Flash News

6/recent/ticker-posts

ആശിച്ച മൂതിരം കണ്ണീരിൽ മുറിച്ചുമാറ്റി

Views
ജീവിതാനുഭവങ്ങളിൽ മറക്കാൻ കഴിയാത്ത പല ഓർമ്മകളും നമുക്കുണ്ടാകും. റിയാദിലുള്ള ഒരു സഹോദരൻ്റെ അത്തരം ഒരു അനുഭവക്കഥ വായിക്കാം.
          അദ്നാനാണ് കഥാനായകൻ, മലപ്പുറം സ്വദേശിയായ അദ്നാന്  ഉപ്പയും ഉമ്മയും ഭാര്യയും നാല് കുട്ടികളുമടങ്ങുന്ന കുടുംബമുണ്ട്. റിയാദിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അദ്നാൻ്റെ ഉറ്റ സുഹൃത്താണ് ജരീർ.ഒഴിവ് സമയങ്ങളിൽ ഇരുവരും 'സൊറ' പറഞ്ഞിരിക്കുന്നത് പതിവാണ്.
         ജരീർ നാട്ടിൽ നിന്ന് വന്നപ്പോൾ വിരലിൽ ഒരു മോതിരം..! അദ്നാന് മോതിരം വളരെ ഇഷ്ടപ്പെട്ടു. അവൻ അതിൻ്റെ മഹിമകൾ പറഞ്ഞു തുടങ്ങിയപ്പോൾ ജരീർ പറഞ്ഞു.

   " നീ എത്ര പൊക്കിപ്പറഞ്ഞാലും ഈ മോതിരം മാത്രം ഞാൻ തരില്ലെടാ... ഇതെൻ്റെ ഉപ്പ വാങ്ങിത്തന്നതാ... എന്നെന്നും ഉപ്പാൻ്റെ ഓർമ്മക്ക് ഇതെൻ്റെ വിരലിൽ തന്നെ വേണം...''

''എനിക്ക് വേണ്ടോ... നിൻ്റെ വീര്യക്കട്ട... എന്നാലും ഇതൊരു ദിവസം ഞാൻ അടിച്ച് മാറ്റും,തീർച്ച...!" അദ്നാനും വിട്ടില്ല.

     പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ സംസാരത്തിന് തുടക്കവും ഒടുക്കവും വിശയം മോതിരമായി മാറി. സ്റ്റീൽ മോതിരത്തിന് മേലെ ഒരു റെയിൻബോ കളറിൽ മറ്റൊരു മോതിരം ചേർത്ത് വെച്ചത് പോലെ. അതിൻ്റെ ഭംഗിയെ കുറിച്ച് വർണ്ണിക്കാത്ത ദിവസങ്ങൾ അദ്നാനില്ലാതായി.
       ഉപ്പയുടെ സ്നേഹ സമ്മാനം പ്രിയ കൂട്ടുകാരന് നൽകാനും നൽകാതിരിക്കാനും ജരീറിന് കഴിഞ്ഞില്ല. പ്രിയപ്പെട്ട ഉപ്പയോട് ആവശ്യപ്പെടാതെ എനിക്ക് വേണ്ടി മാത്രമായി ഉപ്പ വാങ്ങിത്തന്ന ഈ മോതിരം കൂട്ടുകാരന് നൽകുന്നത് ഉപ്പയെ അവഗണിക്കുന്നത് പോലയാണ് തോന്നിയത്. എന്നാൽ, ഈ പ്രവാസ ലോകത്ത്  സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും തനിക്ക് താങ്ങും തണലുമായി നിൽക്കുന്ന കൂട്ടുകാരൻ്റെ അങ്ങേയറ്റത്തെ ആഗ്രഹമായ ഈ മോതിരം അവന് നൽകാതിരിക്കുന്നത് തൻ്റെ സ്വാർത്ഥതയോ ജാഡയോ ആയിരിക്കുമെന്ന് അവൻ കരുതുമെന്ന തോന്നൽ.
      ഒടുവിൽ ജരീർ ഒരു തീരുമാനത്തിലെത്തി. മെയ് 31 ന് അദ്നാൻെറ ബർത്ഡേയാണ്. അന്ന് സമ്മാനമായി നൽകാമെന്ന് ഉറപ്പിച്ചു.       
       മെയ് പകുതി ആയപ്പോൾ അദ്നാന് കമ്പനിയിൽ നിന്ന് ദമാമിലേക്ക് ട്രാൻസ്ഫർ കിട്ടി. വിവരം ജരീറിനെ അറിയിച്ചു. അവൻ ഒന്നും ആലോചിച്ചില്ല. അൽപം സ്വീറ്റ്സ് വാങ്ങി, അതിനിടയിൽ തൻ്റെ മോതിരം അഴിച്ച് വെച്ചു. എന്നിട്ട് നന്നായി പാക്ക് ചെയ്തു.അദ്നാൻെറ അടുത്തെത്താൻ ഒരു നിലക്കും ലീവ് കിട്ടിയില്ല. അവന് പുറപ്പെടാനും സമയമായി. നേരിൽ കാണാൻ ഒരു വഴിയും ഇല്ലാതായി.ഫോൺ വഴി യാത്ര പറഞ്ഞ് അദ്നാൻ ദമാമിലേക്ക് പുറപ്പെട്ടു.
          മോതിരം വെച്ച സ്വീറ്റ്സിൻ്റെ പാക്ക് ഇനി എന്തു ചെയ്യുമെന്നായി ജരീറിന്.അവനത് പെട്ടിയിൽ തന്നെ സൂക്ഷിച്ചു.അദ്നാൻ ദമാമിലെത്തി വിളിച്ച് യാത്ര വിവരങ്ങളെ കുറിച്ച് വാചാലനായി.

