Flash News

6/recent/ticker-posts

⭕ഓൺലൈൻ ക്ലാസിന് പിന്നിൽ ഒളിച്ചിരിക്കുന്നത് വിഷസർപ്പങ്ങളോ...?!

Views



              
                   ✍️NSNM- PALANI

മഹാമാരി വ്യാപനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കാനായി പഠനം ഓൺലൈൻ വഴിയായി രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നഴ്സറികളും സ്ക്കൂളുകളും മദ്രസകളും കോളേജുകളുമെല്ലാം തന്നെ ഓൺലൈനിൽ തുടരുകയാണ്.ഇത് എത്രത്തോളം ഫലവത്താണെന്ന് ഓരോ കുട്ടിയെയും നേരിട്ട് വിലയിരുത്തുമ്പോൾ അറിയാം ഓരോ കുട്ടിയുടെയും നിലവാരം. ക്ലാസുകൾ അതിൻ്റെതായ രീതിയിൽ സമയത്തിന് നടക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ നിഗൂഢതകൾ മനസ്സിൽ തിങ്ങിനിറയുന്നു. എനിക്ക് മാത്രമല്ല, ഓൺലൈൻ പഠനം നടക്കുന്ന ഭൂരിഭാഗം വീട്ടിലെ രക്ഷിതാക്കളുടെയും ഉള്ളിൽ ആവലാതികൾ മാത്രമാണ്.


     വിവിധ സ്ക്കൂൾ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ച ശേഷം തന്നെയാണ് ഈ എഴുത്തിന് തുടക്കം.കാര്യത്തിലേക്ക് കടക്കാം. മദ്രസ പഠിക്കുന്ന കുട്ടികൾക്ക് ആറ് മണി  മുതൽ ആറര വരെയും ചിലർക്ക് ആറര മുതൽ ഏഴ് മണിവരെയും യൂ ട്യൂബിൽ ക്ലാസ് വരും. അതിന് ശേഷം കുട്ടിയുടെ ക്ലാസ് ഒഴിവനുസരിച്ച് മദ്രസ വർക്ക് തീർക്കാം. പിന്നീടങ്ങോട്ട് സ്ക്കൂൾ ക്ലാസുകൾ തുടങ്ങാം.
എല്ലാ കുട്ടികളും ഒരൊറ്റ സ്ക്കൂളിൽ പഠിക്കുന്നതല്ലാത്തതിനാൽ വൈകുന്നേരം അഞ്ചരയാകുമ്പോഴേക്ക് പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളുടെ ക്ലാസുകളും തീർക്കാൻ കഴിയില്ലേ...? വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകൾ ഓരോ ക്ലാസിനും നിശ്ചിത സമയത്താണ് നടക്കുന്നത്. വളരെ നല്ല കാര്യം തന്നെ. ഒരു വീട്ടിൽ നിന്നുള്ള രണ്ടും മൂന്നും നാലും കുട്ടികൾക്ക് വ്യത്യസ്ഥ സമയത്ത് നിശ്ചിത ക്ലാസ് കാണാനും പഠിക്കാനും ഉപകാരപ്രദമാണ്.


        സി ബി എസ് സി സിലബസ് പോലുള്ള സ്ക്കൂൾ ക്ലാസുകൾ അവരുടെ അധ്യാപകർ തന്നെ യൂ ട്യൂബിൽ സംപ്രേഷണം ചെയ്യുന്നതിനാലും നേരത്തെ ഈ ക്ലാസുകൾ  അവസാനിക്കുന്നതിനാലും ഇവരിൽ പ്രശ്നങ്ങളൊന്നും തന്നെയില്ല.ഞാൻ അന്വേഷിച്ച സി ബി എസ്  സി സ്ക്കൂളുകളിൽ രാത്രി ക്ലാസില്ല;അങ്ങനെ ഉള്ള സ്ക്കൂളുണ്ടോ അറിയില്ല.സാധാരണക്കാർക്ക് കൂടി മനസ്സിലാകും വിധമാണ് ഇവിടെ കാര്യങ്ങൾ ധരിപ്പിക്കുന്നത്. നിങ്ങൾ ക്ഷമയോടെ പൂർണ്ണമായും വായിക്കണേ...


