Flash News

6/recent/ticker-posts

രണ്ടാം തരംഗം നമ്മളുണ്ടാക്കിയതാണ്; ഉറപ്പ്‌രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാലത്ത് കുറഞ്ഞ രോഗികളുടെ എണ്ണം കുത്തനെ കൂടി.

Views


രണ്ടാം തരംഗം നമ്മളുണ്ടാക്കിയതാണ്; ഉറപ്പ്‌ രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാലത്ത് കുറഞ്ഞ രോഗികളുടെ എണ്ണം കുത്തനെ കൂടി

രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാലത്ത് കുറഞ്ഞ രോഗികളുടെ എണ്ണം കുത്തനെ കൂടി ദിവസേന ഒന്നരലക്ഷത്തിലധികമായിരിക്കുന്നു. കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ജനിതകമാറ്റത്തിലൂടെ വ്യാപനശേഷി കൂടിയ വൈറസാണ് ഇപ്പോള്‍ പടരുന്നത് എന്ന സംശയവും നിലനില്‍ക്കുന്നു. ആ നിലക്കാണ് രണ്ടാം തരംഗമെന്ന് വിശേഷിപ്പിക്കപ്പെടുന്നതെന്ന് തോന്നുന്നു. 2019 ഡിസംബറില്‍ ചൈനയില്‍ തുടങ്ങുകയും 2020 മാര്‍ച്ചില്‍ ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്ത കൊവിഡിനെ ലോക്ക്ഡൗണുള്‍പ്പെടെ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാനായെന്നും അങ്ങനെ താണുപോയത്, വീണ്ടും ഉയര്‍ച്ചയിലേക്ക് എത്തിയെന്നുമാണ് സങ്കല്‍പ്പം.

ആദ്യ വ്യാപനത്തെ നിയന്ത്രിക്കുന്നതില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ടോ? കൊവിഡ് വ്യാപനത്തോടെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ ജനിതകമാറ്റത്തെ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നമുക്കായിട്ടുണ്ടോ? വാക്‌സീനിലൂടെ ആര്‍ജിക്കുന്ന പ്രതിരോധ ശേഷി എത്രകാലം വൈറസിനെ തടയുമെന്ന് പഠിച്ച് തുടങ്ങിയിട്ടുണ്ടോ? രോഗബാധയെത്തുടര്‍ന്ന് ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന പ്രതിരോധ ശേഷി എത്ര കാലത്തേക്കുണ്ടാകുമെന്ന് പഠിക്കാന്‍ നമ്മള്‍ ശ്രമിച്ചിട്ടുണ്ടോ? കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നതോടെ സമൂഹം പ്രതിരോധ ശേഷി ആര്‍ജിക്കുമെന്ന (ഹേര്‍ഡ് ഇമ്മ്യൂണിറ്റി) തത്വം നോവല്‍ കൊറോണ വൈറസിന്റെ കാര്യത്തില്‍ ബാധകമാണോ എന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടോ? എന്നിങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ ശേഷിപ്പിക്കുന്നുണ്ട് രണ്ടാം തരംഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യം.
അതിവേഗം പടരുന്ന, മനുഷ്യരാശി ആഴത്തില്‍ അറിഞ്ഞിട്ടില്ലാത്ത ഒരു വൈറസ്, സ്വാഭാവികമായുണ്ടാക്കുന്ന ആശയക്കുഴപ്പം എല്ലാ രാജ്യങ്ങളെയുമെന്നപോലെ നമ്മളെയും ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതിരോധം ഏത് വിധത്തില്‍ വേണമെന്നതില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. സോപ്പുപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകകള്‍ അണുവിമുക്തമാക്കുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതുമായിരുന്നു ആദ്യം. വൈറസ് വായുവിലൂടെ പകരുമോ ഇല്ലയോ എന്നതില്‍ തിട്ടമില്ലാത്തതിനാല്‍ മാസ്‌കുപയോഗിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ ഇല്ലയോ എന്നതില്‍ തര്‍ക്കങ്ങളുണ്ടായി. ഒടുവില്‍ മാസ്‌കുപയോഗം നിര്‍ബന്ധമാക്കി. ആളുകളുടെ സഞ്ചാരം തടഞ്ഞ് വൈറസ് വ്യാപനം തടയുക എന്ന ആലോചനയിലാണ് ലോക്ക്ഡൗണുണ്ടായത്. അങ്ങനെ പലത് പരീക്ഷിച്ച് വിജയ – പരാജയങ്ങള്‍ വിലയിരുത്തി മാത്രമേ ഇവ്വിധമൊരു മഹാമാരിയെ നേരിടാനാകൂ.

