Flash News

6/recent/ticker-posts

ഇബ്രാഹിം ഹാജിയുടെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ കുഞ്ഞാപ്പയുടെ കുറിമാനം

Views
✍🏻 പി.കെ കുഞ്ഞാലിക്കുട്ടി

        ആ ക്ഷണം ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്... ആ സംസാരം ഇപ്പോഴും ഹൃദയത്തില്‍ വിങ്ങലായി നില്‍ക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ കെ.എം.സി.സി പരിപാടിയില്‍ സംബന്ധിക്കാനായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. സ്വികരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരും മകന്‍ ആഷിഖുമെല്ലാമുണ്ടായിരുന്നു. മകന്റെ വാഹനത്തില്‍ കയറി പുറപ്പെടാന്‍ സമയം ഇബ്രാഹിം ഹാജി അരികില്‍ വന്നു-താങ്കള്‍ എന്റെ വാഹനത്തില്‍ കയറണം. ആ ക്ഷണം നിരസിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം അത്രമാത്രം ആഴത്തിലുള്ളതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹം പുതിയ റോള്‍സ്‌റോയ്‌സ് കാര്‍ വാങ്ങിയതാണ്. അതില്‍ ഞാനിരിക്കണമെന്ന അദ്ദേഹത്തിന്റെ സ്‌നേഹം തള്ളാതെ മകന്‍െ വാഹനത്തില്‍ നിന്നുമിറങ്ങി അദ്ദേഹത്തിന്റെ കാറില്‍ കയറി. ദുബൈയിലെ നിരത്തിലുടെ കാര്‍ ഓടുമ്പോള്‍ അദ്ദേഹം ഒരു കാര്യം ഓര്‍മ്മിപ്പിച്ചു- 1991 ല്‍ താങ്കള്‍ മന്ത്രി എന്ന നിലയില്‍ ആദ്യമായി ദുബൈയില്‍ വന്നപ്പോഴും എന്റെ കാറിലാണ് സഞ്ചരിച്ചതെന്ന്... ആ നിമിഷം ഞാനും മറന്നിരുന്നില്ല. അന്ന് എന്നെ സ്വികരിക്കാന്‍ എംബസിയില്‍ നിന്നും കാര്‍ വന്നിരുന്നു. പക്ഷേ ഇബ്രാഹിം ഹാജിയുടെ നിര്‍ബന്ധം അദ്ദേഹത്തിന്റെ കാറില്‍ സഞ്ചരിക്കണമെന്നതായിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് സ്‌നേഹം മാത്രം വിലാസമായ ആ ബന്ധം. ഒരാഴ്ച്ച മുമ്പ് നടന്ന യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങില്‍ പൂര്‍ണ സമയം അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. രാത്രി പതിനൊന്ന് മണിക്കാണ് ഞങ്ങള്‍ പിരിഞ്ഞത്. അടുത്ത ദിവസം രാവിലെ ചന്ദ്രികയുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളുണ്ടായിരുന്നു. അതിന് കാണാമെന്ന് പറഞ്ഞ് സലാം ചൊല്ലി പിരിഞ്ഞതാണ്. ഒരിക്കലും കരുതിയില്ല അത് അവസാനത്തെ സലാം ആയിരിക്കുമെന്ന്. ഒരിക്കലും കരുതിയില്ല ആ യാത്ര ഞങ്ങള്‍ തമ്മിലുള്ള അവസാന യാത്രയായിരിക്കുമെന്ന്. സ്വപ്‌നത്തില്‍ പോലും നിനച്ചില്ല ഇനി ഞങ്ങള്‍ തമ്മില്‍ സംസാരിക്കില്ലെന്ന്. മനസിന്റെ വേദന ചെറുതല്ല. തൊട്ടരികില്‍ നിന്നുമാണ് ചിരിച്ച് കൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നത്. അദ്ദേഹം ആശുപത്രിയിലായ വാര്‍ത്തയറിഞ്ഞ് ഉടന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. പിന്നിടുള്ള ദിവസങ്ങളിലും