Flash News

6/recent/ticker-posts

ബുർജ് ഖലീഫയിൽ ‘കുറുപ്പ്’; സാക്ഷിയായി ദുൽഖറും കുടുംബവും (വീഡിയോ)

Views


പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ  ‘കുറുപ്പ്’. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ദുൽഖർ സൽമാനും ലൈറ്റ് അപ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നടനും കുടുംബവും ബുർജ്  ഖലീഫയിൽ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദർശനം കാണാൻ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുൽഖറിനെയും വീഡിയോയിൽ കാണാം.



പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളില്‍ ദുല്‍ഖര്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.



Post a Comment

0 Comments