Flash News

6/recent/ticker-posts

എന്താണ് കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പി.സി.വി.)? അറിയേണ്ടതെല്ലാം

Views

എന്താണ് കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പി.സി.വി.)? അറിയേണ്ടതെല്ലാം

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന പി.സി.വി. പദ്ധതി ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്| ഫോട്ടോ: പി.ടി.ഐ.  
   
ന്യൂമോകോക്കൽ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കുഞ്ഞുങ്ങൾക്കായി പുതിയ ഒരു വാക്സിൻ കൂടി സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്.

സാർവത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി 2021 ഒക്ടോബർ ഒന്ന് മുതലാണ് കുഞ്ഞുങ്ങൾക്ക് ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ(PCV10) നൽകാൻ തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒക്ടോബർ ഒന്നിനാണ് ആരോഗ്യമന്ത്രി വീണാജോർജിന്റെ സാന്നിധ്യത്തിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി മറ്റ് ജില്ലകളിൽ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ആദ്യ മാസം 40,000 കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഒരു വർഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാനാണ് പദ്ധതി. വാക്സിനേഷന്റെ ആദ്യമാസത്തേക്ക് ആവശ്യമായ 55,000 ഡോസ് വാക്സിൻ എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

🔹എന്തിനാണ് വാക്സിൻ
      നൽകുന്നത്.?

അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ലോകത്താകമാനം പത്ത് ലക്ഷത്തോളം കുട്ടികൾ ഗുരുതരമായ ന്യൂമോണിയ ബാധിച്ച് ഒരു വർഷം മരണമടയുന്നു എന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. കുട്ടികളിൽ ബാക്ടീരിയ ബാധമൂലമുള്ള ന്യൂമോണിയയുടെ ഒരു പ്രധാന കാരണം സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയയാണ്.

ഇന്ത്യയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 12 ലക്ഷം കുട്ടികൾ ഒരു വർഷം മരണമടയുന്നത്. ഇവരിൽ 16 ശതമാനത്തോളം മരണങ്ങളും ന്യൂമോണിയ മൂലമാണ് സംഭവിക്കുന്നത്. 2015 ൽ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള 68700 കുട്ടികൾ ന്യുമോകോക്കൽ രോഗങ്ങൾ മൂലം മരിച്ചുവെന്നും കണക്കുകളിൽ പറയുന്നു.

🔹എന്താണ് ന്യൂമോകോക്കൽ
     അസുഖങ്ങൾ..?


സ്ട്രെപ്പറ്റോകോക്കസ് ന്യൂമോണിയേ അഥവാ ന്യൂമോകോക്കസ് എന്ന ഒരു തരം ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു കൂട്ടം അസുഖങ്ങളെയാണ് പൊതുവേ ന്യൂമോകോക്കൽ അസുഖങ്ങൾ എന്ന് പറയുന്നത്.

ഈ ബാക്ടീരിയകൾ ശരീരത്തിന്റെ പലഭാഗങ്ങളിലായി വ്യാപിച്ച് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കും. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കൽ ന്യുമോണിയ. ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ, മസ്തിഷ്കത്തെ ആവരണം ചെയ്യുന്ന സ്തരങ്ങളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അണുബാധയായ സെപ്റ്റിസീമിയ, ചെവി പഴുപ്പ് അഥവാ ഓട്ടൈറ്റിസ് മീഡിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉണ്ടാകാൻ ഈ ബാക്ടീരിയ കാരണമാകും.

ഈ ബാക്ടീരിയയ്ക്ക് നിരവധി വകഭേദങ്ങളുണ്ട്. എന്നാൽ അവയെല്ലാം ഗുരുതരമായ രോഗാവസ്ഥകൾക്ക് ഇടയാക്കാറില്ല. ഇവയിൽ പലതും നമ്മുടെ തൊണ്ടയിലും മൂക്കിലുമൊക്കെ ഉണ്ടാകാറുമുണ്ട്. ചില അസുഖങ്ങളെത്തുടർന്ന് പലപ്പോഴും കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറയാനിടയുണ്ട്. നിശബ്ദരായിരിക്കുന്ന ഈ ബാക്ടീരിയകൾ ആ സമയത്ത് പ്രശ്നമുണ്ടാക്കാം. ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ചെവിയിൽ പഴുപ്പ്, രക്തത്തിലെ അണുബാധ എന്നിവ ഉണ്ടായാൽ ചികിത്സ തേടേണ്ടി വരും. അവ ഭേദമായാലും ചിലപ്പോൾ കേൾവിക്കുറവ്, അപസ്മാരം, ബുദ്ധിക്കുറവ് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ന്യൂമോകോക്കൽ വാക്സിൻ കൂടി കുഞ്ഞുങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

🔹രോഗത്തിന്റെ ലക്ഷണങ്ങൾ

ചുമ, കഫക്കെട്ട്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, പനി, നെഞ്ചുവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം തീവ്രമാണെങ്കിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാകാം. ഹൃദയാഘാതം ഉണ്ടാകാനോ അബോധാവസ്ഥയിലാകാനോ സാധ്യതയുണ്ട്.

🔹ന്യൂമോകോക്കൽ വാക്സിൻ
     പുതിയത് അല്ല


ഇതൊരു പുതിയ വാക്സിനല്ല. 2017 മുതൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്സിൻ നൽകാൻ തുടങ്ങിയിരുന്നു. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഹിമാചൽ പ്രദേശ്, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ സംവിധാനത്തിലൂടെയാണ് ഈ വാക്സിൻ ലഭ്യമാക്കിയത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ 2000 മുതൽ തന്നെ ഈ വാക്സിൻ ലഭ്യമായിരുന്നു. കേരളത്തിൽ ഒക്ടോബർ ഒന്ന് മുതൽ സാർവത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായാണ് ഈ വാക്സിൻ നൽകുന്നത്.

