Flash News

6/recent/ticker-posts

നരേന്ദ്ര മോദിയുടെ ആസ്തിയില്‍ ഒരു വര്‍ഷം കൊണ്ട് 22 ലക്ഷത്തിന്റെ വര്‍ധന; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്

Views

നരേന്ദ്ര മോദിയുടെ ആസ്തിയില്‍ ഒരു വര്‍ഷം കൊണ്ട് 22 ലക്ഷത്തിന്റെ വര്‍ധന; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 3.07 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 2.85 കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് മോദിയുടെ ആസ്തിയിലുണ്ടായത് 22 ലക്ഷത്തിന്റെ വര്‍ധനവാണ്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

എസ്ബി.ഐയുടെ ഗാന്ധി നഗര്‍ശാഖയിലെ സ്ഥിരനിക്ഷേപത്തിലാണ് വലിയ വര്‍ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31-ന് ഈ അക്കൗണ്ടിലുള്ള മോദിയുടെ സ്ഥിരനിക്ഷേപം 1.89 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നു. നിലവില്‍ ഓഹരി നിക്ഷേപങ്ങളൊന്നുമില്ല.

ഔദ്യോഗിക രേഖകള്‍ പ്രകാരം മോദിക്ക് സ്വന്തമായി വാഹനമില്ല. എന്നാല്‍ 45 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഇവയുടെ മൂല്യം 1.48 ലക്ഷം രൂപയാണ്. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 1.5 ലക്ഷം രൂപയാണ് ബാങ്ക് ബാലന്‍സ്. കൈയിലുള്ള പണം 36,000 രൂപയും.

ഗാന്ധിനഗറില്‍ 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വാങ്ങിയതും മോദിക്ക് നാലിലൊന്ന് അവകാശമുള്ളതുമായ ഭൂമിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 1.1 കോടി. 2014-ല്‍ പ്രധാനമന്ത്രിയായതിനുശേഷം പുതിയ വീടോ മറ്റു കെട്ടിടങ്ങളോ വാങ്ങിയിട്ടില്ലെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.

നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 8.9 ലക്ഷവും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്രീമിയമായി 1.5 ലക്ഷവും മുടക്കിയിട്ടുണ്ട്. 20,000 രൂപയുടെ എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ടര്‍ കടപ്പത്രമുണ്ട്.

അതേസമയം, അമിത് ഷായുടെ ആകെ ആസ്തി 37.91 കോടി രൂപയാണ്. 56-കാരനായ അമിത് ഷായുടെ ആസ്തിയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 9.28 കോടി രൂപയുടെ വര്‍ധനവുണ്ടായി. ഗുജറാത്തിലാണ് സ്വത്തുകളെല്ലാം. പാരമ്പര്യമായി കിട്ടിയും അല്ലാത്തതുമായ സ്വത്തുക്കള്‍ ഇതില്‍പ്പെടും. 32.3 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സുണ്ട്. സ്ഥിര നിക്ഷേപമായി 3.40 ലക്ഷം രൂപയും. 50 ലക്ഷം രൂപയുടെ ഗോള്‍ഡ് അമിത് ഷായ്ക്കുണ്ട്.


Post a Comment

0 Comments