"എന്നാലും.... നീയാ മോതിരം തന്നില്ലല്ലോ.... നീയൊക്കെ എന്ത് ഫ്രണ്ടാണ്...?" എന്ന അദ്നാൻെറ ചോദ്യം ജരീറിൻ്റെ ഹൃദയത്തിൽ കൊണ്ടു. അവൻ ഒന്നും മറുപടി പറഞ്ഞില്ല.
        മൂന്ന് ദിവസം കഴിഞ്ഞ ശേഷം ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ തൊട്ടടുത്ത റൂമിലെ സാലിം കൂട്ടുകാരുമായി കേന്ദ്ര ഭരണ ചർച്ചയിലാണ്.ജരീറിനെ കണ്ടയുടനെ സലാം പറഞ്ഞ് കൈപിടിച്ച് കുലുക്കി  വന്ന ഉദ്ദേശം വ്യക്തമാക്കി.
   
   "നാളെ അതിരാവിലെ  ഞാൻ ദമാമിലേക്ക് പോകുകയാണ്. അവിടെ ഷോപ്പിൽ ആളൊഴിവുണ്ട്.രണ്ട് മാസത്തേക്ക് അവിടേക്ക് എന്നെ മാറ്റീട്ടുണ്ട്.അത് കൊണ്ട് യാത്ര പറയാൻ വന്നതാ...."

സാലിം ഇത്ര പറഞ്ഞപ്പോഴേക്കും ജരീർ ഓടിച്ചെന്ന് തൻ്റെ പെട്ടി തുറന്ന് ഒരു പൊതിയുമായെത്തി.ഇൻസുലേഷന് ഉള്ളിൽ വരിഞ്ഞ് മുറുക്കപ്പെട്ടത് എന്താണെന്ന ഭാവത്തിൽ എല്ലാവരും മിഴിച്ച് നോക്കി.

       "എൻ്റെ ഫ്രണ്ട് അദ്നാന് കൊടുക്കാനുള്ളതാണിത്. ഇത്തിരി ബേക്കറിയാണ്. അവനോട് കാര്യമൊന്നും പറയണ്ട... മെയ് - 31 ന് അവൻ്റെ ബർത്ഡേയാണ്. അതിന് മുമ്പ് അവന് ട്രാൻസ്ഫർ വന്നു.അഡ്വാൻസായി കൊടുക്കാമെന്ന് കരുതിയപ്പോൾ തമ്മിൽ കാണാനും പറ്റാതായി..."

