Flash News

6/recent/ticker-posts

താൻ സിനിമയുടെ കാര്യം നോക്കിയാൽ മതി, ലക്ഷദ്വീപിന്റെ കാര്യം അവിടെ ഭരിക്കുന്നവർ നോക്കിക്കോളും ; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം

Views

ലക്ഷ്വദീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധം പുകയുമ്പോൾ ലക്ഷദ്വീപ് ജനങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയവർക്ക് നേരെ വ്യാപക സൈബർ ആക്രമണവുമായി സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ.
ലക്ഷദ്വീപ് ജനങ്ങളെ അനുകൂലിച്ച് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ഇപ്പോൾ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ലക്ഷദ്വീപ് വിഷയുമാവുമായി ബന്ധപ്പെട്ട് പൃഥ്വി പങ്കുവെച്ച പോസ്റ്റിന് താഴെ സംഘപരിവാർ അനുകൂലികൾ തെറി അഭിഷേകവുമായി രംഗത്തെത്തുന്നുണ്ട്. നിരവധി പേർ പൃഥ്വിയുടെ നിലപാടിനെ പിന്തുണച്ച് കമന്റുകൾ രേഖപ്പെടുത്തുന്നതിനിടയിലാണ് അസഭ്യവർശവുമായി സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ കമന്റ് ബോക്‌സിൽ പ്രത്യക്ഷപ്പെടുന്നത്.

🔹പൃഥ്വിരാജിനെതിരെ ചില സൈബർ ആക്രമണങ്ങൾ.. 👇


'നിങ്ങൾ സിനിമയുടെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും, ലക്ഷദ്വീപിലെ കാര്യം അവിടെയുള്ളവർ നോക്കിക്കോളുമെന്നും, ചിലർ കമന്റ് ചെയ്തപ്പോൾ. മറ്റു ചിലർ കേട്ടാൽ അറക്കുന്ന തെറിയുമായാണ് രംഗത്തെത്തിയത്. ദിവസങ്ങൾക്ക് മുൻപ് "ഷേവ് ഗാസ ആയിരുന്നെങ്കിൽ ഇപ്പോൾ ഷേവ് ലക്ഷദ്വീപ്" ആണെന്ന പരിഹാസവുമായും ചിലരെത്തി. ചിലർ സൗമ്യമായ ഭാഷയിൽ "നിങ്ങൾ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ട് സംസാരിക്കൂ" എന്നാണ് കമന്റിട്ടത്.


സ്വന്തം പ്രൊഫൈലുകളിൽ നിന്ന് കമന്റ് രേഖപ്പെടുത്താൻ ഭയമുള്ള ചിലരും ഫേക്ക് ഐഡികളിൽ നിന്നെത്തി തെറിവിളിച്ച് പോകുന്നുണ്ട്. ഇത്തരം ആളുകളെ മാറ്റി നിർത്തിയാൽ ഭൂരിഭാഗം പേരും താരത്തിന് പൂർണപിന്തുണയുമായാണ് രംഗത്തെത്തുന്നത്.

ലക്ഷദ്വീപ് വിഷയത്തിൽ ആദ്യം പ്രതികരിച്ച സൂപ്പർതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇതുകൊണ്ട് തന്നെ മറ്റു നടന്മാർക്ക് ഇല്ലാത്ത നട്ടെല്ല്  പൃഥ്വിക്കുണ്ടെന്ന് ചിലർ കമന്റ് ബോക്‌സിൽ കുറിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലക്ഷദ്വീപ് നിവാസികളെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്..

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം, സച്ചിയുടെ അനാര്‍ക്കലിക്ക് വേണ്ടി ഞാന്‍ വീണ്ടും ലക്ഷദ്വീപിലെത്തി. രണ്ട് മാസം കവരത്തിയിൽ ചെലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവനും സൂക്ഷിക്കാനുള്ള ഓർമ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വര്‍ഷം മുമ്പ് വീണ്ടും ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്‌നേഹമുള്ള ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദ്വീപിൽ നിന്നും എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

എന്തുകൊണ്ട് ദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ”പരിഷ്‌കാരങ്ങള്‍” തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാന്‍ ലേഖനമൊന്നും എഴുതാന്‍ പോകുന്നില്ല. അതേകുറിച്ച് വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനുകളിൽ ലേഖനങ്ങള്‍ ലഭ്യമാണ്. എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല എന്നാണ് എനിക്ക് മനസിലായത്. 

ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?

നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ ജനങ്ങളില്‍ അതിനെക്കാൾ വിശ്വാസമുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ അവര്‍ അത് ലോകത്തിന്റെയും അവരുടെ സർക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുക.

അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുകയും ചെയ്യുന്നു.


Post a Comment

1 Comments

  1. പ്രൊഫഷണൽ രാഷ്ട്രീയത്തൊഴിലാളികളെക്കാൾ കൂടുതൽ രാഷ്ട്രീയം അറിയാവുന്ന പൗരന്മാർ പ്രൊഫഷണൽ രാഷ്ട്രീയത്തിന്റെ പുറത്തുണ്ട് എന്ന് പ്രൊഫഷണൽ രാഷ്ട്രീയത്തൊഴിലാളികളും അവരുടെ അടിമകളായ അനുയായികളും മനസ്സിലാക്കുന്നത് നല്ലതാണ് .വർഷം കോടിക്കണക്കിനു രൂപ സർക്കാർഖജനാവിലേക്കു ആദായനികുതിയായി ഒടുക്കുന്ന, വിദ്യാസംപന്നനായ ഒരു കലാകാരന് നാട്ടിൽനടമാടുന്ന അനീതികളെക്കുറിച്ച് മിണ്ടാൻ അവകാശമില്ലെന്നാണോ ഈ ഉത്സാഹക്കമ്മിറ്റിക്കാർ ധരിച്ചുവെച്ചിരിക്കുന്നത് ?.

    ReplyDelete