പി.സി.വി 13, പി.സി.വി.10, പി.സി.വി. 7, പി.പി.എസ്.വി. എന്നിങ്ങനെയാണ് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനുകൾ. ന്യുമോകോക്കൽ ബാക്ടീരിയയുടെ 90 വകഭേദങ്ങളിൽ 13 രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് പി.സി.വി.13.

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയെ മൂലമുണ്ടാകുന്ന 10 തരം ന്യൂമോകോക്കൽ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് പി.സി.വി.10.

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയെ ബാക്ടീരിയയുടെ ഏഴ് തരം രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന വാക്സിനാണ് പി.സി.വി.7.

പി.സി.വി. 10, പി.സി.വി. 13 എന്നിവയിലെ 10,13 എന്നിവ സൂചിപ്പിക്കുന്നത് ആ വാക്സിനുകളിൽ അടങ്ങിയിരിക്കുന്ന സീറോ ടൈപ്പുകളുടെ എണ്ണത്തെയാണ്. ന്യുമോസിൽ (Pneuemosil) എന്നറിയപ്പെടുന്ന പി.സി.വി.10 ആണ് കേരളത്തിൽ സൗജന്യമായി നൽകുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് നിർമ്മിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ പി.സി.വി. 10 ന് 1900 രൂപയാണ് ഈടാക്കുന്നത്. പി.സി.വി. 13 വാക്സിന് 2500 -3800 രൂപ വരെയാണ് സ്വകാര്യ മേഖലയിൽ വില.

🔹വാക്സിൻ നൽകേണ്ടത് എപ്പോൾ.?

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷ്യൻ(ഐ.എ.പി.) മാർഗനിർദേശങ്ങൾ പ്രകാരം കുഞ്ഞ് ജനിച്ച് ആറാഴ്ച, പത്താഴ്ച, പതിനാല് ആഴ്ച എന്നീ പ്രായത്തിൽ പി.സി.വിയുടെ ആദ്യ മൂന്ന് ഡോസുകൾ നൽകണം. 12-15 മാസത്തിൽ ബൂസ്റ്റർ ഡോസും നൽകാം എന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.

കേരളത്തിൽ നിലവിൽ ആരംഭിച്ചിരിക്കുന്ന വാക്സിനേഷൻ പദ്ധതി പ്രകാരം കുഞ്ഞ് ജനിച്ച് ആറാഴ്ച(ഒന്നര മാസം) പ്രായമാകുമ്പോഴാണ് പി.സി.വിയുടെ ആദ്യ ഡോസ് നൽകുന്നത്. പതിനാല് ആഴ്ച(മൂന്നര മാസം) സമയത്താണ് പി.സി.വി. രണ്ടാം ഡോസ് നൽകുന്നത്. ആദ്യത്തെ ഈ രണ്ട് ഡോസുകളാണ് പ്രൈമറി ഡോസ്. പെന്റാവാലന്റ്, ഓറൽ പോളിയോ, ഇഞ്ചക്ടബിൾ പോളിയോ, റോട്ട വൈറൽ വാക്സിനുകൾ എന്നിവയ്ക്കൊപ്പമാണ് പി.സി.വിയുടെ ആദ്യ രണ്ട് ഡോസുകൾ നൽകുന്നത്.
തുടർന്ന് ഒമ്പത് മാസം പ്രായമാകുമ്പോൾ ബൂസ്റ്റർ ഡോസും നൽകും. എം.ആർ.വാക്സിന്റെ ആദ്യ ഡോസ്, വിറ്റാമിൻ എ എന്നിവയ്ക്കൊപ്പമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അങ്ങനെ ന്യൂമോകോക്കൽ വാക്സിന്റെ മൂന്ന് ഡോസാണ് നൽകുന്നത്.

0.5 മില്ലി വാക്സിനാണ് നൽകുക. വലത് തുടയിലെ പേശികളിലാണ് (Intramuscular Injection on Right Anterolateral Thigh) ഈ കുത്തിവയ്പ്പ് നൽകുന്നത്. വാക്സിൻ എടുക്കാനുള്ള ഉയർന്ന പ്രായപരിധിയായി ഒരു വയസ്സാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

🔹അറിയേണ്ട മറ്റ് കാര്യങ്ങൾ

ന്യൂമോകോക്കൽ വാക്സിൻ പൊതുവേ സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കുത്തിവയ്പ്പെടുത്താൽ കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദനയും ചെറിയ പനിയുമൊക്കെ ഉണ്ടാകാം.
മുൻപ് പി.സി.വി. എടുത്ത് അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ വാക്സിൻ എടുക്കരുത്.
കുഞ്ഞുങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ ഉള്ള സമയത്ത് ഈ വാക്സിൻ എടുക്കരുത്. രോഗം ഭേദമായ ശേഷം ഡോക്ടറുടെ ഉപദേശം തേടി വാക്സിനെടുക്കാം.
സാധാരണ പനിയോ ജലദോഷമോ ഒക്കെ ഉണ്ടെങ്കിലും വാക്സിനെടുക്കാം.

കടപ്പാട്:
ഡോ. റോഷ്നി ഗംഗൻ
സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ
ആസ്റ്റർ മിംസ് കോഴിക്കോട്


Post a Comment

0 Comments