അദ്ദേഹത്തെ കാണാന്‍ പോയി. പക്ഷേ ഒരിക്കലും അദ്ദേഹം കണ്ണുകള്‍ തുറന്നില്ല. എന്നോട് സലാം പറഞ്ഞില്ല. കുശലം പറഞ്ഞില്ല. ഞങ്ങള്‍ തമ്മിലുള്ള സംസാരത്തില്‍ എപ്പോഴും ചന്ദ്രികയുണ്ടാവും. കാറിലെ ആ യാത്രയില്‍ സംസാരം മുഴുവന്‍ ചന്ദ്രികയായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ഇനി നമ്മള്‍ തമ്മില്‍ നാളെ ചന്ദ്രികയെക്കുറിച്ച് സംസാരിക്കേണ്ടതില്ലല്ലോ... ഇപ്പോള്‍ തന്നെ എല്ലാം സംസാരിച്ചല്ലോയെന്ന്.... ചന്ദ്രികയെ അഗാധമായി സ്‌നേഹിച്ചിരുന്നു ഞങ്ങളെ പോലെ അദ്ദേഹവും. മറ്റ് പത്ര സ്ഥാപനങ്ങളിലെന്ന പോലെ ചന്ദ്രികയിലും സാമ്പത്തിക പ്രയാസങ്ങള്‍ വന്നപ്പോള്‍ അതിന് പരിഹാരം കാണാന്‍ അദ്ദേഹം അവസാനം വരെ പ്രയത്‌നിച്ചിരുന്നു.
ജീവകാരുണ്യമായിട്ടല്ല. അദ്ദേഹത്തിന്റെ വിലാസം. മന്ത്രി എന്ന നിലയിലും പാര്‍ട്ടി നേതാവ് എന്ന നിലയിലും പാര്‍ലമെന്റംഗമെന്ന നിലയിലുമെല്ലാം എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ നല്ല വികസന പദ്ധതികളുണ്ടാവും. സാമുഹ്യ സാംസ്‌കാരിക മേഖലയില്‍ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങള്‍ അദ്ദേഹം കാണാതിരുന്നില്ല. ജാതി മത വിത്യാസമില്ലാതെയായിയിരുന്നു അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍. പ്രവാസികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുക മാത്രമല്ല ഭരണകൂടത്തില്‍ അവര്‍ക്കായി ശക്തമായി വാദിക്കുകയും ചെയ്തു. ഏത് കാര്യത്തിലും അല്‍പ്പം സൗജന്യം മാറ്റിവെക്കണമെന്ന് അദ്ദേഹം പറയാറുള്ളത് സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ജീവകാരുണ്യമെന്നത് ഒരു സേവനമായിട്ടില്ല അദ്ദേഹം കണ്ടത്-തന്റെ ചുമതലയായിട്ടാണ്. മുസ്‌ലിം ലീഗും കെ.എം.സി.സിയും മറ്റ് പാര്‍ട്ടി ഘടകങ്ങളും ഏത് സഹായം ചോദിച്ച് ചെന്നാലും അദ്ദേഹം അത് തള്ളാറില്ല. ശിഹാബ് തങ്ങള്‍ മാനേജിംഗ് ഡയരക്ടരായ സമയത്തും പിന്നീട് ഹൈദരലി ശിഹാബ് തങ്ങള്‍ എം.ഡിയായ വേളയിലും ചന്ദ്രികയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹമുണ്ടായിരുന്നു.
ഇപ്പോഴും മനസിലെ വേദന അകലുന്നില്ല. പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും ചന്ദ്രികയെയും ജീവനു തുല്യം സ്‌നേഹിച്ച ആ മഹാ മനീഷി എത്ര പെട്ടെന്നാണ് നമ്മളില്‍ നിന്നുമകന്നത്. ഇന്നലെ കോഴിക്കോട്ടെ മൊണ്ടാന എസ്‌റ്റേറ്റിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇരിക്കുമ്പോള്‍ മനസില്‍ വീണ്ടും ആ ദുബായ് ചിത്രങ്ങള്‍ തെളിഞ്ഞു- അദ്ദേഹത്തോടൊപ്പം നടത്തിയ ആ അവസാന യാത്ര... സ്വന്തം കാറില്‍ ഞാന്‍ നിര്‍ബന്ധമായും സഞ്ചരിക്കണമെന്ന ആ സ്‌നേഹ നിര്‍ബന്ധം. 91 ലെ ആ യാത്ര....ഒന്നും ഒരിക്കലും മറക്കുകയില്ല.


Post a Comment

0 Comments