      എല്ലാവരും കളിയാക്കി. 'നിൻ്റെ കെട്ടിയോളൊന്നും അല്ലല്ലാേ...?' എന്നവർ ചോദിച്ചു.
      സാലിമിൻ്റെ കയ്യിൽ പൊതി കൊടുത്ത വിവരം അദ്നാനോട് പറഞ്ഞില്ല. ദമാമിലെത്തി സാലിം രണ്ട് ദിവസം കഴിഞ്ഞ് ജരീർ കൊടുത്ത നമ്പറിൽ അദ്നാനെ വിളിച്ചു. സലാമും പേരും പറഞ്ഞ്  പരിചയപ്പെടുത്തി.ഒന്ന് നേരിൽ കാണണമെന്ന്‌ ആവശ്യപ്പെട്ട് താമസസ്ഥലത്തേക്കുള്ള വഴി അന്വേഷിച്ചു. ആരാണെന്നും എന്തിനാണെന്നും അവൻ ചോദിച്ചെങ്കിലും സാലിം 'എല്ലാം സർപ്രൈസാ'ണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.അന്ന് വൈകുന്നേരം രണ്ട് പേരും കണ്ട് മുട്ടി.ഇൻസുലേഷൻ ടേപ്പിൽ 'കഫൻ' ചെയ്ത ആ പൊതി അദ്നാൻ തിരിച്ചും മറിച്ചും നോക്കി. ഒരെഴുത്തും ഇല്ലാത്ത ആ പൊതി ചെവിയുടെ അടുത്തേക്ക് വെച്ച് കുലുക്കി.ഒരു അനക്കവും ഇല്ല.!

   " ഇതെന്താ... വല്ല കഞ്ചാവോ ബോംബോ ആണോ...?!! " അദ്നാൻ അൽപം ഭയത്തോടെ ചോദിച്ചു.

  " ഞാൻ റിയാദിൽ  ജരീറിൻെറ റൂമിനടുത്താണ്... ബർത്ഡേക്ക് മുൻകൂട്ടി ഗിഫ്റ്റ് തന്ന് വിട്ടതാ... എന്തോ സ്വീറ്റ്സ് ആണെത്രേ...!" സാലിം അവൻ്റെ ഭയം മാറ്റി യാത്ര പറഞ്ഞ് പിരിഞ്ഞു.
      അദ്നാൻെറ മുഖം വിടർന്നു.! ഇന്നലെയും ഇന്നും വിളിച്ചിരുന്നതാ എന്നിട്ടും ഈ പൊതിയെ കുറിച്ച് ഒരു വാക്ക് മിണ്ടിയില്ലല്ലോ എന്നോർത്തു. അക്ഷമനായി അവൻ ആ പൊതിവലിച്ച് കീറി. മഞ്ഞ നിറത്തിൽ മൈസൂർ പാക്ക് പോലെ മധുരമുള്ള ഉറപ്പുള്ള ബേക്കറി. മൊബൈലെടുത്ത് ജരീറിനെ വിളിച്ചു.
   "എന്താടാ പഹയാ ഇത്...?! നിനക്കൊരു വാക്ക് പറഞ്ഞൂടായിരുന്നോ...?! ബേക്കറിയേക്കാൾ ആ മോതിരം തന്നിരുന്നെങ്കിൽ കാര്യായിരുന്നു..." അദ്നാൻ ഒരു കഷ്ണമെടുത്ത് തിന്ന് കൊണ്ട് പറഞ്ഞു.

   "എൻെറ ഉപ്പ എനിക്ക് തന്ന മോതിരം ഇപ്പൊ തരാൻ സൗകര്യല്ല. തന്നത് തന്നത് കൊണ്ടിരുന്നാൽ പിന്നേം തമ്പ്രാൻ തന്നിരിക്കും... എന്നാണെടോ ചൊല്ല്.!"
    
     അവൻ മോതിരം കണ്ടിട്ടില്ലെന്ന് ജരീർ ഉറപ്പിച്ചു. ഡ്യൂട്ടിക്ക് പോകാൻ സമയമായെന്നും പറഞ്ഞ് ജരീർ ഫോൺ കട്ട് ചെയ്തു.
       അദ്നാൻ പുറംകവർ വലിച്ച് കീറി കച്ചറയിലേക്കിട്ടു. ശേഷം കയ്യും വായും കഴുകി ആ പൊതി നന്നായി ഒരു ടിന്നിൽ അടച്ചു വെക്കാൻ നേരം അദ്നാൻ്റെ കണ്ണിലൊരു തിളക്കം കണ്ടു. സൂക്ഷിച്ച് നോക്കി; അവൻ ആവേശത്തിൽ ഒരൊച്ചയിട്ട് എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ചെരിഞ്ഞു. അതെ..., അവൻ ഏറെ ആശിച്ച ആ മോതിരം തന്നെ..!
        ആ മോതിരത്തിൽ തുരുതുരെ മുത്തം വെച്ചു. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു... ചുണ്ടുകളിൽ വിടർന്ന സന്തോഷപ്പുഞ്ചിരി ചിരി അടക്കാനായില്ല. മൊബൈലെടുത്ത് വീണ്ടും വിളിച്ചു.
   