        നമ്മുടെ കുട്ടികൾ ടിവിയിലോ കമ്പ്യൂട്ടറിലോ മൊബൈലിലോ ക്ലാസുകൾ കാണുന്നു. ഈ ക്ലാസിനെ വിലയിരുത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസാണ് വിഷയം...! വൈകുന്നേരം ആറരക്ക് ശേഷം ക്ലാസ് വെക്കാതിരിക്കണം.ഓരോ മതവിഭാഗത്തിനും ഒരു ചട്ടക്കൂടുണ്ട്. ഇത് തകർക്കപ്പെടാത്ത രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയണം. ഒരു വിഭാഗത്തിൽ ഖുർആൻ പാരായണവും മറ്റൊരു വിഭാത്തിൽ രാമായണ വായനയും നടക്കുന്നത് സന്ധ്യാസമയത്താണല്ലോ... ഇസ്ലാം മതവിശ്വാസ പ്രകാരം വളരെ വിലപ്പെട്ട സമയമാണിത്. ആ സമയത്ത് കുട്ടികളുടെ ക്ലാസ് വെക്കുന്നത് മൂലം രക്ഷിതാക്കളും പ്രയാസത്തിലാകുകയാണ്.പല കുട്ടികൾക്കും ഏഴ് മണി മുതലോ ഏഴര മുതലോ ആണ് ക്ലാസ് തുടക്കം. പത്താം ക്ലാസിന് രാത്രി പത്ത് മണി വരെ ക്ലാസ് നടത്തിയിരുന്നെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുതൽ ഒമ്പത് മണി അല്ലെങ്കിൽ ഒമ്പതേകാലിനപ്പുറം പോകാറില്ലെന്നും ഞാൻ അന്വേഷിച്ചവരിൽ ഒരു കുട്ടി പറഞ്ഞു.ഈ വാക്കിനോട് മറ്റു കുട്ടികളും യോജിച്ചു.ഈ ക്ലാസിന് ശേഷം അവർക്ക് കൊടുത്തവർക്കുകൾ അപ്പോൾ തന്നെ പല മിടുക്കൻമാരും ചെയ്ത് തീർത്ത് പഠനവും കഴിഞ്ഞ് ഉറങ്ങുമ്പോഴേക്ക് സമയം പാതിരയിലെത്തുന്നു.ഈ കുട്ടി പിന്നീട് ഉണരുന്നതോ രാവിലെ എട്ട് മണിക്ക് ശേഷം.നേരത്തെ കിടന്നാലെ ഈ കുട്ടിക്ക് നേരത്തെ ഉണരാൻ സാധിക്കുകയുള്ളൂ.പ്രഭാത പ്രാർത്ഥനയും ( സുബ്ഹ് നിസ്കാരം) ഈ കുട്ടിക്ക് ഇല്ലാതാകുന്നു. പകൽ അലസനായിരിക്കുകയോ മൊബൈൽ ഗെയിമുകളിൽ ഒതുങ്ങിക്കൂടുകയോ ആണ് ഒട്ടുമിക്ക കുട്ടികളും. മൊബൈൽ ഗെയിമുകളെ കാര്യം ഇവിടെ പറയുന്നില്ല. അതിന് ഈ സ്ഥലം മതിയാകില്ല.
       ഇത്രയും എഴുതിയത് ഓൺലൈൻ ക്ലാസിനെ കുറിച്ച് അറിയാത്തവർക്ക് കൂടി വേണ്ടിയാണ്. ഇനി പറയട്ടെ; ഇസ്ലാമിക ചട്ടക്കൂടിൽ കഴിയുന്ന ഒരു കുടുംബത്തിലെ അവസ്ഥ എന്താണ്..? സന്ധ്യാസമയ പ്രാർത്ഥന (മഖ് രിബ് നിസ്കാരം) ചെയ്തു ചെയ്തില്ലെന്ന രീതിയിൽ കുട്ടി ഫോണിന് മുമ്പിലെത്തുന്നു.പിന്നീട് ഇശാ ബാങ്ക് സമയത്തും ക്ലാസിൽ തന്നെയാണ്.ഇവിടെ മുസ്ലിമിൻ്റെ വിലപ്പെട്ട സമയം കൊത്തിവലിക്കപ്പെടുകയല്ലേ..?!


          ഇസ്ലാം മതം അനുശാസിക്കുന്നത് മഖ് രിബിനും ഇശാഇനും ഇടയിലുള്ള സമയം അമൂല്യമാണെന്നും ഈ സമയം ഖുർആൻ ?പാരായണത്തിനും മതപഠന (മദ്രസ)ത്തിനുമാണ് ഒരു മുസ്ലിം ഉപയോഗിക്കുന്നത്. രാവിലെ സുബ്ഹിക്ക് ശേഷം ക്ലാസ് വെക്കാലോ.... വൈകീട്ട് അഞ്ചരയോ ആറ് മണിയോ വരെ ക്ലാസ് വെക്കാം. മഖ് രിബിനും ഇശാഇനുമിടയിൽ ദയവായി മുസ്ലീം മതാനുഷ്ടാനങ്ങൾക്ക് വിലക്ക് തീർക്കരുത്. ഇതിനെതിരെ ഒരു പ്രക്ഷോഭത്തിന് ഇടവരുത്താതെ മുസ്ലീം വിഭാഗത്തിനോട് വർഗ്ഗീയത ചീറ്റുന്ന വിഷസർപ്പങ്ങളാകാതിരിക്കുക..! രാത്രി നടത്തുന്ന സ്ക്കൂൾ ക്ലാസുകൾ നിർത്തുക..! വിദ്യഭ്യാസ അധികാരികൾ ഇങ്ങോട്ടൊന്ന് കണ്ണ് തുറക്കുക..!

