Flash News

6/recent/ticker-posts

പള്ളികളിലെ ഉച്ചഭാഷിണികൾ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നുവെന്നും അവ നിരോധിക്കണമെന്നും ആവശ്യം

Views
മുംബൈ: മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേനയുടെ ആവശ്യം പറഞ്ഞിരിക്കുന്നത്. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്ന എഡിറ്റോറിയല്‍ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്.

മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യം സാമ്ന ഉയര്‍ത്തുന്നത്. ഒരു ഉര്‍ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന നിര്‍ദേശം മുംബൈ സൗത്ത് വിഭാഗ് പ്രമുഖ് ആയ സക്പാല്‍ മുന്നോട്ടുവെച്ചത്.

ഹിന്ദുമതസ്ഥര്‍ക്ക് ആരതി എന്നതു പോലെയാണ് മുസ്ലിംകള്‍ക്ക് ബാങ്കെന്നും മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന താന്‍ സ്ഥിരമായി ബാങ്ക് കേള്‍ക്കാറുണ്ടെന്നും സക്പാല്‍ പറഞ്ഞു. ബാലാസാഹെബ് (ബാല്‍ താക്കറെ) ഒരു മതത്തിനും എതിരായിരുന്നില്ല. ഉദ്ധവ് താക്കറെയും എല്ലാ മതങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന ആശയക്കാരനാണ് എന്നും പാണ്ഡുരംഗ് സക്പാല്‍ പറഞ്ഞിരുന്നു.

പാണ്ഡുരംഗ് സക്പാലിന്റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി പ്രതികരിച്ചത്. ശിവസേന ഹിന്ദുത്വം കൈവിട്ടു കഴിഞ്ഞു. വോട്ടിനു വേണ്ടി മുസ്ലിംങ്ങളെ പ്രേരിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ബാങ്ക് മത്സരം നടത്തുന്നത്. ഇനിയിപ്പോള്‍ സേനക്ക് ചുമലില്‍ പച്ചക്കൊടി ചുമക്കുകയേ വേണ്ടൂയെന്ന് ബി.ജെ.പി എം.എല്‍.എ അതുല്‍ ഭട്കല്‍കര്‍ പറഞ്ഞിരുന്നു.
 
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി പത്രാധിപയും മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എക്സിക്യൂട്ടീവ് എഡിറ്ററുമായ സാമ്ന പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ശബ്ദ മലിനീകരണം ഇല്ലാതാക്കുന്നതിനായി മുസ്ലിം പള്ളികളിലെ ലൗഡ്സ്പീക്കര്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും എഡിറ്റോറിയല്‍ പറയുന്നു


Post a Comment

0 Comments