   "ജരീർ.... ആം വെരി വെരി ഹാപ്പി ഡിയർ....താങ്ക്സ്... വെരി വെരി താങ്ക്സ്... ടാ....എനിക്ക്... എനിക്കാ മോതിരം കിട്ടി മുത്തേ....!"

   "മുത്തും സ്വത്തും അവിടെ നിൽക്കട്ടെ... ഇത്തിരി മുന്നേ പഹയാന്ന് വിളിച്ചതും ഈ എന്നെത്തന്നെയല്ലേ...?"
ജരീർ ഇത്തിരി ഗൗരവം കൂട്ടി.

    "സോറി, റിയലി സോറി....! അറിയാതെ പറഞ്ഞതാണേ..." 
അദ്നാൻ ക്ഷമാപണം നടത്തി.അദ്നാൻ വീഡിയോ കോൾ ഓൺ ചെയ്തു. അവൻ്റെ ആഹ്ലാദവും  ഇടക്കിടെ മോതിരത്തിൽ മുത്തം വെക്കുന്നതും കണ്ടപ്പോൾ ജരീറിന് സംതൃപ്തിയായി.ഇരുവരും ഏറെ നേരം സംസാരിച്ചു.രണ്ട് പേർക്കും ഈവനിംങ്ങ് ഡ്യൂട്ടിക്ക് ഇറങ്ങാറായി.
         രണ്ട് പേരും രണ്ടറ്റത്തായിട്ടും വീഡിയോ കോൾ വഴി അവർ ഒന്നിച്ചായിരുന്നു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു. അ ഒന്നര മാസം പിന്നിട്ടു.അന്നാണ് ഈ എഴുത്തിന് കാരണമായ സംഭവം അരങ്ങേറിയത്.
        അദ്നാൻ ഇടതു കയ്യിലെ ചെറുവിരലിലാണ് മോതിരം അണിഞ്ഞിരുന്നത്. ഇടക്കിതെ അത് അഴിക്കുന്നതും അണിയുന്നതും അവന് ഒരു ഹരമായി. അന്ന് ഡ്യൂട്ടി സമയത്ത് ഒഴിഞ്ഞിക്കുന്ന സമയം മോതിരം അഴിച്ച്, വീണ്ടും അണിഞ്ഞത് മോതിരവിരലിലാണ്. അത് വിരലിൽ അൽപം ഇറുകിയാണിരിക്കുന്നത്. എങ്കിലും  പ്രയാസമൊന്നും  തോന്നിയില്ല. ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി ജരീറുമായി 'സൊറ' തുടങ്ങി. വീഡിയോ കോളിൽ കൈ കണ്ട ജരീർ മോതിരം എന്തേ വിരല് മാറ്റിയിട്ടോന്ന് ചോദിച്ചു.
   
    "ഹാ... അറിയാതെ വിരല് മാറിയിട്ടു. വലിയ ടൈറ്റാന്നും ഇല്ല... സോപ്പ് തേച്ച് അഴിക്കാവുന്നതേയുള്ളൂ...പ്രശ്നല്ല."