പക്ഷേ, ഉറപ്പുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന ജനത്തെയും നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ നടപ്പാക്കാന്‍ ശ്രദ്ധിക്കാത്ത ഭരണ സംവിധാനങ്ങളെയുമാണ് ഒന്നാം തരംഗത്തിന്റെ ഉച്ചസ്ഥായിക്ക് ശേഷം രാജ്യം കണ്ടത്. അതിന്റെ ഫലമാണ് ഇപ്പോഴത്തെ ഉയര്‍ന്ന കണക്കുകള്‍. കേരളത്തില്‍ ദിനേന പത്തോ ഇരുപതോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കാലത്ത്, ഏത് സ്ഥാപനത്തില്‍ കയറണമെങ്കിലും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണമെന്നത് നിര്‍ബന്ധമായിരുന്നു. ദിനേന ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ കാലത്ത് അങ്ങനെ നിര്‍ബന്ധമുള്ള ഇടങ്ങള്‍ തുലോം കുറവ്. സാനിറ്റൈസര്‍ കൈവശം കരുതി, നിരന്തരം അണുവിമുക്തമാക്കാന്‍ ശ്രദ്ധിച്ചിരുന്നു നമ്മള്‍. ഇപ്പോഴങ്ങനെയുണ്ടോ? സാമൂഹിക ജീവിതം തുടര്‍ന്നുകൊണ്ടുതന്നെ ജാഗ്രത പാലിക്കുക എന്നതാണ് പ്രതിരോധ നയമെന്ന് കൊവിഡിന്റെ തുടക്ക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞപ്പോള്‍, ലോക്ക്ഡൗണില്ലാതെ പറ്റില്ലെന്ന് വാദിച്ചയാളുകളുണ്ടായിരുന്നു. അതേയാളുകള്‍ തന്നെ, ഏതുകാലത്ത് ഇല്ലാതാകുമെന്ന ഉറപ്പില്ലാത്തതുകൊണ്ട്, കൊവിഡിനൊപ്പം ജീവിക്കുക എന്നത് വേഗത്തില്‍ സ്വീകരിച്ചു. അങ്ങനെയുള്ള ജീവിതം ജാഗ്രതയോടെയുള്ളതാകണമെന്ന് എളുപ്പം മറക്കുകയും ചെയ്തു. അതുകൊണ്ടാണ് സാമൂഹിക അകലമുറപ്പാക്കുന്നതിനുള്ള നിബന്ധനകള്‍ രേഖകളില്‍ മാത്രമായി അതിവേഗം ഒതുങ്ങിയത്.

രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ജീവഹാനിയും കൂടുമെന്ന് വിവിധ രാഷ്ട്രങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ ശേഷവും നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വരുത്തി, സാധാരണ ജീവിതാവസ്ഥയിലേക്ക് നമ്മള്‍ മടങ്ങിയിരിക്കുന്നുവെന്ന മിഥ്യാധാരണ ജനങ്ങളിലുണ്ടാക്കും വിധത്തിലാണ് നമ്മുടെ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചത് എന്നതും കാണാതിരുന്നുകൂടാ. ഉപജീവനം സാധ്യമാകും വിധത്തിലുള്ള തുറന്നുകൊടുക്കലിനൊപ്പം അനിവാര്യമായ നിയന്ത്രണങ്ങള്‍ തുടരുക എന്നത് പ്രധാനമായിരുന്നു. അതിലുണ്ടായ വീഴ്ച ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി ആദ്യ ഘട്ടത്തില്‍ കൊവിഡ് വലിയ തോതില്‍ വ്യാപിച്ച സംസ്ഥാനങ്ങളില്‍ പിന്നെ പരിശോധനകള്‍ ഏതാണ്ടില്ലാതായി. രോഗബാധിതരെ ക്വാറന്റൈന്‍ ചെയ്യുക എന്നതും രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയ്ന്‍ ചെയ്യുക എന്നതും അവസാനിച്ച മട്ടായി. ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് യഥാര്‍ഥ കണക്കുകള്‍ ഒരിക്കലും പുറത്തുവന്നതേയില്ല. അങ്ങനെ ഇടിച്ചുതാഴ്ത്തപ്പെട്ട തരംഗമാണ് ഇപ്പോള്‍ രണ്ടാമത്തേതായി ആഞ്ഞടിക്കുന്നത് എന്ന് കരുതണം. കണക്കുകള്‍ പുറത്തുവിടാതെ തരമില്ലെന്ന് വന്നപ്പോള്‍ പുറത്തുവരുന്ന വലിയ കണക്കുകളാകണം ഇത്.

ഇതില്‍ നിന്നൊക്കെ ഭിന്നമായിരുന്നു കുറേക്കാലം കേരളം. രോഗികളുടെ കൃത്യമായ കണക്ക്, അതിനെ അധികരിച്ചുള്ള സമ്പര്‍ക്കപ്പട്ടിക, നിരന്തരമായ ജാഗ്രത ഒക്കെയുണ്ടായിരുന്നു. സമ്പര്‍ക്കം മനസ്സിലാകാത്ത രോഗികളുടെ എണ്ണം കൂടിയപ്പോഴും ഉലച്ചില്‍ തട്ടാതെ പ്രതിരോധം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. ഇതിനിടയില്‍ രണ്ട് തിരഞ്ഞെടുപ്പുകള്‍ ഇവിടെ നടന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകാലത്ത് കൊവിഡ് പ്രോട്ടോകോളനുസരിച്ചുള്ള പ്രചാരണമെന്നത് എഴുപത് ശതമാനമെങ്കിലും പാലിക്കപ്പെട്ടു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് പ്രോട്ടോകോള്‍ നൂറ് ശതമാനവും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. രോഗ പ്രതിരോധത്തിന്റെ പേരില്‍ ജനത്തെയാകെ നിയന്ത്രണത്തിന്റെ ചങ്ങലകളില്‍ പൂട്ടാന്‍ തീരുമാനമെടുത്ത ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ഒരു നിയന്ത്രണവും വേണ്ടെന്ന് തീരുമാനിച്ചു. ഭരണം തിരികെപ്പിടിക്കാന്‍ കാടിളക്കിയുള്ള പ്രചാരണം വേണമെന്ന് തീരുമാനിച്ച പ്രതിപക്ഷം നിയന്ത്രണങ്ങളൊന്നും വേണ്ടെന്ന നിശ്ചയത്തെ മൗനം കൊണ്ട് പിന്തുണച്ചു. മകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിയന്ത്രണത്തില്‍ പോകേണ്ട മുഖ്യമന്ത്രി, വോട്ട് രേഖപ്പെടുത്തിയ ശേഷം അനുയായികളെ ഒപ്പം നിര്‍ത്തി മാധ്യമങ്ങളോട് സംസാരിച്ചത് നമ്മുടെ മുന്നിലാണ്. അത്രയും ദിവസം സ്വയം പാലിച്ച നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി ഒരു ദിവസമെങ്കിലൊരുദിവസം ഇല്ലാതാക്കുമ്പോള്‍ ജനത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാസ്‌കിടാത്ത അനുയായി വൃന്ദത്തിനൊപ്പം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവും മറ്റൊന്നല്ല ചെയ്തത്. കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുവരരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് കൈക്കുഞ്ഞിനെയും ഒപ്പം കൂട്ടി നമ്മുടെ പ്രതിപക്ഷ നേതാവ്. ജനാധിപത്യ പ്രക്രിയ പരമ പ്രധാനമാണ്, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പും. പക്ഷേ, മഹാമാരിയെ തടയുന്നതിനുള്ള പ്രോട്ടോകോള്‍ പാലിച്ചുവേണം ജനാധിപത്യം പുലരാനെന്ന ബോധ്യം നമ്മുടെ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ടായില്ല.