ഇവിടെ കമൻറിലൂടെ നിങ്ങളും പ്രതികരിക്കൂ... സി.കെ അയമു സാർ വെബ്സൈറ്റിൽ നമ്മോട് എപ്പോഴും കമൻറിലൂടെ അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്.അത് പോലെ ഇക്കാര്യത്തിൽ നിങ്ങളും കമൻറിലൂടെ  പ്രതിഷേധിക്കൂ... ഈ പ്രതിഷേധം മതാവകാശങ്ങൾക്ക് വേണ്ടിയാകട്ടെ...


Post a Comment

2 Comments

  1. നിങ്ങളുടെ വാക്കിനോട് 100 വട്ടം യോജിക്കുന്നു .രാത്രി 7 മണി മുതൽ 8 മണി വരെ 8 അര മുതൽ അര വരെയാണ് എൻ്റെ വീട്ടിലെ ക്ലാസ്.ഇത് നിർത്തണം. നിർത്തിയേ തീരൂ.ഇത് ഇത്രത്തോളം എഴുതിയ NSNMപാലാണിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

    ReplyDelete
  2. പട്ടാമ്പിയിലെ MES സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു പൗത്രൻ മാത്രമേ അടിയന്റെ വീട്ടിൽ വിദ്യാർഥിവർഗ്ഗമായിട്ടുള്ളൂ . ബാക്കി പേരക്കുട്ടികളിൽ വിദ്യയുടെ അത്യാർത്തിക്കാർ മുഴുവനും കൊണ്ടോട്ടിത്തങ്ങളുടെ പ്രജകളാണ് . കൊട്ടൂക്കര HSS ലും കാളോത്തു സ്കൂളിലും പട്ടാമ്പി MES ലും രാത്രി ക്ലാസ്സുള്ളതായി അറിയില്ല . KITE VICTERS എന്ന ചാനലിലും രാത്രി ക്ലാസ്സുണ്ടെന്നു തോന്നുന്നില്ല . എന്തായാലും സന്ധ്യക്ക്‌ ആറ് മണിക്ക് ശേഷവും രാവിലെ ഒമ്പതു മണിക്ക് മുമ്പും ക്ലാസ്സുകൾ ഒഴിവാക്കുന്നതാണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത് . മലയാളിക്കിത്‌ രാമായണമാസം കൂടിയാണ് . സന്ധ്യാസമയവും പ്രഭാതവും എല്ലാ മതവിഭാഗക്കാർക്കും പ്രാർത്ഥനാജപങ്ങളുടെ സമയമാണ് . ചില കുടുംബങ്ങളിലെങ്കിലും കുട്ടികളെ യോഗാസനങ്ങളും വ്യായാമമുറകളും നമസ്കാരങ്ങളും പ്രാർത്ഥനകളും ശീലിപ്പിക്കുന്ന സമയവും ഇതുതന്നെയാണ് . ആയതിനാൽ വരുംതലമുറയുടെ ഭൗതികവും ആത്മീയവും മാനസീകവും ശാരീരികവും ആരോഗ്യകരമായ വളർച്ചക്ക് വേണ്ടി വാർക്കപ്പണിക്കാരായ അദ്ധ്യാപകർ (ഭാവിതലമുറയെ വാർത്തെടുക്കുന്നവർ എന്നാണല്ലോ അദ്ധ്യാപകരെ നമ്മൾ ബഹുമാനപൂർവം വിശേഷിപ്പിക്കുന്നത്.) ദയവായി സഹകരിക്കണം . ആരോഗ്യമില്ലാത്ത ശരീരവും ആത്മീയത എന്തെന്നറിയാത്ത മനസ്സുമുള്ള റോബോട്ടുകളാകരുതല്ലോ ഭാവിയിൽ നമ്മുടെ ഭരണചക്രം തിരിക്കുന്ന സാരഥികൾ . ലോകാസമസ്താ സുഖിനോഭവന്തു . അപ്പോൾ , വാർപ്പിന്റെ പണിക്കാരും വന്ദ്യരുമായ ഗുരുക്കന്മാർക്കും വത്സലരായ ഭാവിതലമുറകൾക്കും അഷ്ടയ്‌ശ്വര്യങ്ങളും ഭവിക്കട്ടേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു . ലേഖകൻ NSNM പാലാണിക്കും വേങ്ങര പോപ്പുലർ ന്യൂസിനും നന്ദി .

    ReplyDelete