       അദ്നാൻ നിസാരമായി പറഞ്ഞു. പിറ്റേ ദിവസം  ശനിയാഴ്ചയായിരുന്നു. രാവിലെ ഡ്യൂട്ടിക്കിറങ്ങി, അവിടെ നിന്നാണ് വിരലിന് ചെറുതായി വിങ്ങൽ അനുഭവപ്പെട്ടത്.ഇടവേളകളിലെല്ലാം സോപ്പ് തേച്ച് അഴിക്കാൻ ശ്രമിച്ചു.ഒരു രക്ഷയുമില്ല.! സംഭവം ജരീറിനെ അറിയിച്ചില്ല. മോതിരം വിരലിൽ ഇറുകിച്ചേർന്നിരിക്കുന്നു. ഒരു നിലക്കും അഴിക്കാനായില്ല. സമയം നീങ്ങുന്നിടത്തോളം വിരൽ തടിച്ച് വരുന്ന പോലെ തോന്നി.പല വഴിയും നോക്കി. ഡ്യൂട്ടി കഴിഞ്ഞെത്തി സോപ്പ് തേച്ചും എണ്ണ തേച്ചും അഴിക്കാൻ നോക്കി. കിട്ടിയില്ല. രാത്രി ഭക്ഷണം നേരെ കഴിക്കാൻ തോന്നിയില്ല വിരൽ വിങ്ങുകയാണ്. റൂമിലെ മറ്റു കൂട്ടുകാരെല്ലാം ശ്രമിച്ചു.ഒരു രക്ഷയുമില്ല.! ഇനി എന്ത്?! ഉറങ്ങാൻ സമയമായി.നേരിയ പനി തോന്നി. വിരൽ വിങ്ങൽ കൂടിക്കൂടി  വരികയാണ്.കടച്ചിലും തുടങ്ങി.കണ്ണുനീർ അറിയാതെ ഒഴുകി. ഉറങ്ങാൻ കഴിയുന്നില്ല. വിരൽ മുറിച്ച് നീക്കാൻ തോന്നും വിധം അവൻ പ്രയാസത്തിലായി. ഉള്ളുരുകി നാഥനോട് പ്രാർത്ഥിച്ചു.നാട്ടിലേക്ക് ഭാര്യക്ക് വിളിച്ചപ്പോഴും ഈ ഒരു പ്രയാസം അറിയിച്ചില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.ഞായറാഴ്ച അദ്നാൻെറ ലീവ് ദിവസമാണ്. നേരം പുലർന്ന് ലൈറ്റിട്ടപ്പോഴാണ് വിരലിന് വീക്കം വന്നതും നീല നിറമായി മാറിയതും കാണുന്നത്. ഉടനെ ജരീറിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

     "നീ എത്രയും വേഗം ഒരു ഹോസ്പിറ്റലിൽ ചെന്ന് കട്ട് ചെയ്യ്...!" എന്ന് ജരീർ ഉപദേശിച്ചു.

    "നിൻ്റെ കയ്യിൽ നിന്ന് പിടിച്ച പറിച്ച പോലെ വാങ്ങിയ ഈ മോതിരം ഞാൻ കട്ട് ചെയ്യില്ല... എൻ്റെ വിരൽ മുറിച്ചോട്ടെ, മോതിരം മുറിക്കില്ല....!"അദ്നാൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.
     കടുത്ത നീല നിറം വന്ന്  കൈപത്തി വീക്കം വന്നിട്ടുണ്ട്. നിങ്ങൾ ഉടനെ ഒരു ജ്വല്ലറിയിൽ പോയി മോതിരം കട്ട് ചെയ്യണം, അല്ലാതെ ഒരു വഴിയും ഇല്ലെന്ന് പലരും പറഞ്ഞു. ഉടനെ അത്രക്ക് പ്രയാസത്തിലായിരുന്നിട്ട് പോലും പറഞ്ഞ മറുപടി:

    "എന്തുവന്നാലും മോതിരം മുറിക്കാൻ പറ്റില്ല. ഇതെൻ്റെ ഫ്രണ്ട് ഗിഫ്റ്റായി തന്നതാണ്. വിരൽ മുറിച്ചാലും മോതിരം മുറിക്കാൻ പറ്റില്ല...!"
    