ആകയാല്‍, രാജ്യവും കേരളവും കാണുന്ന രണ്ടാം തരംഗം നമ്മുടെ തന്നെ സൃഷ്ടിയാണ്. രോഗാണുവിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പഠിക്കാനും അതനുസരിച്ച് പ്രതിരോധം തീര്‍ക്കാനും തുടക്കത്തിലെടുത്ത നടപടികള്‍ വൈകാതെ അവസാനിപ്പിച്ചതും വാക്‌സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി എത്ര കാലത്തേക്കെന്ന് പഠിക്കാന്‍ ഇപ്പോഴും തയ്യാറാകാത്തതും കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വലിയ പിഴവാണ്. അതൊന്നുമുണ്ടാകാതിരിക്കെ, ഈ മാരിയെ പ്രതിരോധിക്കുക എന്നത് പ്രയാസമാകും. അത്തരം പഠനം നടക്കുന്ന ചില രാജ്യങ്ങളിലെങ്കിലും തരംഗം രണ്ട് പിന്നിട്ട് മൂന്നിലേക്ക് കടക്കുമ്പോള്‍ പ്രത്യേകിച്ചും. 130 കോടിയിലേറെയാണ് ജനസംഖ്യ. ഇവര്‍ക്കെല്ലാം പ്രതിരോധ മരുന്ന് നല്‍കിയെത്തുമ്പോഴേക്കും ആദ്യഘട്ടങ്ങളില്‍ വാക്‌സീന്‍ സ്വീകരിച്ച കോടിക്കണക്കിനാളുകളുടെ പ്രതിരോധ ശേഷി ഇല്ലാതായിട്ടുണ്ടാകും. പുതിയ മാറ്റങ്ങളോടെ വൈറസ് കൂടുതല്‍ കരുത്താര്‍ജിക്കാനും സാധ്യതയേറെ.
രോഗവ്യാപനത്തിന്റെ എത്രാമത്തെ തരംഗമെന്നതല്ല പ്രധാനം. വ്യാപനം തടയാന്‍ നമ്മളെന്ത് ചെയ്യുന്നുവെന്നതാണ്. പ്രതിരോധത്തിന്റെ ബാലപാഠങ്ങളൊക്കെ മറന്ന ജനങ്ങളും അതേക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ തയ്യാറാകാത്ത ഭരണകൂടങ്ങളും പല തരംഗങ്ങളാണ് ഉറപ്പാക്കുന്നത്. തീവ്ര പരിചരണ വിഭാഗങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവത്തില്‍ ജീവവായു കിട്ടാതെ ഒടുങ്ങേണ്ടിവരുന്ന ജീവനുകള്‍ നമ്മളെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. പ്രായാധിക്യമുള്ളവരുടെ ജീവനുള്ള സംരക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച്, യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനിച്ച ഇറ്റലിയുടെ അനുഭവം ഓര്‍മയിലുണ്ടാകുകയും വേണം. ഒപ്പം ഒരു വര്‍ഷത്തിലധികമായി, കഴിയാവുന്നത്ര ശേഷിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഊര്‍ജത്തിലുണ്ടാകുന്ന കുറവും. പ്രതിസന്ധി ചെറുതല്ല. മഹാമാരിയെ നിയന്ത്രണ വിധേയമാക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധരില്‍ ചിലര്‍ ഏറെ മുമ്പേ നല്‍കിയ മുന്നറിയിപ്പ് നമ്മളും ഭരണകൂടവും വേണ്ടപോലെ ശ്രദ്ധിച്ചില്ലെന്നാണ് രണ്ടാം തരംഗ കാലത്ത് തോന്നുന്നത്. ഇത് തന്നെയാകും മൂന്നാം തരംഗ കാലത്തും തോന്നാനിടയുള്ളത്.Post a Comment

0 Comments