Flash News

6/recent/ticker-posts

ബലൂൺ, ബഡ്‌സ്, ഐസ് ക്രീം, കോലു മിഠായി എന്നിവയ്‌ക്ക് പ്ലാസ്റ്റിക്ക് സ്റ്റിക്കുകൾ പാടില്ല: 2022 ജനുവരി ഒന്ന് മുതൽ നിരോധനം.

Views


ന്യൂഡൽഹി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്‌ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ. ബഡ്‌സ്, ബലൂൺ, മിഠായി, ഐസ്‌ക്രീം എന്നിവയിലെ പ്ലാസ്റ്റിക്ക് സ്റ്റിക്കുകളുടെ ഉപയോഗം കുറയ്‌ക്കുന്നതിന് നടപടികൾ ആരംഭിച്ചതായി കേന്ദ്ര പരിസ്ഥിതി സഹ മന്ത്രി അശ്വനി ചൗബ അറിയിച്ചു. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്‌ക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് ഈ വർഷം ആദ്യം കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണമായി നിരോധിക്കാൻ നിർദ്ദേശിക്കുന്നതാണ് വിജ്ഞാപനമെന്നും മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള ബഡ്‌സുകൾ, ബലൂണിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റിക്കുകൾ, കൊടികൾ, തെർമോക്കോൾ ഉത്പന്നങ്ങൾ തുടങ്ങിയവയ്‌ക്കാണ് 2022 ജനുവരി ഒന്ന് മുതൽ നിരോധനം വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പ്ലേറ്റുകൾക്കും നിരോധനം ഏർപ്പെടുത്തും. കൂടാതെ പ്ലാസ്റ്റിക്ക് കൊണ്ടുള്ള സ്‌ട്രോ, കപ്പ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, കത്തി, ബാനറുകൾ തുടങ്ങിയവയ്‌ക്ക് 2022 ജൂലൈ രണ്ട് മുതൽ നിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കുന്ന 120 മൈക്ക്രോണിൽ താഴെയുള്ള റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച ക്യാരി ബാഗുകൾക്ക് വ്യവസ്ഥകൾ ബാധകമല്ലെന്നും മന്ത്രി രേഖാമൂലം മറുപടി നൽകി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പ്പനങ്ങളുടെ നിർമാർജനത്തിനായി ചീഫ് സെക്രട്ടറിയുടെ കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.


Post a Comment

1 Comments

  1. വനനശീകരണം വർദ്ധിക്കാനിടയുണ്ട് .

    ReplyDelete