     "ആര് തന്നതായാലും മോതിരം വേറെയും കിട്ടും.., വിരല് അങ്ങനെ കിട്ടില്ല." എന്ന് കൂട്ടുകാരനും.
       അങ്ങനെ അദ്നാൻ ഹോസ്പിറ്റലിലെത്തി.അവർ മോതിരം മുറിക്കണമെന്നു തന്നെ പറഞ്ഞു. അവിടെ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവ് ഇതിന് ഭീമമായ സംഖ്യ വരുമെന്ന കാര്യം അദ്നാനെ ഓർമ്മിച്ചു.ഒരു ബ്ലേഡ് കൊണ്ട് കുറച്ച് നേരം കഷ്ടപ്പെട്ടാൽ സ്വയം മോതിരം മുറിച്ച് മാറ്റാനാകുമെന്ന് കൂടി യുവാവ് പറഞ്ഞു. അത് കേട്ട് അവൻ അവിടെന്ന് ഇറങ്ങി. റൂമിലാണെങ്കിൽ അതിന് പറ്റിയ ബ്ലേഡില്ല. ആകെ കൂടി തല കറങ്ങുന്നത് പോലെ തോന്നി.ജരീറിനെ വിളിച്ചു. അവൻ ഡ്യൂട്ടിയിലായതിനാൽ ഫോൺ ഓഫിലായിരുന്നു. ശേഷം മറ്റൊരു കൂട്ടുകാരന് മെസേജ് വിട്ടു.ഇനി എന്താക്കണമെന്ന് ചോദിച്ചു. ജ്വല്ലറിയിൽ നിന്ന് തീർച്ചയായും മുറിക്കാൻ കഴിയുമെന്ന് പറഞ്ഞപ്പോൾ അദ്നാൻ അടുത്തുള്ള ജ്വല്ലറിയിലെത്തി.
       ഇനി മോതിരം മുറിച്ച് മാറ്റുകയല്ലാതെ ഒരു വഴിയും ഇല്ലെന്ന് അദ്നാൻ മനസ്സിലാക്കി. വിരല് കറുത്ത നിറമായിത്തുടങ്ങി.ഒന്നും കഴിക്കാതെ നെട്ടോട്ടമോടുകയാണ്. കഴുത്ത് പിടിച്ചു ഞെരിച്ച പോലെ വിരലിനെ മോതിരം ഞെരിച്ച് കൊല്ലുകയാണെന്ന് തോന്നി.പനി ഒട്ടും കുറവില്ല. ഈ മോതിരം താൻ തട്ടിപ്പറിച്ച പോലെ നേടിയെടുത്തത് കൊണ്ടായിരിക്കുമോ..? ജരീർ പൂർണ്ണ സന്തോഷത്തോടെ തന്നതല്ലേ..? എന്നിങ്ങനെ ഒരു നൂറു കൂട്ടം ചോദ്യങ്ങൾ മനസ്സിലുയർന്നു. ഏതായിരുന്നാലും സകലപ്രയാസങ്ങളും ഈ ജ്വല്ലറിയിൽ തീരുമെന്ന ആശ്വാസത്താൽ അദ്നാൻ നെടുവീർപ്പിട്ടു.അസഹ്യമായ വിശപ്പ് സഹിച്ച് പൊരിവെയിലിൽ ഏകനായി നെട്ടോട്ടമോടുകയാണ്...! ഒന്നു കിട്ടാൻ വേണ്ടി അതിരറ്റ് ആശിച്ച ആ മോതിരം വിരലിൽ നിന്ന് മുറിച്ച് നീക്കാൻ വേണ്ടി യാതനകൾ സഹിക്കുകയാണ്. ജ്വല്ലറിക്കകത്ത് കയറി. വലിയ സ്വീകരണം. കൈ കാണിച്ച് കാര്യമവതരിപ്പിച്ചു. അവർ ബ്ലേഡുമായി ഏറെ നേരം മുറിക്കാൻ  ശ്രമിച്ചു. പക്ഷേ, ആ ശ്രമവും വിഫലമായി. മോതിരത്തിൽ ഒരു പോറൽ പാട് വരുത്താനെ അവർക്ക് കഴിഞ്ഞുള്ളൂ... അദ്നാന് പൊട്ടിക്കരയണമെന്ന് തോന്നി.നിരാശയോടെ അവിടെ നിന്ന് ഇറങ്ങുമ്പോൾ ജരീറിനെ വീണ്ടും വിളിച്ചു.

   "ടാ....എനിക്ക് തീരെ വയ്യ, എല്ലാരും മോതിരം മുറിക്കാൻ തന്നെ പറയുന്നത്. ഞാൻ ജ്വല്ലറിയിലും പോയി... അവിടെന്നും കട്ട് ചെയ്യാനായില്ല.... ഇപ്പൊ റൂമിലേക്ക് പോകുകയാണ്..." അദ്നാൻെറ തൊണ്ടയിടറി.

