Flash News

6/recent/ticker-posts

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലമെന്ററി ഐടി സമിതിയുടെ ഇടപെടല്‍; ഉന്നത നേതാക്കളെ വിളിച്ചുവരുത്തും

Views

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്ററി ഐടി സമിതിയുടെ ഇടപെടല്‍ . ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചുവരുത്തും. ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി അടുത്തയാഴ്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. തങ്ങളുടെ സേവനം സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കൂവെന്ന് എന്‍എസ്ഒ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയമോ ഐടി മന്ത്രാലയമോ അറിയാതെ ഇന്ത്യക്ക് ഇവരുടെ സേവനം ആവശ്യപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് രണ്ട് മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്, അടുത്തയാഴ്ചയാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളുടക്കമുള്ള റിപ്പോര്‍ട്ട് ദി ഗാര്‍ഡിയന്‍ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരടക്കം 34 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തി.
ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍, ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പേര് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.രോഹിണി സിംഗ് ഫോണ്‍ ചേര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത് രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു. ദി വയറിന് വേണ്ടി ആയിരുന്നു രോഹിണിയുടെ അന്വേഷണം.

വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന സോഫ്റ്റ്വെയറാണ് പെഗാസസ്. സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് 2016ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറായ പെഗാസസ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അടക്കം ഉള്‍പ്പെടുത്താം. ഇത് വ്യക്തികള്‍ക്ക് ലഭ്യമല്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സാധാരണ നല്‍കാറുള്ളത് എന്നാണ് വിവരം. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ ആയുധമാണ് പെഗാസസ് എന്നാണ് സൈബര്‍ ഗവേഷകര്‍ പറയുന്നത്.


Post a Comment

0 Comments