Flash News

6/recent/ticker-posts

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണംപ്രമേയം പാസാക്കി കേരള നിയമസഭ..!!

Views
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം
പ്രമേയം പാസാക്കി കേരള നിയമസഭ..!!

 ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. തെങ്ങുകളിൽ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീർപ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.


കുറ്റകൃത്യങ്ങൾ അത്യപൂർവമായി തീർന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു വരുമ്പോൾ അതിനെ നേരിടാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നിൽക്കുന്ന മത്സ്യബന്ധനത്തെ തകർക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങൾ തന്നെ തകർത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയിൽ പ്രധാനമായി നിൽക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകൾ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തിൽ ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികൾക്കാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നേതൃത്വം നൽകുന്നതെന്നും പ്രമേയം പറയുന്നു.

ഓരോ മൂന്നുവർഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം പുതുക്കണമെന്ന നിർദേശവും വന്നുകഴിഞ്ഞു. ഇതിനു വീഴ്ച വന്നാൽ രണ്ടുലക്ഷം രൂപ പിഴയൊടുക്കുകയും ഓരോദിവസം ഇരുപതിനായിരം രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിർദേശവും വന്നുകഴിഞ്ഞു. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും.

ബ്രിട്ടീഷ് അധിനിവേശത്തിനു മുൻപ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിനു കീഴിലായിരുന്നു. 1956 നവംബർ ഒന്നുവരെ ലക്ഷദ്വീപ് അന്നത്തെ മലബാർ ജില്ലയുടെ ഭാഗവുമായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവിതക്രമവും സാംസ്കാരികരീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ലക്ഷദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കൊച്ചിയിലുമാണ്. ചരക്കുകൾ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനിൽക്കുന്ന ഈ പാരസ്പര്യബന്ധത്തെ തകർക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും പ്രമേയം പറയുന്നു.

ഒരു ജനതയെ കോർപേറേറ്റ് താൽപര്യങ്ങൾക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യാരാജ്യത്തിന്റെ നിലനിൽപിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കനാകൂ. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കപ്പെടുന്നു എന്ന ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ട്. അതിനു വെല്ലുവിളി ഉയർത്തുന്ന അഡ്മിനിട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

കേരളത്തിന്റെ ഗവർണറായിരുന്ന ആർ.എൽ. ഭാട്യ, മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, ആർ. ബാലകൃഷ്ണപിള്ള, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ. ചാക്കോ മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ സി.എ കുര്യൻ കെ.എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവൻ എന്നിവർക്ക് ചരമോപാരം അർപ്പിച്ചുകൊണ്ടാണ് സഭാസമ്മേളനം ആരംഭിച്ചത്.

പ്രതിപക്ഷം ചില ഭേദഗതികൾ ഉന്നയിച്ചു. ഇവ സർക്കാർ അംഗീകരിച്ചു.സഭ പ്രമേയം ഐകകണ്ഠ്യേന പാസാക്കി.


Post a Comment

0 Comments