  "നീ കരയാണോ....?ഹോസ്പിറ്റലിന്ന് കട്ട് ചെയ്യാൻ പറ്റുമെടോ... ഹോസ്പിറ്റലിലേക്ക് തന്നെ ചെല്ല്...!"ജരീർ ആശ്വസിപ്പിച്ചു.

  "എന്നോട് ദേഷ്യണ്ടോ..? ഇത് നിൻ്റെ വിരലിൽ തന്നെ കിടന്നിരുന്നെങ്കിൽ ഇങ്ങനെ ഒന്നും..." അദ്നാൻ്റെ വാക്കുകൾ പൂർത്തിയാക്കാനായില്ല.
    ജരീർ കുറെ ആശ്വസിപ്പിച്ചു. റൂമിലെത്തിയ ശേഷം അദ്നാൻ നീണ്ട് നിവർന്ന് കിടന്നു. പച്ച വെള്ളം കുടിച്ചതല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. സമയം ഉച്ചകഴിഞ്ഞു. ഇന്നലെ രാത്രി അൽപം കഴിച്ചതാ... പിന്നീട് ഒന്നിനും താത്പര്യമില്ലാത്ത അവസ്ഥയായി. മോതിരത്തിൽ എങ്ങനെയെങ്കിലും രക്ഷ കിട്ടണം. അന്നേരമാണ് മുമ്പ് ദമാമിൽ നിന്നപ്പോഴുണ്ടായിരുന്ന പഴയ ഒരു സുഹൃത്തിനെ ഓർമ്മ വന്നത്. അദ്ദേഹം ഒരു സകലകലാവല്ലഭൻ തന്നെയാണ്. ഇത്തരം സാഹചര്യങ്ങൾ അതിസമർത്ഥമായി നേരിടാൻ കഴിയുന്ന ഒരു വ്യക്തി,അതേ... ഒതുക്കുങ്ങൽ സ്വദേശി  കാസിം..! പെട്ടെന്ന് മൊബൈലെടുത്ത് കാസിംക്കയുടെ നമ്പർ തിരഞ്ഞു.ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. കേട്ടയുടനെ അദ്ദേഹത്തിൻ്റെ താമസസ്ഥലത്തേക്ക് എത്താനായി അദ്ദേഹം  ആവശ്യപ്പെട്ടു.
         പിന്നെ ഒന്നും നോക്കിയില്ല. കുറെ ദൂരം ബസ് യാത്ര ചെയ്യണം. ഇരുട്ടാകും മുമ്പ് അവിടെ എത്തണം. അങ്ങനെ ബസിൽ ഇരുന്ന് ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങി. ഒടുവിൽ കാസിംക്കയുടെ ഫ്ലാറ്റിനടുത്തെത്തി. സന്തോഷത്തോടെ കാസിംക്കയുടെ റൂമിനെ ലക്ഷ്യമിട്ടു.അദ്നാന് കാസിംക്കയിൽ നല്ല ആത്മവിശ്വാസമാണ്, ആ വിശ്വാസത്തോടെ  വാതിലിൽ മുട്ടി. അകത്ത് നിന്നും കാസിംക്കയുടെ ശബ്ദം കേട്ടു,

