Flash News

6/recent/ticker-posts

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്; ഇരു ടീമിനും നിർണായകം.

Views

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യക്ക് മുന്നിൽ അടിയറ വെക്കേണ്ടിവന്നതോടെ ടി-20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. അതേസമയം, 8 താരങ്ങൾ ഐസൊലേഷനിലും ഒരാൾ ക്വാറൻ്റീനിലുമായതോടെ ഒരു ബാറ്റ്സ്മാൻ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോർഡ് നേടാനാവും ശ്രമം. ഇന്ന് രാത്രി 8 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. (srilanka india 3rd t20)
ആകെ അഞ്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. പഴകിയ പിച്ചിൽ ബാറ്റിംഗ് വളരെ ദുഷ്കരമായിരുന്നു. 6 ബൗളർമാരുമായി ഇറങ്ങിയ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും 4 വിക്കറ്റ് ജയം കുറിച്ച ശ്രീലങ്ക ഇന്നത്തെ കളിയിലും സമാന പ്രകടനത്തിനുള്ള ശ്രമത്തിലാണ്. 9 പേർ ടീമിൽ നിന്ന് പുറത്തായതോടെ കൃത്യം 11 പേരാണ് ഇന്ത്യയുടെ പ്രധാന ടീമിൽ ബാക്കിയുണ്ടായിരുന്നത്. 5 നെറ്റ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പ്രധാന ടീമിൽ ഉൾപ്പെട്ടിരുന്ന നവദീപ് സെയ്നിയെത്തന്നെ ഇന്ത്യ ഫീൽഡിൽ ഇറക്കി. എന്നാൽ, സെയ്നിക്ക് പരുക്ക് കാരണം ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ നെറ്റ് ബൗളർമാരിൽ ആരെയെങ്കിലും ഇന്ത്യ ഇന്ന് ടീമിൽ പരിഗണിച്ചേക്കും. മലയാളി താരം സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് നെറ്റ് ബൗളർമാരാണ് ഉള്ളത്. ഇവരിൽ തന്നെ ഇഷാൻ പോറൽ, സന്ദീപ് വാര്യർ എന്നിവർക്കാണ് സാധ്യത കൂടുതൽ ഐപിഎലിലെ തകർപ്പൻ പ്രകടനം അർഷ്ദീപ് സിംഗിനും സാധ്യത നൽകും.
ആദ്യ മത്സരത്തിൽ 27 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജുവിന് രണ്ടാം മത്സരത്തിൽ അടിപതറി. 13 പന്തുകൾ നേരിട്ട താരം 7 റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചാണെന്നത് സമ്മതിക്കുമ്പോൾ തന്നെ സഞ്ജുവിൻ്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ മത്സരം നടന്ന അതേ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരവും നടക്കുക. അതുകൊണ്ട് തന്നെ രണ്ടാമത്തെ മത്സരത്തിൽ കളിച്ചതിനെക്കാൾ ദുഷ്കരമായ പിച്ചിലാവും ഇന്ന് കളിക്കേണ്ടത്. ഏറെ പ്രിയപ്പെട്ട മൂന്നാം നമ്പർ ദേവദത്തിനു വേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നത് സഞ്ജുവിന് തിരിച്ചടി ആയെങ്കിലും ഏത് സാഹചര്യത്തിലും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ ഇന്നത്തെ കളിയിൽ മികച്ച പ്രകടനം കെട്ടഴിക്കാനായില്ലെങ്കിൽ സഞ്ജുവിൻ്റെ രാജ്യാന്തര കരിയർ തന്നെ അവസാനിച്ചേക്കും.


Post a Comment

0 Comments