ്. ഇപ്പോൾ കുടുംബത്തെ പോറ്റാൻ അവർ കഷ്ടപ്പെടുകയാണ്.


ഏറ്റവും കഷ്ടം നാട്ടുകാരുടെ പരിഹാസമാണ്. അയൽക്കാർ മകനെ ഒരു മനുഷ്യനായിട്ടല്ല, കുരങ്ങായിട്ടാണ് കാണുന്നതെന്നും, അവനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും അമ്മ പറഞ്ഞു. “ഇത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. അവനെ അടിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കില്ല. അവർ അവനെ ശകാരിക്കുകയും അവനെ കുരങ്ങൻ എന്ന് വിളിക്കുകയും ചെയ്യുന്നു. 


ആളുകൾ എന്റെ മകനെ ഭീഷണിപ്പെടുത്തുന്നത് കേൾക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്," അമ്മ തുടർന്നു. “കുട്ടികൾ മാത്രമല്ല, മുതിർന്നവരും അവനെ ഒരു കരുണയുമില്ലാതെ അപമാനിക്കുന്നു. അവർ അവനെ മനുഷ്യനായിട്ടല്ല കാണുന്നത്, അവർക്ക് അവൻ ഒരു മൃഗം മാത്രമാണ്" കണ്ണീരോടെ ആ അമ്മ പറയുന്നു. അതുകൊണ്ട് തന്നെ അവൻ അവസരം കിട്ടുമ്പോഴെല്ലാം കാടു കയറുന്നു. നാട്ടുകാരുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്തിൽ നിന്ന് രക്ഷനേടാൻ കാടിന്റെ സ്വച്ഛതയിൽ അവൻ അഭയം തേടുന്നു. ആരുടേയും വിമർശനങ്ങളെയും, കളിയാക്കലുകളെയും ഭയക്കാതെ അവിടെ അവന് ജീവിക്കാം.



Post a Comment

0 Comments