   "യേസ്.... കേറി വരൂ..... ''
        വാതിൽ തുറന്ന് അകത്ത് കയറിയതും അദ്നാൻ്റെ സകല പ്രതീക്ഷയും ചില്ല് കൊട്ടാരം പോലെ തകർന്നു.'പേറെടുക്കാൻ വന്നവൾ ഇരട്ടപെറ്റു'എന്ന് കേട്ടിട്ടേയുള്ളൂ...! ഇവിടെ വരെ വന്നത് വലിയ ചതിയായിപ്പോയെന്ന് തോന്നി. കാസിംക്കയെ കണ്ട അദ്നാന് പൊട്ടിക്കരയാനാണ് തോന്നിയത്.ഇരുകയ്യും ബാൻഡേജിട്ട് കഴുത്തിൽ ഇരു ബാഗിലാക്കി തൂക്കിയിട്ടിരിക്കുന്നത് കണ്ടാൽ നെഞ്ചത്തടിച്ചായിരിക്കും കരച്ചിൽ...! അദ്നാന് എന്ത് പറയണമെന്നറിയില്ല. കാസിംക്ക തന്നെ സംസാരിച്ച് തുടങ്ങി.ജിദ്ദയിൽ വെച്ച് ആക്സിഡൻറ് സംഭവിച്ച കഥയും മറ്റും പറഞ്ഞു.അദ്നാൻ്റെ വിരൽ കണ്ട കാസിംക്കക്ക് ഒരു കൂസലും ഇല്ല .അദ്ദേഹം വലതുകയ്യിൻ്റെ ബാഗ് പതുക്കെ അഴിച്ചു. ടൈൽ കട്ടർ എടുത്തു.അദ്നാന് ഹൃദയം പെടപെടാന്ന് മിടിക്കുന്നുണ്ടായിരുന്നു..
  കാസിംക്ക  ഒരു പെപ്സി കുപ്പിയുടെ മൂടി പൊട്ടിച്ച് മോതിരത്തിനിടയിലേ ക്ക് എങ്ങനേയോ വെച്ചു. ടൈൽ കട്ടർ പ്രവൃത്തിച്ചു.അതിൻ്റെ ശബ്ദം പോലെ അദ്നാൻ്റെ ഹൃദയം പെരുമ്പറ കൊട്ടി. ജനിച്ച ശേഷം  അന്നാണ് അവൻ ഉണർന്നിരുന്ന് ശ്വാസമടക്കിപ്പിച്ച സമയം..! മെഷീൻ  മോതിരത്തിൽ ഉരച്ചു തുടങ്ങി.തീപ്പൊരി പാറുന്നു..! അനങ്ങിയാൽ കൈ വരെ മുറിഞ്ഞ് പോകും..! മനസ്സറിഞ്ഞ് നാഥനോട് പ്രാർത്ഥിച്ചു.ഷോർഡറിന് അപകടം സംഭവിച്ച ഈ വ്യക്തിയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വളരെ സൂക്ഷ്മതയോടെ മെഷീൻ പ്രവൃത്തിച്ചു. ഒടുവിൽ ആ മോതിരം മുറിഞ്ഞു. അവനൊന്ന് ദീർഘശ്വാസം വിട്ടു. പിന്നീട് ആ മുഖത്ത് സന്തോഷം തെളിഞ്ഞു. വിരലിന് ആ വലിയ ഊരാകുടുക്കിൽ നിന്ന് മോചനം ലഭിച്ചു.!
ഉടനെ ജരീറിനെ വിളിച്ച് സന്തോഷം അറിയിച്ചു.കൂടെ ഒരു അപേക്ഷ കൂടി അയച്ചു.

 " ഇതിന് പകരം എനിക്കിനി വേറെ ഒരു മോതിരം നീ വാങ്ങിത്തരണേ...!"

       ''ഇത്രയൊക്കെ അനുഭവിച്ചിട്ടും വീണ്ടും മോതിരം തന്നെ ചോദിക്കണോ..?'' എന്ന് ജരീർ ചോദിച്ചു.
     
      രണ്ട് മൂന്ന് തവണ ജരീർ മുറിച്ച് കളഞ്ഞ മോതിരത്തെ കുറിച്ച് അന്വേഷിച്ചു. പ്രിയപ്പെട്ട ഉപ്പയുടെ ഓർമ്മകളിലേക്ക് സൂക്ഷിക്കാനായിരിക്കാം... മുറിച്ച സമയത്തെ ആഹ്ലാദത്തിൽ അത് കാസിംക്ക കച്ചറയിലേക്കിട്ടത് ശ്രദ്ധിച്ചില്ല. വിരലിൽ മോതിരം  കിടന്ന ഭാഗത്ത് മുറിവുകളുണ്ട്. രാത്രി ഭക്ഷണം കഴിച്ച് കൂട്ടുകാരൻ്റെ റൂമിൽ തന്നെ ഉറങ്ങി രണ്ട് ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടതാണല്ലൊ..!
രാവിലെ ഉണർന്നശേഷം ദമാമിലേക്ക് തന്നെ തിരിച്ചു.പനി നന്നായി ബേധമായി.രണ്ട് ദിവസം കഴിഞ്ഞ് മോതിരം കിടന്നിരുന്ന ഭാഗത്തെ തൊലിയെല്ലാം അടർന്ന് കൊണ്ടിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് വിരൽ പൂർവ്വസ്ഥിതിയിലായത്.

Post a Comment

0 Comments