Flash News

6/recent/ticker-posts

ഡിസിസി പുന:സംഘടന: കുപ്രചരണങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്‌പോകരുതെന്ന് കെ സുധാകരൻ

Views
തിരുവനന്തപുരം |  ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കില്‍ കോണ്‍ഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോണ്‍ഗ്രസ്‌കാരനും തിരിച്ചറിയണമെന്നും സുധാകരന്‍ ഫേസബുക്ക് പോസ്റ്റില്‍ പറയുന്നു . പിണറായി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ മറച്ച് പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലേക്ക് കടന്നുകയറുന്നതെന്നും പോസ്റ്റിലുണ്ട്.

 

🔵ഫേസ്ബുക്ക് പോസ്റ്റിന്റെ
പൂര്‍ണ്ണരൂപം വായിക്കാം..

എനിക്കേറ്റവും പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്…DCC പുനഃസംഘടനയുമായി മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എല്ലാക്കാലത്തും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയും അകാരണമായി വേട്ടയാടിയിട്ടുള്ള മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളില്‍ എന്റെ സഹപ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും വീണു പോകരുത്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചു വെയ്ക്കുന്നില്ല. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എപ്പോഴൊക്കെ കോണ്‍ഗ്രസ് തളര്‍ന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ രാജ്യം കിതച്ചിട്ടുണ്ട്, തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കില്‍ കോണ്‍ഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോണ്‍ഗ്രസ്‌കാരനും തിരിച്ചറിയണം.അത്തരത്തില്‍ നാടിന്റെ നന്മ ലക്ഷ്യമാക്കി കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണ്. സമുന്നതരായ നേതാക്കള്‍ ദിവസങ്ങളോളം കൂടിയാലോചിച്ച്, സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്.എന്നാല്‍ മാധ്യമ ലോകത്തിലെ CPM സഹയാത്രികരും കോണ്‍ഗ്രസ് നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ചിലരും ഒന്നുചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ ചമച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകള്‍ മറച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള അനാവശ്യ കടന്നുകയറ്റം എന്ന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും തിരിച്ചറിയണം. മാധ്യമങ്ങളുടെ പരിലാളനയും താരാട്ടുപാട്ടുകളും കേട്ടല്ല കേരളത്തില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ജനകീയ നേതാക്കളും വളര്‍ന്നത്.ഈ പാര്‍ട്ടിയെ ചലനാത്മകമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കൊള്ളകളെ തുറന്നു കാണിക്കാന്‍ തക്ക സംഘാടക ശേഷിയുള്ള നേതാക്കളെ DCC പ്രസിഡന്റുമാരായി പാര്‍ട്ടിക്ക് നല്‍കാനാണ് തീരുമാനങ്ങളെടുക്കാന്‍ ഇത്രയധികം സമയം സംസ്ഥാന നേതൃത്വം വിനിയോഗിച്ചത്.തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നേതൃത്വത്തിലെത്തിയാല്‍ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ ബന്ധുക്കളല്ല, ശത്രുക്കള്‍ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാന്‍ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല എന്നും സ്‌നേഹപൂര്‍വ്വം ഓര്‍മപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവര്‍ അത്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്ന് KPCC അധ്യക്ഷന്‍ എന്ന നിലയില്‍ താക്കീത് ചെയ്യുന്നു.നമുക്കൊരു പാട് ദൂരം മുന്നിലേയ്ക്ക് സഞ്ചരിക്കാനുണ്ട്. ഈ നാടിന്റെ പ്രതീക്ഷ മുഴുവന്‍ നെഞ്ചിലേറ്റി നിങ്ങളോരോരുത്തരും മുന്നിലേയ്ക്ക് കുതിക്കണം. പുതിയതായി വരുന്ന DCC നേതൃത്വത്തിനൊപ്പം നിന്ന് ഈ മാഫിയ സര്‍ക്കാരിനെതിരെ നമുക്ക് കൈമെയ് മറന്ന് പൊരുതണം. പ്രസ്ഥാനം മുന്നിലേയ്ക്ക് കുതിക്കാനൊരുങ്ങുമ്പോള്‍ പ്രതിബന്ധമായി നില്‍ക്കുന്ന സ്വാര്‍ത്ഥ താത്പര്യക്കാരെയും ശത്രുക്കളെയും അകറ്റി നിര്‍ത്തി ഈ നാടിനെ പിണറായി വിജയന്റെയും മോദിയുടെയും ദുരന്ത ഭരണത്തില്‍ നിന്നും മോചിപ്പിക്കാനായി നാമോരോരുത്തരും പ്രവര്‍ത്തിക്കണം. ഏതെങ്കിലും ഒരു നേതാവല്ല ഈ പാര്‍ട്ടി. നിങ്ങളും നമ്മളും ഒക്കെ ചേരുന്ന മഹാപ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.കേരളത്തെ ദുരിതക്കയത്തിലേയ്ക്ക് തള്ളിയിട്ട പിണറായി വിജയന്‍ – RSS സഖ്യത്തെ ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ എത്രയും പെട്ടെന്ന് തന്നെ DCC -കള്‍ പ്രവര്‍ത്തനസജ്ജമാകേണ്ടതുണ്ട്.ഹൈക്കമാന്‍ഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചാലുടന്‍ തന്നെ കൂടുതല്‍ ഊര്‍ജ്ജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിന്റെ ശബ്ദമായി മാറാന്‍ ഓരോ പ്രവര്‍ത്തകനും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

Post a Comment

0 Comments