Flash News

6/recent/ticker-posts

യാത്രാ വിലക്ക് നീട്ടി സൗദി; യു.എ.ഇയിലുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു

Views

അബുദാബി: യാത്രാ വിലക്കു നീക്കുന്നത് മെയ് 17-ലേക്കു നീട്ടിയതോടെ യു.എ.ഇയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന സൗദി വിസക്കാരായ മലയാളികള്‍ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. സൗദി അതിര്‍ത്തി തുറക്കാന്‍ ഇനിയും രണ്ടു മാസത്തിലേറെ വേണ്ടിവരുമെന്നിരിക്കെ അതുവരെ യു.എ.ഇയില്‍ തങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് തിരിച്ചുപോകുന്നത്.

പലരും ബഹ്‌റൈന്‍, ഒമാന്‍, നേപ്പാള്‍ വഴി സൗദിയിലേക്കു പോകുന്നുണ്ട്. ഇതിനു പണം കൂടുതല്‍ ചിലവഴിക്കേണ്ടി വരും. ഇന്ത്യയില്‍നിന്ന് നേരിട്ടു വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ യു.എ.ഇയിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്കു പോകാന്‍ എത്തിയവരാണ് ഇപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത്. 

ഗ്രീന്‍ പട്ടികയിലുള്ള രാജ്യക്കാര്‍ക്കു മാത്രമേ നിലവില്‍ സൗദിയിലേക്കു പോകാന്‍ കഴിയൂ. ബഹ്‌റൈന്‍ വഴി ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ പോകുന്നവര്‍ക്ക് 15 ദിവസത്തെ വിസ, ടിക്കറ്റ് താമസം, ഭക്ഷണം ഉള്‍പ്പെടെ 60,000-75000 രൂപ വരെ ചെലവു വരും.

നേരത്തെ ഒമാന്‍ വഴിയാണ് പലരും പോയിരുന്നതെങ്കിലും അവിടെ ക്വാറന്റൈന് ഹോട്ടല്‍ താമസം നിര്‍ബന്ധമാക്കിയതിനാല്‍ പാക്കേജിന് ഒരു ലക്ഷത്തിലേറെ രൂപ ഈടാക്കാന്‍ തുടങ്ങി. ഇതോടെ ഒമാന്‍ വഴിയുള്ള മലയാളികളുടെ യാത്ര കുറഞ്ഞു.

ഒമാനില്‍ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്. ബദല്‍മാര്‍ഗം തേടിയുള്ള മലയാളികളുടെ അന്വേഷണത്തില്‍ ചെലവു കുറഞ്ഞ മാര്‍ഗമായി പലരും നേപ്പാള്‍ വഴിയാണ് പോകുന്നത്. 

സൗദിയിലേക്കു പോകാനായി ദുബൈയില്‍നിന്ന് 237 മലയാളികള്‍ ഇങ്ങനെ നേപ്പാളില്‍ എത്തിയിട്ടുണ്ട്. ഇവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്കു പോകും. ചിലര്‍ മാലി വഴിയും സൗദിയിലേക്കു പോകുന്നുണ്ട്.


Post a Comment

0 Comments