Flash News

6/recent/ticker-posts

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരു വേണ്ട, പ്രത്യേക ഫോം തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Views

കൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നല്‍കുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷനായി അച്ഛന്റെ പേര് ചേര്‍ക്കാനുള്ള കോളമില്ലാത്ത പ്രത്യേക അപേക്ഷാ ഫോറവും സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് ഹൈക്കോടതി.

അച്ഛന്റെ പേര് രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുകൊണ്ടുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭിണിയായ യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണിത്. സംസ്ഥാന സര്‍ക്കാരിനും ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. യുവതി എട്ടുമാസം ഗര്‍ഭിണിയായതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ജനന/മരണ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ, ഭര്‍ത്താവ് എന്ന നിലയില്‍ പേര് രേഖപ്പെടുത്താനുള്ള സൗകര്യം നല്‍കണം. നിലവില്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, ഭര്‍ത്താവ് എന്നിങ്ങനെ രണ്ട് ഓപ്ഷനെ നല്‍കിയിട്ടുള്ളൂ.

അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതികവിദ്യയിലൂടെ (എ.ആര്‍.ടി.) കുട്ടികള്‍ക്ക് ജന്മംനല്‍കാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ ജനന രജിസ്റ്ററില്‍ അച്ഛന്റെ പേരും രേഖപ്പെടുത്തണമെന്നുള്ള ഫോറം നല്‍കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്.

ദുരുപയോഗം തടയുന്നതിനായി ഇത്തരത്തിലുള്ള രജിസ്‌ട്രേഷനായി സമീപിക്കുന്നവരില്‍നിന്ന് എ.ആര്‍.ടി. മാര്‍ഗത്തിലൂടെ ഗര്‍ഭിണിയായതാണെന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കല്‍ രേഖയുടെ പകര്‍പ്പും വാങ്ങി പ്രത്യേകം ഫോറം നല്‍കണം.

കാലവും സാങ്കേതികവിദ്യയും ജീവിതരീതിയുമൊക്കെ മാറുമ്ബോള്‍ നിയമത്തിലും ചട്ടങ്ങളിലുമൊക്കെ മാറ്റം ഉണ്ടാകണമെന്നും കോടതി വിലയിരുത്തി. വിവാഹമോചനത്തിനു ശേഷമാണ് ഹര്‍ജിക്കാരി ഐ.വി.എഫ്. മാര്‍ഗത്തിലൂടെ ഗര്‍ഭംധരിച്ചത്. ഇങ്ങനെ ഗര്‍ഭംധരിക്കുന്നവരോടുപോലും ആരാണ് ബീജം നല്‍കിയതെന്ന് പറയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്.


Post a Comment

0 Comments